വിംബിള്‍ഡണില്‍ രണ്ടാമത്തെ തവണയാണ് സെറീന ആദ്യ റൗണ്ടില്‍ പുറത്താകുന്നത്
ലണ്ടണ്‍: ഇത്തവണ വിംബിള്‍ഡണില്‍ ഇറങ്ങുമ്പോള്‍ ടെന്നിസ് കോര്‍ട്ടിലെ ഇതിഹാസങ്ങളില്‍ ഒരാളായ സെറീന വില്യംസിന് ലക്ഷ്യങ്ങള്‍ ഏറെയായിരുന്നു. എട്ടാം വിംബിള്‍ഡണ്‍ കിരീടവും, 24 ഗ്രാന്‍ഡ് സ്ലാം കിരീടങ്ങള്‍ എന്ന മാര്‍ഗരറ്റ് കോര്‍ട്സിന്റെ റെക്കോര്‍ഡിന് ഒപ്പമെത്താനുള്ള അവസരവും.
എന്നാല്‍ ആദ്യ റൗണ്ടില്‍ തന്നെ പരുക്കെന്ന വില്ലന്‍ സെറീനക്ക് തിരിച്ചടി നല്കി. ഫോര്‍ഹാന്‍ഡ് ഷോട്ട് എടുക്കുന്നതിനിടെ പരുക്കേറ്റ സെറീന കോര്‍ട്ടില്‍ വീണു. തുടര്‍ന്ന് മത്സരത്തില്‍ നിന്ന് താരത്തിന് പിന്മാറേണ്ടി വന്നു.
ബലാറസ് താരം അലിയാക്സാന്ഡ്ര സസ്നോവിച്ചിനെതിരെ 3-3 എന്ന സ്കോറില്‍ ഒപ്പമെത്തി നില്ക്കവയാണ് സെറീനയ്ക്ക് പരുക്ക് പറ്റിയത്. കണ്ണീരണിഞ്ഞാണ് ഇതിഹാസം കളം വിട്ടത്. ഇതോടെ സസ്നോവിച്ച് വാക്ക് ഓവര്‍ ലഭിച്ച് അടുത്ത റൗണ്ടിലേക്ക് പ്രവേശിച്ചു.
സെറീനയ്ക്ക് കാണികള്‍ വലിയ പിന്തുണയാണ് നല്‍കിയത്. തന്റെ റാക്കറ്റ് ഉയര്‍ത്തി കാണികളെ അഭിവാദ്യം ചെയ്യാനും സെറീന മടിച്ചില്ല. സസ്നോവിച്ചിന് കൈ കൊടുത്ത് സെറീന മടങ്ങി. വിംബിള്‍ഡണില്‍ രണ്ടാമത്തെ തവണയാണ് സെറീന ആദ്യ റൗണ്ടില്‍ പുറത്താകുന്നത്.
Also Read: UEFA EURO 2020: അവസാന നിമിഷത്തിൽ സ്വീഡനെ തകർത്ത് ഉക്രൈൻ