തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ ഉള്‍പ്പെട്ടിട്ടുള്ളവര്‍ നടത്തുന്ന പ്രതികരണങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ പാര്‍ട്ടിക്ക് കഴിയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. സര്‍ക്കാര്‍ എന്ന നിലയില്‍ കുറ്റവാളികള്‍ക്കെതിരേ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്നും ആരെയും സംരക്ഷിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ മാധ്യമങ്ങളുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ഒരു ക്രിമിനല്‍ പ്രവര്‍ത്തകരെയും സര്‍ക്കാര്‍ സംരക്ഷിക്കില്ല. ആരെ എടുത്താലും അവര്‍ക്ക് രാഷ്ട്രീയ ആഭിമുഖ്യങ്ങളുണ്ടാകും. അതനുസരിച്ച് അഭിപ്രായപ്രകടനങ്ങളും അവര്‍ നടത്തുന്നുണ്ടാവും. ഏത് രാഷ്ട്രീയ നിലപാടുള്ളവരാണെങ്കിലും ചെയ്ത കുറ്റകൃത്യത്തിന്റെ അടിസ്ഥാനത്തിലുള്ള നടപടികളാണ് സര്‍ക്കാര്‍ സ്വീകരിക്കുക.
ചില കാര്യങ്ങളില്‍ സംസ്ഥാന സര്‍ക്കാരിന് ഇടപെടുന്നതിനുള്ള പരിമിതികളുണ്ട്. സംസ്ഥാനത്ത് സംഘടിത കുറ്റകൃത്യങ്ങള്‍ നടക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തിന് അന്വേഷണത്തില്‍ ഇടപെടാന്‍ കഴിയുന്ന വിധത്തില്‍ നിയമപരമായ ക്രമീകരണം കൊണ്ടുവരുന്നതിനേക്കുറിച്ച് ആലോചിക്കേണ്ട സാഹചര്യമാണിത്. ഉള്ള അധികാരം ഫലപ്രദമായി ഉപയോഗിച്ച് ഇത്തരം ശക്തികള്‍ക്കെതിരേ ശക്തമായ നടപടി സ്വീകരിക്കുന്ന സമീപനമാണ് സര്‍ക്കാര്‍ എല്ലാക്കാലത്തും സ്വീകരിച്ചിട്ടുള്ളത്.
ഒരു തെറ്റിന്റെയും കൂടെ നില്ക്കുന്ന പാര്‍ട്ടിയല്ല സിപിഎം. പാര്‍ട്ടിക്കുവേണ്ടി ത്യാഗപൂര്‍ണമായ പ്രവര്‍ത്തനം നടത്തിയവര്‍ പോലും പാര്‍ട്ടിക്ക് നിരക്കാത്ത പ്രവര്‍ത്തനം നടത്തിയാല്‍ തെറ്റിനനുസരിച്ച് നടപടിയെടുക്കുകയും ചെയ്യുന്ന പാര്‍ട്ടിയാണ് സിപിഎം. പാര്‍ട്ടിക്കുള്ളില്‍ നിന്നുകൊണ്ട് ഒരാള്‍ തെറ്റ് ചെയ്താല്‍ അത് അംഗീകരിക്കുന്ന പാര്‍ട്ടിയല്ല സിപിഎം. ഫേയ്സ്ബുക്കില്‍ പോസ്റ്റ് ഇടുന്നവരുടെ ഉത്തരവാദിത്തം പാര്‍ട്ടിക്ക് ഏറ്റെടുക്കാന്‍ കഴിയില്ല.
ഈ വിഷയത്തെ രാഷ്ട്രീയമായി വക്രീകരിക്കാനുള്ള ശ്രമം പ്രതിപക്ഷം നടത്തും. മുന്‍ പ്രതിപക്ഷ നേതാവ് എന്തൊക്കെ വിഷയങ്ങള്‍ ഉന്നയിച്ചു. എന്നിട്ട് എന്തെങ്കിലും സംഭവിച്ചോ. ഒരു സര്‍ക്കാര്‍ എന്ന നിലയ്ക്ക് വിഷയത്തില്‍ ഇടപെടുന്നതില്‍ എന്തെങ്കിലും വീഴ്ച സംഭവിച്ചിട്ടുണ്ടോ എന്നാണ് നോക്കേണ്ടത്. രാഷ്ട്രീയത്തിന്റെ ഭാഗമായി പ്രതിപക്ഷ നേതാവ് എന്തെങ്കിലും പറയുന്നുണ്ടെങ്കില്‍ അതിന് മറുപടി പറയാന്‍ ഇപ്പോള്‍ പറ്റില്ലെന്നും പിണറായി പറഞ്ഞു.
Content Highlights: CM Pinarayi Vijayan on Gold smuggling case