കൊല്ലം: ടേബിള്‍ ടോപ്പ് റണ്‍വേയിലെ വിമാന ദുരന്തങ്ങള്‍ ഒഴിവാക്കാന്‍ എഞ്ചിനിയറിങ് ടീമിന്റെ പദ്ധതിക്ക് പേറ്റന്റ് ലഭിച്ചു. തിരുവനന്തപുരം വെള്ളനാട് സാരാഭായ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ആന്‍ഡ് ടെക്നോളജി ഡയറക്ടര്‍ ഡോ.കൈമളിന്റെ നേതൃത്വത്തില്‍ നാല് എയറോനോട്ടിക്കല്‍ വിദ്യാര്‍ഥികള്‍ മുന്നോട്ട് വെച്ച ഒരു പ്രവര്‍ത്തന മാതൃകയാണിത്. വിവിധ വിമാനകമ്പനികളിലെ പൈലറ്റുമാരും എയര്‍ ട്രാഫിക് കണ്‍ട്രോളര്‍മാരും അടങ്ങിയ വേദികളില്‍ അവതരിപ്പിച്ച് അഭിനന്ദനങ്ങള്‍ ലഭിച്ചതോടെയാണിവര് പേറ്റന്റ് ലഭിക്കാന്‍ അപേക്ഷ സമര്‍പ്പിച്ചിരുന്നത്.
കീര്‍ത്തി, രാജേഷ്, അജിഷ, മഹേഷ് എന്നിവരാണ് ഡോ.കൈമളിനൊപ്പം പ്രവര്‍ത്തിച്ചത്. പൈലറ്റിന്റെ അശ്രദ്ധ, പരിചയക്കുറവ്, യന്ത്രത്തകരാര്‍, കാലാവസ്ഥാവ്യതിയാനം, പ്രകാശത്തിന്റെ കുറവ് എന്നിവയാണ് പല വിമാന അപകടങ്ങള്‍ക്കും കാരണമാവുന്നത്. വിമാനത്തിന്റെ ഓണ്‍ബോര്‍ഡ് കമ്പ്യൂട്ടറില്‍ യാത്രയ്ക്കുള്ള വഴിയും ലാന്‍ഡിംഗും കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ട്. അത് മാറിയാല്‍ ഗ്ലോബല്‍ പൊസിഷനിങ് സിസ്റ്റം ഉപയോഗിച്ച് കണ്ടുപിടിക്കുകയും, കൃത്യമായി പോകുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്യും. എന്നാല്‍ ടേബിള്‍ ടോപ് വിമാനത്താവളങ്ങളില്‍ ലാന്‍ഡിങ് പോയിന്റ് മാറുന്നതാണ് അപകടത്തിന് ഇടയാക്കുന്നത്.
വിമാനം ഇറങ്ങുന്ന വേഗതയും നല്കാനാവുന്ന വേഗനിയന്ത്രണവും ഉപയോഗിച്ച് അത് എവിടെ നില്ക്കും എന്ന് കൃത്യമായി കണ്ടുപിടിക്കാം. ഈ ദൂരം ആവശ്യത്തിന് കുറവാണെങ്കില്‍ അപകടം തീര്‍ച്ച. ഇവിടെയാണ് ഈ പ്രോജക്ടിന് പ്രാധാന്യം. ഇത്തരം വിമാനത്താ വളങ്ങളില്‍ വലിയ എയര്‍ക്രാഫ്റ്റുകള്‍ ഇറങ്ങുമ്പോള്‍ കൃത്യമായും ഗ്രൗണ്ട് ടെച്ച് ലൈനിലോ അതിനു മുന്നിലോ ഇറങ്ങണം. അവിടെത്തന്നെ ഇറങ്ങി എന്ന് ഉറപ്പ് വരുത്താന്‍ ആ ലൈന്‍ മുതല്‍ കുറച്ച് മുന്‍വശം വരെ ലേസര്‍ ബീം ലൈറ്റുകള്‍ വയ്ക്കും. അവിടെ വിമാനം തൊട്ടാല്‍ ആ വിവരം ലഭിക്കുന്നു. അവിടെ അല്ല തൊട്ടതെങ്കില്‍ തുടര്‍ച്ചയായിട്ട് ലേസര്‍ ബീം ലൈറ്റ് പൈലറ്റിന് കാണാന്‍ കഴിയുന്നു. അതില്‍ നിന്നും മനസ്സിലാക്കേണ്ടത് ബാക്കിയുള്ള റണ്‍വേ മതിയാകുകയില്ല വേഗം നിയന്ത്രിച്ച് നിര്‍ത്താന്‍ എന്നാണ്.
