Sumayya P | Samayam Malayalam | Updated: 30 Jun 2021, 09:21:48 AM
ഇന്ത്യ ,പാകിസ്താന്, ബംഗ്ലാദേശ്, ശ്രീലങ്ക എന്നിവിടങ്ങളില്‍ നിന്നുള്ള യാത്രക്കാരെ കൊണ്ടുവരാന്‍ ഇത്തിഹാദിന് അനുമതിയില്ലെന്ന് അധികൃതര്‍ അറിയിച്ചു
ബുക്ക് ചെയ്ത യാത്രക്കാരെ വിവരം അറിയിക്കും
കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി യുഎഇ ഭരണകൂടം പുറത്തിറക്കിയ ഏറ്റവും പുതിയ മാര്‍ഗനിര്‍ദ്ദേശങ്ങളുടെ അടിസ്ഥാനത്തിലാണ് യാത്രാ വിലക്ക് നീട്ടിയത്. പുതിയ തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ നിലവില്‍ ടിക്കറ്റ് ബുക്ക് ചെയ്തവരുമായി ബന്ധപ്പെട്ടുവരികയാണെന്നും ഇത്തിഹാദ് എയര്‍വെയ്സ് അറിയിച്ചു. ഈ നാല് രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാരെ കൊണ്ടുവരാന്‍ ഇത്തിഹാദിന് അനുമതിയില്ലെന്നും അതേസമയം, ഇവിടങ്ങളില്‍ നിന്നുള്ള യുഎഇ പൗരന്മാര്, നയതന്ത്ര പ്രതിനിധികള്‍, ഔദ്യോഗിക പ്രതിനിധി സംഘങ്ങള്‍, ഗോള്‍ഡന്‍ വിസയുള്ളവര്‍ തുടങ്ങിയവരെ വിലക്കില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ടെന്നും എയര്‍വെയ്സ് കൂട്ടിച്ചേര്‍ത്തു. ഇവര്‍ നിശ്ചിത ദിവസം ക്വാറന്റൈനില്‍ കഴിയേണ്ടിവരുമെന്നും അധികൃതര്‍ വ്യക്തമാക്കി. അതോടൊപ്പം ചരക്ക് വിമാനങ്ങള്‍ക്ക് വിലക്കില്ല.
തീരുമാനം യുഎഇ നിര്‍ദ്ദേശത്തെ തുടര്‍ന്ന്
ഇന്ത്യ ഉള്‍പ്പെടെ 14 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് ഏര്‍പ്പെടുത്തിയ യാത്രാ വിലക്ക് ജൂലൈ 21 വരെ നീട്ടിയതായി യുഎഇ ജനറല്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഇന്ത്യക്ക് പുറമേ ലൈബീരിയ, നമീബിയ, സിയേറ ലിയോണ്‍, ഡിആര്‍ കോംഗോ, ഉഗാണ്ട, സാംബിയ, വിയറ്റ്നാം, പാകിസ്താന്, ബംഗ്ലാദേശ്, നേപ്പാള്‍, ശ്രീലങ്ക, നൈജീരിയ, ദക്ഷിണ ആഫ്രിക്ക എന്നീ രാജ്യങ്ങളില്‍ നിന്നുള്ള സര്‍വീസ് ആണ് ജൂലൈ 21 അര്‍ധരാത്രി വരെ റദ്ദാക്കിയതായി യുഎഇ അറിയിച്ചത്. ഇതിന്റെ പശ്ചാത്തലത്തിലാണ് ഇത്തിഹാദിന്റെ പുതിയ അറിയിപ്പ്. കൊവിഡ് വ്യാപനം രൂക്ഷമായ പശ്ചാത്തലത്തില്‍ ഏപ്രില്‍ 24 മുതലാണ് ഇന്ത്യയില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയത്.
