മൂന്നാര്‍: കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് ഇടമലക്കുടിയിലേക്കുള്ള സംരക്ഷിത വനമേഖലയില്‍ യൂട്യൂബര്‍ ചിത്രീകരണം നടത്തിയത് സംബന്ധിച്ച് അന്വേഷിക്കാന്‍ ഡി.എഫ്.ഒ. പി.ആര്.സുരേഷ് ഉത്തരവിട്ടു. മൂന്നാര്‍ റേഞ്ചര്‍ എസ്.ഹരീന്ദ്രകുമാറിനാണ് അന്വേഷണചുമതല. മാധ്യമവാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് നടപടി. സംരക്ഷിത വനമേഖലയില്‍ കടന്ന് ചിത്രീകരണം നടത്തിയതും സന്ദര്‍ശകര്‍ക്ക് നിരോധനമുള്ള ഇടമലക്കുടിയില്‍ പ്രവേശിച്ചതും മാനദണ്ഡങ്ങള്‍ ലംഘിച്ചാണോയെന്നും അന്വേഷിക്കും.
ആദിവാസികളുടെ ജീവിതരീതികളും മറ്റും വീഡിയോയില്‍ പകര്‍ത്തിയോ എന്ന കാര്യവും അന്വേഷിക്കും. എം.പി.യോടും വിവരങ്ങള്‍ തിരക്കും. കഴിഞ്ഞ ഞായറാഴ്ചയാണ് ഡീന്‍ കുര്യാക്കോസ് എം.പി.ക്കൊപ്പം സുജിത് ഭക്തന് എന്ന യൂട്യൂബര്‍ അനുമതിയില്ലാതെ ഇടമലക്കുടിയില്‍ പ്രവേശിച്ചത്. പുറത്തുനിന്നുള്ളവര്‍ക്ക് പ്രവേശനവിലക്കുള്ള ഇടമലക്കുടിയില്‍ പോകുന്നതിന് എം.പി.ക്ക് മാത്രമാണ് മൂന്നാര്‍ ഡി.എഫ്.ഒ. അനുമതി നല്‍കിയത്.
ഒരാള്‍ക്കുപോലും കോവിഡ് ബാധിക്കാത്ത ഇടമലക്കുടിയില്‍ കോവിഡ് മാനദണ്ഡം പാലിച്ച് പരമാവധി ആളെണ്ണം കുറച്ച് പോകാനായിരുന്നു അനുമതി. എന്നാല്‍ ട്രൈബല്‍ സ്കൂളില്‍ ടി.വി. നല്‍കാനെന്ന പേരില്‍ സംരക്ഷിത വനമേഖലയുടെയും ആദിവാസികളുടെയും ചിത്രങ്ങള്‍ ചിത്രീകരിച്ച് യൂട്യൂബ് ചാനല്‍ വഴി പ്രചരിപ്പിക്കുക എന്ന താത്പര്യത്തോടെയാണ് ഇയാള്‍ എം.പി.യോടൊപ്പം പോയതെന്നാണ് ആക്ഷേപം. ഇയാള്‍ ചിത്രീകരിച്ച വീഡിയോയുടെ ആദ്യഭാഗം തിങ്കളാഴ്ച പ്രസിദ്ധീകരിച്ചിരുന്നു. സംഭവം സംബന്ധിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് എ.ഐ.വൈ.എഫ്. പ്രവര്‍ത്തകര്‍ ഡിവൈ.എസ്.പി., സബ് കളക്ടര്‍ എന്നിവര്‍ക്കും പരാതി നല്കി.
വിശദീകരണവുമായി എം.പി.
വിവാദത്തില്‍ വിശദീകരണവുമായി ഡീന്‍ കുര്യാക്കോസ് എം.പി. അവരെ കൊണ്ടുപോയതിന്റെ പൂര്‍ണ ഉത്തരവാദിത്വം തനിക്കാണെന്നും തെറ്റിദ്ധാരണമൂലമാണ് വിവാദങ്ങളെന്നും അദ്ദേഹം പറഞ്ഞു. ഇടമലക്കുടിയില്‍ വിദ്യാഭ്യാസ സഹായം നല്‍കാമെന്ന് അറിയിച്ചതിനെ തുടര്‍ന്ന് താന്‍ വിളിച്ചിട്ടാണ് യൂട്യൂബറായ സുജിത്ത് ഭക്തന് എത്തിയത്.
ജനപ്രതിനിധിയെന്ന നിലയില്‍ ഒപ്പം ആരെ കൊണ്ടുപോകണമെന്ന് തനിക്ക് തീരുമാനിക്കാം. വനംവകുപ്പിന്റെ അനുമതി വേണമെന്നില്ല. കോവിഡ് പരിശോധന നടത്തി രോഗമില്ലെന്ന് ഉറപ്പുവരുത്തിയശേഷമാണ് സംഘം ഇടമലക്കുടിയിലെത്തിയത്. മാനദണ്ഡങ്ങളൊന്നും ലംഘിച്ചിട്ടുമില്ല. സ്കൂളിലെ ചടങ്ങും ഇടമലക്കുടിയിലേക്കുള്ള യാത്രയും മാത്രമാണ് ചിത്രീകരിച്ചതെന്നും എം.പി. പറഞ്ഞു.
Content Highlights: Controversial Edamalakkudy Journey Of Dean Kuriakose MP And Youtuber, Enquiry