1988 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനാണ്
നിലവില്‍ റോഡ് സുരക്ഷാ കമ്മീഷണറായിരുന്നു
തിരുവനന്തപുരം: അനില്‍കാന്ത് സംസ്ഥാനത്തിന്റെ പുതിയ പോലീസ് മേധാവി. ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് അനില്‍കാന്തിനെ ഡിജിപിയാക്കാന്‍ തീരുമാനിച്ചത്.
ഡല്‍ഹി സ്വദേശിയായ അനില്‍കാന്ത് 1988 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനാണ്. നിലവില്‍ റോഡ് സുരക്ഷാ കമ്മീഷണറായിരുന്നു.
ദളിത് വിഭാഗത്തില്‍ നിന്ന് സംസ്ഥാന പോലീസ് മേധാവിയാകുന്ന ആദ്യ ഉദ്യോഗസ്ഥനാണ് അനില്‍കാന്ത്. എഡിജിപി കസേരിയില്‍ നിന്ന് നേരിട്ട് ഡിജിപിയാകുന്ന ഉദ്യോഗസ്ഥനെന്ന പ്രത്യേകതയും മികച്ച ട്രാക്ക് റെക്കോര്‍ഡുള്ള അനില്‍ കാന്തിനുണ്ട്.
ഡിജിപി സ്ഥാനത്തേക്ക് അനില്‍ കാന്ത്, ബി സന്ധ്യ, സുദേഷ് കുമാര്‍ എന്നീ മൂന്ന് പേരടങ്ങിയ ചുരുക്കപ്പട്ടികയാണ് യുപിഎസ്സി സംസ്ഥാന സര്‍ക്കാരിന് നല്‍കിയിരുന്നത്. ഇതില്‍ നിന്നാണിപ്പോള്‍ അനില്‍ കാന്തിനെ സംസ്ഥാന സര്‍ക്കാര്‍ തിരഞ്ഞെടുത്തത്. വൈകീട്ട് പോലീസ് ആസ്ഥാനത്തെത്തുന്ന അനില്‍ കാന്ത് സ്ഥാനം ഒഴിയുന്ന ലോക്നാഥ് ബെഹ്റയില്‍ നിന്ന് ചുമതല ഏറ്റെടുക്കും.
ഏഴ് മാസത്തെ സര്‍വീസാണ് അനില്‍ കാന്തിന് അവശേഷിക്കുന്നത്. സുപ്രീംകോടതി ഉത്തരവ് അനുസരിച്ച് ഡിജിപിമാര്‍ക്ക് രണ്ട് വര്‍ഷം കാലാവധി നല്‍കണം. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ കൂടുതല്‍ നിയമോപദേശങ്ങള്‍ തേടിയേക്കും
കേരളാ കേഡറില്‍ എ.എസ്.പി ആയി വയനാട് സര്‍വ്വീസ് ആരംഭിച്ച അദ്ദേഹം തിരുവനന്തപുരം റൂറല്‍, റെയില്‍വേ എന്നിവിടങ്ങളില്‍ എസ്.പി ആയി പ്രവര്‍ത്തിച്ചു. തുടര്‍ന്ന് ഡല്‍ഹി, ഷില്ലോംങ് എന്നിവിടങ്ങളില്‍ ഇന്റലിജന്‍സ് ബ്യൂറോയില്‍ അസിസ്റ്റന്റ് ഡയറക്ടര്‍ ആയി. മടങ്ങി എത്തിയ ശേഷം കൊച്ചി സിറ്റി പോലീസ് കമ്മീഷണറായും മലപ്പുറം, എറണാകുളം ക്രൈംബ്രാഞ്ച് എന്നിവിടങ്ങളില്‍ എസ്.പി ആയും പ്രവര്‍ത്തിച്ചു. സ്പെഷ്യല്‍ ബ്രാഞ്ച്, തിരുവനന്തപുരം റേഞ്ച് എന്നിവിടങ്ങളില്‍ ഡി.ഐ.ജി ആയും സ്പെഷ്യല്‍ ബ്രാഞ്ച്, സ്റ്റേറ്റ് ക്രൈംബ്രാഞ്ച് എന്നിവിടങ്ങളില്‍ ഐ.ജി ആയും ജോലി നോക്കി. ഇടക്കാലത്ത് അഡിഷണല്‍ എക്സൈസ് കമ്മീഷണര്‍ ആയിരുന്നു.
എ.ഡി.ജി.പി ആയി സ്ഥാനക്കയറ്റം ലഭിച്ച ശേഷം കേരള പോലീസ് ഹൗസിംഗ് കണ്‍സ്ട്രക്ഷന്‍ കോര്പ്പറേഷന് ചെയര്മാന് ആന്റ് മാനേജിംഗ് ഡയറക്ടര്‍ ആയിരുന്നു. സ്റ്റേറ്റ് ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോ എ.ഡി.ജി.പി ആയും പ്രവര്‍ത്തിച്ചു. ഫയര്‍ഫോഴ്സ് ഡയറക്ടര്‍ ജനറല്‍, ബറ്റാലിയന്, പോലീസ് ആസ്ഥാനം, സൗത്ത്സോണ്‍, ക്രൈംബ്രാഞ്ച് എന്നിവിടങ്ങളില്‍ എ.ഡി.ജി.പി ആയും ജോലി നോക്കി. ജയില്‍ മേധാവി, വിജിലന്‍സ് ആന്റ് ആന്റി കറപ്ഷന്‍ ബ്യൂറോ തലവന്‍, ഗതാഗത കമ്മീഷണര്‍ എന്നീ തസ്തികകളും വഹിച്ചിട്ടുണ്ട്.
വിശിഷ്ട സേവനത്തിനും സ്തുത്യര്‍ഹ സേവനത്തിനുമുളള രാഷ്ട്രപതിയുടെ പോലീസ് മെഡല്‍ ലഭിച്ചിട്ടുണ്ട്. പൊളിറ്റിക്കല്‍ സയന്‍സില്‍ ബിരുദാനന്തര ബിരുദധാരിയാണ്. പരേതനായ റുമാല്‍ സിംഗ് അച്ഛനും ശകുന്തള ഹാരിറ്റ് അമ്മയുമാണ്. ഭാര്യ: പ്രീത ഹാരിറ്റ്, മകന്: റോഹന്‍ ഹാരിറ്റ്.
content highlights: anil kanth selected as state police chief