ആർടെം ഡോവ്ബിക്കാണ് സ്വീഡന് പ്രതീക്ഷകള്‍ക്ക് വിരാമം ഇട്ടത്
UEFA EURO 2020: യുവേഫ യൂറൊ കപ്പില്‍ സ്വീഡനെ പരാജയപ്പെടുത്തി ഉക്രൈന് ക്വാര്‍ട്ടറില്‍. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് വിജയം. 120 മിനുറ്റ് നീണ്ട് നിന്ന പോരാട്ടത്തില്‍ അവസാന നിമിഷത്തിലാണ് ഉക്രൈന്റെ വിജയ ഗോള്‍ പിറന്നത്. ആർടെം ഡോവ്ബിക്കാണ് സ്വീഡന് പ്രതീക്ഷകള്‍ക്ക് വിരാമം ഇട്ടത്.
ഇരുടീമുകളും മികച്ച മുന്നേറ്റങ്ങള്‍ നടത്തിയ മത്സരത്തില്‍ ആദ്യം മുന്നിലെത്തിയത് ഉക്രൈനാണ്. 27-ാം മിനുറ്റില്‍ ഒലക്സാന്‍ഡര്‍ സിന്‍ചെങ്കോയാണ് ഗോള്‍ നേടിയത്. യാര്മൊലങ്കോയുടെ പാസില്‍ നിന്ന് അത്യുഗ്രന്‍ ഷോട്ടുമായി സിന്ചെങ്കൊ. സ്വീഡന് ഗോളി റോബിന് ഓള്‍സന്റെ കൈയ്യില്‍ തട്ടി പന്ത് വലയിലേക്ക്.
ആദ്യ പകുതി അവസാനിക്കാന്‍ നിമിഷങ്ങള്‍ മാത്രം ബാക്കി നില്കെ സ്വീഡന് ഒപ്പമെത്തി. എമില്‍ ഫോര്‍സ്ബര്‍ഗാണ് സ്കോര്‍ ചെയ്തത്. ഇസാക്കിന്റെ പാസില്‍ 25 വാര അകലെ നിന്ന് എമില്‍ തൊടുത്ത ഷോട്ട് അതിവേഗം തന്നെ വലയിലെത്തി. താരത്തിന്റെ നാലാം ഗോളാണിത്.
രണ്ടാം പകുതിയില്‍ ഗോള്‍ കണ്ടെത്താന്‍ ഇരു ടീമുകള്‍ക്കും സാധിച്ചില്ല. മത്സരം അധിക സമയത്തേക്ക്. എന്നാല്‍ ഉക്രൈന്റെ ബെസഡിനെ ഫൗണ് ചെയ്തതിന് പ്രതിരോധ താരം മാര്‍ക്കസ് ഡാനിയല്സന് ചുവപ്പുകാര്‍ഡ് കണ്ട് പുറത്തായത് സ്വീഡന് തിരിച്ചടിയായി.
മത്സരം പെനാലിറ്റിയിലേക്ക് നീങ്ങുമെന്ന് കരുതിയപ്പോഴാണ് ആര്‍ടെം രക്ഷകനായി എത്തിയത്. സിന്‍ചെങ്കോയുടെ മനോഹരമായ ക്രോസില്‍ ആര്‍ടെം തലവച്ചു. പന്ത് വലയില്‍ വീണും. ഉക്രൈന് ക്വാര്‍ട്ടറിലേക്കും. കരുത്തരായ ഇംഗ്ലണ്ടാണ് അടുത്ത റൗണ്ടില്‍ ഉക്രൈന്റെ എതിരാളികള്‍.
Also Read: UEFA EURO 2020- England Germany Score, Result: ജർമനിയെ തകർത്ത് ഇംഗ്ലണ്ട് ക്വാർട്ടറിൽ