കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ സൂപ്രണ്ട് കൊടി സുനിയാണ്
സ്വപ്ന പറയുമ്പോള്‍ കോണ്‍സല്‍ ജനറലിനെ എവിടെ പോയും കാണാന്‍ മുഖ്യമന്ത്രി തയ്യാറായി
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിനെതിരേ രൂക്ഷ വിമര്‍ശനവുമായി കെപിസിസി പ്രസിഡന്റ് കെ സുധാകരന്. ക്വട്ടേഷന്‍ സംഘങ്ങളില്‍ ഉള്‍പ്പെട്ടവരെ പാര്‍ട്ടിയില്‍ പുറത്താക്കിയെന്ന് പറയുന്നത് സിപിഎമ്മിന്റെ നാടകമാണ്. കൊടി സുനിയും കിര്‍മാണി മനോജുമെല്ലാം ഇപ്പോഴും പാര്‍ട്ടിയിലുണ്ട്. നാടകമെന്നും ജനം വിശ്വസിക്കില്ലെന്നും സിപിഎം ജനങ്ങളുടെ കണ്ണില്‍ പൊടിയിടുകയാണെന്നും സുധാകരന് ആരോപിച്ചു.
കൊടി സുനിക്കും കിര്‍മാണി മനോജിനെതിരേ നടപടിയെടുക്കാന്‍ മുഖ്യമന്ത്രിയെ വെല്ലുവിളിക്കുന്നു. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ സൂപ്രണ്ട് കൊടി സുനിയാണ്. ജയിലിനുള്ളില്‍ കാര്യങ്ങളെല്ലാം തീരുമാനിക്കുന്നത് ഇവരുടെ സംഘമാണ്. ആരുടെ തണലിലാണ് കൊടി സുനിക്കെല്ലാം ജയിലിനുള്ളില്‍ ഇത്രയധികം സൗകര്യങ്ങള്‍ ലഭിക്കുന്നതെന്നും സുധാകരന് ചോദിച്ചു. ഇവരുടെയെല്ലാം കൈയില്‍ സിപിഎമ്മിന്റെ ദുഷിച്ചുനാറുന്ന നിരവധി രഹസ്യങ്ങളുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
പിണറായി വിജയനും, കോടിയേരി ബാലകൃഷ്ണനും ഇപി ജയരാജനുമാണ് ഇവരുടെയെല്ലാം റോള്‍ മോഡല്‍. എങ്ങനെ പണമുണ്ടാക്കണമെന്ന് ഇവരാണ് ഗുണ്ടാസംഘങ്ങള്‍ക്ക് കാണിച്ചുകൊടുക്കുന്നത്. പാര്‍ട്ടിക്കെതിരേ പ്രതികരിക്കേണ്ടി വരുമെന്ന് വെല്ലുവിളിച്ച ആകാശ് തില്ലങ്കേരിക്ക് മറുപടി പറയാന്‍ സിപിഎമ്മിന് ധൈര്യമില്ലെന്നും സുധാകരന് പറഞ്ഞു.
സ്വര്‍ണക്കടത്തില്‍ മുഖ്യമന്ത്രിയുടെ പങ്കിനെക്കുറിച്ച് കസ്റ്റംസ് നോട്ടീസില്‍ കൃത്യമായി പറഞ്ഞിട്ടുണ്ട്. പ്രോട്ടോക്കോള്‍ വകുപ്പിനെ മറികടന്ന് മുഖ്യമന്ത്രിയുടെ വീട്ടില്‍ ഉള്‍പ്പെടെ മുഖ്യമന്ത്രി യുഎഇ കോണ്‍സല്‍ ജനറലുമായും സ്വപ്നയുമായും നിരവധി തവണ കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്. സ്വപ്ന പറയുമ്പോള്‍ കോണ്‍സല്‍ ജനറലിനെ എവിടെ പോയും കാണാന്‍ മുഖ്യമന്ത്രി തയ്യാറായി. വിയറ്റ്നാമില്‍ കള്ളക്കടത്ത് നടത്തിയതിന് സ്ഥലംമാറ്റിയ കോണ്‍സല്‍ ജനറിലിനെ എന്തിനാണ് കണ്ടതെന്ന് മുഖ്യമന്ത്രി ജനങ്ങളോട് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കോവിഡ് സാഹചര്യത്തില്‍ സംസ്ഥാനത്തെ പരീക്ഷകള്‍ നിര്‍ത്തിവെക്കണമെന്നും സുധാകരന് ആവശ്യപ്പെട്ടു. രക്ഷിതാക്കളുടെയും കുട്ടികളുടെയും ആശങ്ക സര്‍ക്കാര്‍ മനസിലാക്കണമെന്നും സുധാകരന് പറഞ്ഞു.
കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ധനസഹായം നല്‍കണമെന്ന സുപ്രീംകോടതി വിധി സ്വാഗതം ചെയ്യുന്നു. സംസ്ഥാനത്തെ കോവിഡ് മരണങ്ങള് സര്‍ക്കാര്‍ പുനപരിശോധിക്കണം. കേരളത്തില്‍ കോവിഡ് മൂലം മരിച്ച ആയിരക്കണക്കിന് ആളുകളുടെ വിവരങ്ങള്‍ പട്ടികയില്‍ ഉള്‍പ്പെടുത്തിയില്ല. കോവിഡ് ബാധിച്ച മരിച്ച എല്ലാവരുടെയും വിവരങ്ങള്‍ സര്‍ക്കാര്‍ പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്നും സുധാകരന് ആവശ്യപ്പെട്ടു.
content highlights; K Sudhakaran allegation against CM Pinarayi Vijayan