Sumayya P | Samayam Malayalam | Updated: 30 Jun 2021, 04:33:58 PM
2020ന്റെ അവസാന പാദത്തില്‍ സ്വകാര്യ മേഖലയിലെ സൗദി ജീവനക്കാരുടെ നിരക്ക് 20.37 ശതമാനമായിരുന്നത് 2021 ആദ്യ പാദമായതോടെ 22.75 ശതമാനമായി ഉയര്‍ന്നു.
സ്വകാര്യ മേഖലയില്‍ 1.21 ലക്ഷം സൗദികള്‍
നിലവില്‍ 1.21 ലക്ഷം സൗദികള്‍ സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്നുണ്ടെന്ന് ഹ്യൂമണ്‍ റിസോഴ്സസ് ഡെവലപ്മെന്റ് ഫണ്ടിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. 2020ന്റെ അവസാന പാദത്തില്‍ സ്വകാര്യ മേഖലയിലെ സൗദി ജീവനക്കാരുടെ നിരക്ക് 20.37 ശതമാനമായിരുന്നത് 2021 ആദ്യ പാദമായതോടെ 22.75 ശതമാനമായി ഉയര്‍ന്നു. ഇത്രവലിയ വര്‍ധന ഇതാദ്യമാണെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. പുതുതലമുറയിലെ അഭ്യസ്ത വിദ്യരായ യുവാക്കള്‍ക്ക് തൊഴില്‍ കണ്ടെത്തുന്നതിന്റെ ഭാഗമായി ആകര്‍ഷകമായ എല്ലാ തൊഴില്‍ മേഖലകളില്‍ സ്വദേശിവല്‍ക്കരണം നടപ്പിലാക്കുകയാണ് സൗദി ഭരണകൂടം.
ധനകാര്യ, ഇന്‍ഷൂറന്‍സ് മേഖലകളില്‍ 83% സൗദികള്‍
ധനകാര്യ- ഇന്‍ഷൂറന്‍സ് മേഖലകളിലാണ് ഏറ്റവും കൂടുതല്‍ സൗദിവല്‍ക്കരണം നടന്നിരിക്കുന്നത്- 83.1 ശതമാനം. നിര്‍മാണം, വ്യാപാരം, വാഹന റിപ്പയറിംഗ് തുടങ്ങിയ മേഖലകളില്‍ 42.42 ശതമാനമാണ് സൗദി ജീവനക്കാരുടെ നിരക്ക്. സ്വകാര്യ മേഖലയിലെ സൗദികളുടെ ശരാശരി മാസ ശമ്പളം 5,957 റിയാലാണ്. പുരുഷന്മാര്ക്കാണ് താരതമ്യേന ശമ്പളം കൂടുതല്‍. പുരുഷന്മാര്ക്ക് 6,767 റിയാലും സ്ത്രീകള്‍ക്ക് 4,591 റിയാലുമാണ് നിലവില്‍ ശരാശരി ലഭിക്കുന്നത്. രാജ്യത്ത് സ്വകാര്യ മേഖലാ സ്ഥാപനങ്ങളുടെ എണ്ണത്തില്‍ 2021 ആദ്യ പാദത്തില്‍ 2.9ന്റെ വര്‍ധനവുണ്ടായി. നിലവില്‍ 184,648 സ്വകാര്യ മേഖലാ സ്ഥാപനങ്ങള്‍ സൗദിയില്‍ ഉണ്ടെന്നാണ് കണക്ക്,
ഐടി മേഖലകളില്‍ 25% ജോലികള്‍ സൗദികള്‍ക്ക്
ഐടി, കമ്മ്യൂണിക്കേഷന്‍ മേഖലകളിലെ 25 ശതമാനം ജോലികള്‍ സൗദികള്‍ക്ക് മാത്രമായി സംവരണം ചെയ്യാനുള്ള തീരുമാനം കഴിഞ്ഞയാഴ്ച നിലവില്‍ വന്നതായി മനുഷ്യവിഭവ സാമൂഹിക വികസന മന്ത്രാലയം അറിയിച്ചിരുന്നു. കമ്മ്യൂണിക്കേഷന്‍, ഐടി എഞ്ചിനീയറിംഗിനു പുറമെ, ആപ്ലിക്കേഷന്‍ ഡെവലപ്മെന്റ്, പ്രോഗ്രാമിംഗ് ആന്റ് അനാലിസിസ്, ടെക്നിക്കല്‍ സപ്പോര്‍ട്ട് എന്നീ മേഖലകളിലാണ് പുതിയ സൗദിവല്‍ക്കരണം ആരംഭിച്ചത്. പുതിയ വ്യവസ്ഥ പ്രകാരം ഈ മേഖലകളില്‍ അഞ്ചോ അതില്‍ കൂടുതലോ ജീവനക്കാരുള്ള സ്ഥാപനങ്ങളില്‍ നാലിലൊന്നു പേര് സൗദി പൗരന്മാരായിരിക്കണം. ചെറിയ സ്ഥാപനങ്ങളെ ഈ വ്യവസ്ഥയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഇതുവഴി 9000 തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കാനാണ് മന്ത്രാലയം ലക്ഷ്യമിടുന്നത്. കഴിഞ്ഞ ഒക്ടോബറിലാണ് ഐടി മേഖലയില്‍ സ്വദേശിവല്‍ക്കരണം നടപ്പിലാക്കുമെന്ന് മന്ത്രാലയം പ്രഖ്യാപിച്ചത്.
പ്രവാസി പ്രൊഫഷനലുകള്‍ക്ക് തിരിച്ചടി
ഉന്നത വിദ്യാഭ്യാസം നേടിയ കൂടുതല്‍ സൗദികള്‍ക്ക് സ്വകാര്യ മേഖലയില്‍ മികച്ച തൊഴിലവസരങ്ങള്‍ ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെയായിരുന്നു പുതിയ സ്വദേശിവല്‍ക്കരണ പദ്ധതി നടപ്പിലാക്കിയത്. ഇതിന്റെ ഭാഗമായി കമ്മ്യൂണിക്കേഷന്‍-ഐടി മന്ത്രാലയത്തിന്റെ കീഴില്‍ ഫ്യൂച്ചര്‍ സ്കില്‍സ് ഇനീഷ്യേറ്റീവ് എന്ന പേരില്‍ സൗദികള്‍ക്ക് പ്രത്യേക പരിശീലന പരിപാടികള്‍ സംഘടിപ്പിച്ചിരുന്നു. ഇതോടെ ഇന്ത്യക്കാര്‍ ഉള്‍പ്പെടെയുള്ള നിരവധി ഐടി പ്രൊഫഷനലുകള്‍ക്ക് ജോലി നഷ്ടമാവുമെന്നാണ് വിലയിരുത്തല്‍. പുതിയ തീരുമാന പ്രകാരം നാല് പേര് ഈ മേഖലയില്‍ ഒരു സ്ഥാപനത്തില്‍ ജോലി ചെയ്യുന്നുണ്ടെങ്കില്‍ അതില്‍ നിന്ന് ഒരാളെ ഒഴിവാക്കി പകരം സൗദി പൗരന് അവസരം നല്‍കേണ്ടിവരും. വരും ദിനങ്ങളില്‍ കൂടുതല്‍ സ്വകാര്യ മേഖലകളിലേക്ക് സ്വദേശിവല്‍ക്കരണം വ്യാപിപ്പിക്കാനാണ് അധികൃതര്‍ ആലോചിക്കുന്നത്.
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : saudization rate in the private sector speed up
Malayalam News from malayalam.samayam.com, TIL Network