അങ്ങനെ വരുമ്പോള്‍ കഠിനമായ ബ്രേക്ക് കൊടുക്കുകയും എയര്‍ക്രാഫ്റ്റ് തെന്നി മാറുകയും ചെയ്യാന്‍ സാധ്യതയുണ്ട്. ഫസ്റ്റ് ലൈന്‍ തൊട്ടില്ലെങ്കില്‍ ഉടനെ ആ വിവരം കോക്പിറ്റില്‍ അറിയുകയും, ഉടനെ പൊങ്ങി പറക്കാന്‍ ആയിട്ട് പൈലറ്റിന് ഓട്ടോമാറ്റിക്കായി അനൗണ്‍സ്മെന്റ് കിട്ടുകയും ചെയ്യുന്നു. വളരെ സ്പീഡില്‍ വന്നതിനാല്‍ ബാക്കി റണ്‍വേ കൊണ്ട് ഉയര്‍ന്ന് പറക്കാന്‍ സാധിക്കും. ഇതാണ് ഇവര്‍ പരീക്ഷിച്ച് വിജയിപ്പിച്ചത്. ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്കല്‍സ് ലിമിറ്റഡിലും, പൈലറ്റുമാരുടെ മുമ്പാകെയും ഇതവതരിപ്പിച്ചപ്പോഴാണ് അഭിനന്ദനങ്ങള്‍ ലഭിച്ചത്.
പഠനത്തിന്റെ രണ്ടാമത്തെ ഭാഗം കുറച്ചുകൂടി ഉയര്‍ന്ന തലത്തിലാണ്. അപകടം മുന്നില്‍ കാണുന്ന സമയങ്ങളില്‍ ഭയവും ഉദ്വേഗവും കൊണ്ടുണ്ടാകുന്ന ലക്ഷക്കണക്കിന് ന്യൂറോണുകള്‍ ബ്രെയിന്‍ ജെല്ലി സെന്‍സര്‍ വെച്ച് പിക്കപ്പ് ചെയ്ത് അതിനെ ഇലക്ട്രോമാഗ്നെറ്റിക്കലി ആംപ്ലിഫൈ ചെയ്ത് ഓട്ടോ പൈലറ്റിങ്ങിലേക്ക് വിമാനത്തെ മാറ്റുന്ന രീതിയാണത്. സമയപരിമിതി മൂലം ഈ ഭാഗം തത്കാലം നിര്‍ത്തിയിരിക്കുകയാണ്. ഇത് ഡെവലപ് ചെയ്താല്‍ ടേബിള്‍ടോപ് ലാന്റിങ് ദുരന്തം പൂര്‍ണമായും ഒഴിവാക്കാനാവുമെന്നും ഇവര്‍ പ്രതീക്ഷിക്കുന്നു.
ഈ ഒന്നാം ഘട്ടത്തിന് അഭിനന്ദനങ്ങള്‍ ലഭിച്ച വിദ്യാര്‍ഥികള്‍ക്ക് പ്ലേസ്മെന്റും ലഭിച്ചു. ഇതില്‍ ഔട്ട്സ്റ്റാന്‍ഡിങ് ആയി വര്‍ക്ക് ചെയ്യുകയും പ്രബന്ധാവതരണം നടത്തുകയും ചെയ്ത കീര്‍ത്തി കെ.ആര്. ഫ്രഞ്ച് കമ്പനിയായ എയര്‍ ബസ് ഗ്രൂപ്പിലാണിപ്പോള്.
പ്രോജക്റ്റിന് മേല്‍നോട്ടം വഹിച്ച ഡോക്ടര്‍ കെ ആര് കൈമള്‍ ഐ.എസ്.ആര്.ഓ തുമ്പ റോക്കറ്റ് ലോഞ്ചിങ് സ്റ്റേഷന് റേഞ്ച് ഓപ്പറേഷന് ഡയറക്ടര്‍ ആന്‍ഡ് സീനിയര്‍ സയന്റിസ്റ്റായി വിരമിച്ചതാണ്. 2000ത്തില്‍ കണ്ടുപിടിത്തത്തിനുള്ള ഇന്വെന്ഷന് അവാര്‍ഡ് നേടിയിട്ടുണ്ട്. ഇപ്പോള്‍ അഞ്ചു പേറ്റന്റിന്റെ ഉടമയുമാണ്.