കൊച്ചി: കരിപ്പൂര്‍ സ്വര്‍ണക്കടത്തുകേസില്‍ ഡി.വൈ.എഫ്.ഐ. ചെമ്പിലോട് മുന്‍ മേഖലാ സെക്രട്ടറി സി. സജേഷ് ചോദ്യം ചെയ്യലിന് ഹാജരായി. കൊച്ചിയിലെ കസ്റ്റംസ് ഓഫീസില്‍ രാവിലെ പതിനൊന്ന് മണിക്ക് ഹാജരാവാനാണ് സജേഷിനോട് നിര്‍ദേശിച്ചിരുന്നതെങ്കിലും മാധ്യമങ്ങളുടെ ശ്രദ്ധയില്പ്പെടാതാരിക്കാനായി രാവിലെ ഒമ്പത് മണിയോടെ സജേഷ് തന്നെ കൊച്ചിയിലെ കസ്റ്റംസ് ഓഫീസിലെത്തിയത്.
സജേഷിന് ചോദ്യംചെയ്യലിന് ഹാജരാകാന്‍ കസ്റ്റംസ് നോട്ടീസ് നല്‍കിയിരുന്നു. അറസ്റ്റിലായ അര്ജുന് ആയങ്കിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണിത്. അര്ജുന് ആയങ്കിയുടെ ബിനാമിയാണ് ഇയാളെന്നാണ് കസ്റ്റംസ് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലുള്ളത്
കരിപ്പൂര്‍ വിമാനത്താവളത്തില്‍ അര്ജുന് പോയത് സജേഷിന്റെ ഉടമസ്ഥതയിലുള്ള കാറിലാണെന്ന് അന്വേഷണത്തില്‍ തെളിഞ്ഞിരുന്നു. ഈ കാര്‍ ഉപേക്ഷിച്ചനിലയില്‍ പിന്നീട് പരിയാരത്തുനിന്ന് കണ്ടെടുത്തു. സജേഷിന്റെ പേരിലാണ് കാറെന്ന് തിരിച്ചറിഞ്ഞതിനെത്തുടര്‍ന്ന് സി.പി.എം. മൊയ്യാരം ബ്രാഞ്ച് അംഗമായിരുന്ന ഇയാളെ പാര്‍ട്ടിയില്‍നിന്ന് കഴിഞ്ഞദിവസം പുറത്താക്കിയിരുന്നു.
സി.പി.എം. നിയന്ത്രണത്തിലുള്ള കോയ്യോട് സഹകരണബാങ്കിലെ അപ്രൈസറാണ് സജേഷ്. കടത്തിക്കൊണ്ടുവന്ന സ്വര്‍ണം ബാങ്കുകളിലെ ലോക്കറുകളില്‍ സൂക്ഷിച്ചോയെന്നും സംശയമുണ്ട്.