ജൂലൈ ഏഴ് മുതല്‍ സര്‍വീസ് തുടങ്ങാന്‍ എമിറേറ്റ്സ്
അതേസമയം, ജൂലൈ ഏഴു മുതല്‍ ഇന്ത്യയില്‍ നിന്ന് ദുബായിലേക്കുള്ള യാത്രാ സര്‍വീസുകള്‍ പുനരാരംഭിക്കാനാവുമെന്ന് പ്രതീക്ഷിക്കുന്നതായി എമിറേറ്റ്സ് എയര്‍ലൈന്‍സ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഇന്ത്യ-ദുബായ് സര്‍വീസുകള്‍ തുടങ്ങുന്നതുമായി ബന്ധപ്പെട്ട യാത്രക്കാരുടെ അന്വേഷണങ്ങള്‍ക്കുള്ള മറുപടിയായാണ് എമിറേറ്റ്സ് ഔഗ്യോഗിക ട്വിറ്റര്‍ ഹാന്റിലില്‍ ഇക്കാര്യം അറിയിച്ചത്. ദുബായിലേക്കുള്ള യാത്രാ നിബന്ധനകളുമായി ബന്ധപ്പെട്ട അവ്യക്തതകള്‍ നീങ്ങുകയാണെങ്കില്‍ ജൂലൈ ഏഴിന് തന്നെ യാത്ര പുനരാരംഭിക്കും എന്ന നിലപാടിലാണ് ദുബായ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വിമാന കമ്പനി.
ഇന്ത്യയില്‍ നിന്നുള്ള ടിക്കറ്റ് ബുക്കിംഗ് തുടങ്ങി
അധികൃതരില്‍ നിന്നുള്ള യാത്രാ പെരുമാറ്റച്ചട്ടങ്ങള്‍ക്കും അതുമായി ബന്ധപ്പെട്ട അനുമതികള്‍ക്കും തങ്ങള്‍ കാത്തിരിക്കുകയാണെന്നും അവ ലഭിക്കുന്ന മുറയ്ക്ക് ജൂലൈ ഏഴ് മുതല്‍ സര്‍വീസ് നടത്തുമെന്നും എമിറേറ്റ്സ് വ്യക്തമാക്കി. കൂടുതല്‍ വിവരങ്ങള്‍ താമസിയാതെ ലഭ്യമാക്കുമെന്നും ട്വിറ്റര്‍ സന്ദേശത്തില്‍ പറഞ്ഞു. ഇതിന്റെ അടിസ്ഥാനത്തില്‍ ഇന്ത്യയില്‍ നിന്നുള്ള ടിക്കറ്റ് ബുക്കിംഗും എമിറേറ്റ്സ് ആരംഭിച്ചിരുന്നു.
ജൂണ്‍ 23 മുതല്‍ ഇന്ത്യയില്‍ നിന്നുള്ള സര്‍വീസ് ആരംഭിക്കുമെന്നായിരുന്നു ദുബായ് ഏവിയേഷന്‍ അധികൃതര്‍ നേരത്തേ അറിയിച്ചിരുന്നത്. എന്നാല്‍ യാത്രാ നിബന്ധനയുമായി ബന്ധപ്പെട്ട അവ്യക്തത കാരണം സര്‍വീസ് പുനരാരംഭിക്കുന്നത് നീളുകയായിരുന്നു. യാത്രയ്ക്ക് നാലു മണിക്കൂര്‍ മുമ്പ് റാപ്പിഡ് പിസിആര്‍ ടെസ്റ്റ് നടത്തണമെന്ന നിബന്ധനയുടെ കാര്യത്തിലാണ് അവ്യക്തതയുള്ളത്. അതിനുള്ള സൗകര്യം വിമാനത്താവളത്തില്‍ ഇല്ലെന്നതാണ് തടസ്സം. ഇക്കാര്യത്തില്‍ തീരുമാനമായാല്‍ ദുബായിലേക്കുള്ള യാത്രയ്ക്ക് തടസ്സമുണ്ടാവില്ലെന്നാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്.
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : etihad announced india abu dhabi flight suspension extended till july 21
Malayalam News from malayalam.samayam.com, TIL Network