ക്വാലാലമ്പൂർ> മലേഷ്യയിൽ മനുഷ്യക്കടത്തുകാരുടെ കൈയിൽ അകപ്പെട്ട മൂന്നു മലയാളി യുവാക്കളെ നവോദയ ഇടപെട്ട് നാട്ടിലെത്തിച്ചു. മുഹമ്മദ് അസ്ലം, പ്രണൂബ്, നിതിൻ ദാമു എന്നിവരെയാണ് രക്ഷിച്ചത്. നിരവധിപേർ ഇത്തരത്തിൽ കുടങ്ങിയിട്ടുണ്ടെന്നും വിഷയത്തിൽ സർക്കാരും നോർക്കയും ഇടപെടണമെന്നും നവോദയ ആവശ്യപ്പെട്ടു.
മനുഷ്യക്കടത്ത് ഏജന്റുമാരുടെ വലയിൽ അകപ്പെട്ട യുവാക്കൾക്ക് നഷ്ടപ്പെട്ടത് ലക്ഷങ്ങളാണ്. കാസർഗോഡുള്ള രണ്ട് യുവ ഏജന്റുമാരാണ് ചതിക്ക് പിന്നിൽ . കപ്പൽ ജോലിക്കായി 2.5 ലക്ഷം മുതൽ 4.5 ലക്ഷം രൂപവരെ ഫീസ് നൽകിയാണ് മലേഷ്യയിലെത്തിയത്. വലിയ തുക ശമ്പളവും, താമസവും, ഭക്ഷണവുമെല്ലാം വാഗ്ദാനം ചെയ്താണ് കൊണടുപോയത്. അക്കൗണ്ടിലേക്ക് ഗൂഗിൾ പേ വഴി പണം നൽകി ക്കഴിഞ്ഞാൽ വിസിറ്റിംഗ് വിസ നൽകി ഉദ്യോഗാർത്ഥികളെ കബളിപ്പിക്കുന്നതാണ് രീതി. മലേഷ്യയിലെത്തുമ്പോഴാണ് ചതിക്കപ്പെട്ടത് അറിയുന്നത്.
വിസയെ കുറിച്ചുള്ള അന്വേഷണത്തിന്റെ പഴുതടക്കാൻ യാത്ര പുറപ്പെടുന്ന ദിവസമേ ടിക്കറ്റും വിസയും നൽകുവെന്നതിനാൽ ഉദ്യോഗാർത്ഥികളെ തന്ത്രപൂർവ്വമാണ് കെണിയിലാക്കുന്നത്. മലേഷ്യയിലെത്തിയാൽ ഒറിജിനൽ പാസ്പോർട്ട് കൂടി ഇവരുടെ കയ്യിൽ അകപ്പെടുന്നത്തോടെ നരകയാതനയും തുടങ്ങും. പുറംപോക്കിലെ ഉപേക്ഷിക്കപ്പെട്ട കണ്ടെയിനറുകളിലും ഇടുങ്ങിയ ചായ്പ്പുകളിലുമാണ് പലരും അന്തിയുറങ്ങുന്നത്.
നിലവിൽ വിസിറ്റിംഗ് വിസയിൽ മലേഷ്യയിലെത്തിയാൽ അത് ജോബ് വിസയാക്കി മാറ്റുവാനുള്ള സാധിക്കില്ല. മലേഷ്യയുടെ ഉൾഭാഗങ്ങളിലാണ് ഇത്തരത്തിൽ ചതിക്കപ്പെട്ട് എത്തുന്നവരെ കൊണ്ടുപോയിരുന്നത്. മലേഷ്യയിലെ നവോദയ സാംസ്കാരിക വേദിയുടെ ഹെൽപ് വിങ്ങിലേക്ക് വന്ന ഒരു ഫോൺ കാൾ ആണ് ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ കണ്ടെത്താൻ സഹായമായത്. നവോദയ പ്രതിനിധികൾ പോലിസ് ഇടപെടലോടെ ഏജന്റ്റിൽ നിന്നും പാസ്സ്പോർട്ട് തിരിച്ചു പിടിക്കുകയും മറ്റു യാത്രാരേഖകൾ ശരിയാക്കി യുവാക്കളെ ക്വാലാലമ്പൂരിൽ എത്തിക്കുകയുമായിരുന്നു.
നവോദയ മലേഷ്യയുടെ ഷെൽട്ടറിൽ താമസിപ്പിച്ച ശേഷം മൂന്ന് പേരേയും ജൂൺ 30ന് കൊച്ചിയിലെത്തിച്ചു. സർക്കാർ ഇടപെട്ട് മറ്റുള്ളവരെകൂടി നാട്ടിലെത്തിക്കാനുള്ള സംവിധാനമുണ്ടാക്കണമെന്ന് നവോദയ ഹെൽപ് ലൈൻ പ്രതിനിധികൾ ആവശ്യപ്പെട്ടു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള് വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..