ന്യൂഡൽഹി: നിയമസഭാ കയ്യാങ്കളി കേസുമായി ബന്ധപ്പെട്ട ഹർജികൾ പരിഗണിക്കുന്നത് സുപ്രീം കോടതി തിങ്കളാഴ്ചത്തേക്ക് മാറ്റി. കേസ് റദ്ദാക്കണം എന്ന് ആവശ്യപ്പെട്ട് വി.ശിവൻകുട്ടി ഉൾപ്പടെ ഉള്ള പ്രതികൾ നൽകിയ അപ്പീൽ കൂടി പരിഗണിക്കാൻ ആണ് തിങ്കളാഴ്ചത്തേക്ക് മാറ്റിയത്.
വി.ശിവൻകുട്ടി, കെ.ടി. ജലീല്‍, ഇ.പി. ജയരാജന്, കുഞ്ഞഹമ്മദ് മാസ്റ്റർ, സി കെ സദാശിവൻ, കെ അജിത് എന്നിവരാണ് നിയമസഭ കൈയ്യാങ്കളി കേസ് റദ്ദാക്കണം എന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം സുപ്രീം കോടതിയിൽ അപ്പീൽ ഫയൽ ചെയ്തത്. അപ്പീലിന് ഇന്ന് രാവിലെ 11 മണിക്കാണ് സുപ്രീം കോടതി രജിസ്ട്രി നമ്പർ നൽകിയത് എന്ന് ഇടത് നേതാക്കൾക്ക് വേണ്ടി ഹാജരായ സീനിയർ അഭിഭാഷകൻ ജയ്ദീപ് ഗുപ്തയും, അഭിഭാഷകൻ പി എസ് സുധീറും അറിയിച്ചു. ഇതേ തുടർന്നാണ് എല്ലാ ഹർജികളും ഒരുമിച്ച് തിങ്കളാഴ്ച്ച വാദം കേൾക്കാനായി കോടതി മാറ്റിയത്.
സംസ്ഥാന സർക്കാരിന് വേണ്ടി മുൻ സോളിസിറ്റർ ജനറൽ രൺജിത് കുമാർ, സ്റ്റാന്റിംഗ് കോൺസൽ ജി പ്രകാശ് എന്നിവരാണ് ഹാജരായത്. കേസിൽ തടസ്സ ഹർജി നൽകിയിട്ടുള്ള മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് വേണ്ടി അഭിഭാഷകൻ എം ആർ രമേശ് ബാബു ഹാജരായി. മറ്റൊരു തടസ്സ ഹർജി നൽകിയ തിരുവനന്തപുരം സ്വദേശി അജിത് കുമാറിന് വേണ്ടി സീനിയർ അഭിഭാഷകൻ മഹേഷ് ജെഠ്മലാനി ആണ് ഹാജരായത്.
ജസ്റ്റിസുമാരായ ഡി വൈ ചന്ദ്രചൂഡ്, ആർ സുബാഷ് റെഡ്ഡി, എസ് രവീന്ദ്ര ഭട്ട് എന്നിവർ അടങ്ങിയ ബെഞ്ച് ആണ് ഹർജി പരിഗണിച്ചത്.