അർജുന അവാർഡിനായി ബാലാദേവിയെയും എഐഎഫ്എഫ് ശുപാർശ ചെയ്തു
രാജ്യത്തെ പരമോന്നത കായിക ബഹുമതിയായ രാജീവ് ഗാന്ധി ഖേൽ രത്ന പുരസ്കാരത്തിനായി സുനിൽ ഛേത്രിയെ അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷൻ (എഐഎഫ്എഫ്) ശുപാർശ ചെയ്തു.നിലവിൽ സ്കോട്ടിഷ് വനിതാ പ്രീമിയർ ലീഗിൽ റേഞ്ചേഴ്സിനായി കളിക്കുന്ന ദേശീയ വനിതാ ഫുട്ബോൾ ടീം സ്ട്രൈക്കർ ബാലാദേവിയെ അർജുന അവാർഡിനായും എഐഎഫ്എഫ് ശുപാർശ ചെയ്തു.
“ഖേൽ രത്നയ്ക്കായി സുനിൽ ഛേത്രിയെയും അർജുന അവാർഡിനായി ബാലാദേവിയെയും ഞങ്ങൾ ശുപാർശ ചെയ്തിട്ടുണ്ട്,” ഒരു എഐഎഫ്എഫ് ഉദ്യോഗസ്ഥൻ പിടിഐ വാർത്താ ഏജൻസിയോട് പറഞ്ഞു.
“ദ്രോണാചാര്യ അവാർഡിനായി ഗബ്രിയേൽ ജോസഫിനെയും ഞങ്ങൾ ശുപാർശ ചെയ്തിട്ടുണ്ട്,” ഉദ്യോഗസ്ഥൻ പറഞ്ഞു.
36 കാരനായ ഛേത്രി കഴിഞ്ഞ കുറച്ച് വർഷങ്ങളായി രാജ്യത്തിനും ക്ലബ്ബായ ബെംഗളൂരു എഫ്സിക്കും വേണ്ടി മികച്ച ഫോമിലാണ്. 118 അന്താരാഷ്ട്ര മത്സരങ്ങൾ കളിച്ച അദ്ദേഹം 74 ഗോളുകൾ നേടി. രണ്ട് ഇന്ത്യൻ റെക്കോർഡുകളും അദ്ദേഹം നേടി.
അടുത്തിടെ ഖത്തറിൽ നടന്ന ലോകകപ്പ് യോഗ്യതാ മത്സരത്തിൽ ബംഗ്ലാദേശിനെതിരെ ഇരട്ട ഗോൾ നേടിയ അദ്ദേഹം നിലവിൽ സജിവമായ ഫുട്ബോൾ കളിക്കാരിൽ ഏറ്റവും കൂടുതൽ അന്താരാഷ്ട്ര ഗോൾ നേടിയ രണ്ടാമത്തെ കളിക്കാരനാവാനും ഛേത്രിക്ക് കഴിഞ്ഞു. അർജന്റീനിയൻ മാസ്റ്റർ താരം ലയണൽ മെസ്സിയെക്കാൾ മുന്നിലെത്താൻ അദ്ദേഹത്തിന് അന്ന് കഴിഞ്ഞു.
എന്നാൽ പിന്നീട് നടന്ന മത്സരങ്ങളിൽ യുണൈറ്റഡ് അറബ് എമിറേറ്റ്സിന്ഫെ അലി മബ്കത് (76), മെസ്സി (75) എന്നിവർ ഛേത്രിയെ മറികടന്നു. നിലവിൽ രാജ്യാന്തര ഗോളുകളുടെ എണ്ണത്തിൽ ഛേത്രി നാലാം സ്ഥാനത്താണ്.
രാജ്യത്തെ നാലാമത്തെ പരമോന്നത സിവിലിയൻ ബഹുമതിയായ പത്മശ്രീ (2019), അർജ്ജുന അവാർഡ് (2011) എന്നിവ ഛേത്രി നേടിയിട്ടുണ്ട്.
2005 ൽ അരങ്ങേറ്റം കുറിച്ചതിനുശേഷം, എഎഫ്സി ചലഞ്ച് കപ്പ് (2008), സാഫ് ചാമ്പ്യൻഷിപ്പ് (2011, 2015), നെഹ്റു കപ്പ് (2007, 2009, 2012), ഇന്റർകോണ്ടിനെന്റൽ കപ്പ് (2017, 2018) എന്നിവ നേടിയ ഇന്ത്യൻ ടീമിന്റെ ഭാഗമാണ് ഛേത്രി. 2011, 2019 ഏഷ്യൻ കപ്പുകളിലും കളിച്ചു.
31 കാരിയായ ബാലാ ദേവി കഴിഞ്ഞ വർഷം ജനുവരിയിൽ റേഞ്ചേഴ്സ് ഓഫ് ഗ്ലാസ്ഗോയിൽ ചേർന്നപ്പോൾ യൂറോപ്പിൽ ഒരു മുൻനിര പ്രൊഫഷണൽ ലീഗിനായി കളിച്ച ആദ്യ ഇന്ത്യൻ വനിതാ ഫുട്ബോൾ താരമായി മാറി.
2010 മുതൽ രാജ്യത്തിനായി 50 ലധികം മത്സരങ്ങൾ കളിച്ച അവർ അടുത്ത വർഷം രാജ്യം ആതിഥേയത്വം വഹിക്കുന്ന എഎഫ്സി വനിതാ ഏഷ്യൻ കപ്പിലും ദേശീയ ടീമിന്റെ ഭാഗമായി ഇറങ്ങും.