കൊച്ചി: കരിപ്പൂര്‍ സ്വര്‍ണക്കടത്ത് ക്വട്ടേഷന്‍ കേസില്‍ ഡി.വൈ.എഫ്.ഐ. മുന്‍ നേതാവ് സജേഷിന്റെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി. രാവിലെ 11 മണിക്ക് ആരംഭിച്ച ചോദ്യം ചെയ്യല്‍ ഏഴുമണിക്കൂര്‍ നീണ്ടു. അതേസമയം കേസിലെ പ്രധാനപ്രതിയായ അര്ജുന് ആയങ്കിക്ക് നല്‍കാനാണ് സ്വര്‍ണം കൊണ്ടുവന്നതെന്ന് കൂട്ടുപ്രതിയായ മുഹമ്മദ് ഷെഫീഖ് കസ്റ്റംസിന് മൊഴി നല്കി.
കരിപ്പൂരിലെ സ്വര്‍ണവേട്ടയുമായി ബന്ധപ്പെട്ടാണ് സജേഷിനെ ഏഴുമണിക്കൂര്‍ ചോദ്യം ചെയ്തത്. രാവിലെ 11 മണിക്ക് ആരംഭിച്ച ചോദ്യം ചെയ്യല്‍ വൈകിട്ട് ആറുമണി വരെ നീണ്ടു. സമൂഹമാധ്യമങ്ങള്‍ വഴിയുള്ള പരിചയം മാത്രമാണ് അര്ജുനുമായിട്ടുള്ളതെന്നും സ്വര്‍ണക്കടത്തിലോ ക്വട്ടേഷനിലോ ബന്ധമില്ലെന്ന് സജേഷ് പറഞ്ഞെങ്കിലും മൊഴി വിശ്വാസത്തിലെടുക്കാന്‍ കസ്റ്റംസ് തയ്യാറായിട്ടില്ല.
അര്‍ജുന്റെ ബിനാമിയാണ് സജേഷ് എന്ന നിഗമനത്തിലാണ് കസ്റ്റംസ്. ഇന്ന് രേഖപ്പെടുത്തിയ മൊഴി വിശദമായി പരിശോധിച്ച ശേഷം ആവശ്യമെങ്കില്‍ സജേഷിനെ വീണ്ടും വിളിപ്പിക്കും. അതേസമയം കേസിലെ മുഖ്യപ്രതിയായ അര്‍ജുന്റെ വാദം തള്ളി കൂട്ടുപ്രതി മുഹമ്മദ് ഷഫീഖ് മൊഴി നല്കി. അര്ജുന് കരിപ്പൂറില്‍ സ്വര്‍ണം വാങ്ങാന്‍ എത്തുമെന്ന് ദുബായില്‍നിന്ന് അത് തന്നുവിട്ടവര് പറഞ്ഞിരുന്നെന്നും സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് അര്‍ജുനുമായി 25- തവണയോളം സംസാരിച്ചിട്ടുണ്ടെന്നും അര്ജുന് കൈമാറാനാണ് താന്‍ സ്വര്‍ണം കൊണ്ടുവന്നതെന്നും ഷെഫീഖ് മൊഴി നല്കി.
ഇടപടില്‍ ബന്ധപ്പെട്ട സലിം, മുഹമ്മദ്, ജലീല്‍ തുടങ്ങിയവരെ ബന്ധിപ്പിക്കുന്ന ചില വിവരങ്ങളും ഷെഫീഖ് കസ്റ്റംസിന് നല്‍കിയിട്ടുണ്ട്. അര്‍ജുന്റെ കൂടുതല്‍ ഇടപാടുകളെ കുറിച്ചും കസ്റ്റംസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇന്ന് ലഭിച്ച മൊഴികളുടെ അടിസ്ഥാനത്തില്‍ വരുംദിവസങ്ങളില്‍ കൂടുതല്‍പേരെ ചോദ്യം ചെയ്യാനും അറസ്റ്റ് ചെയ്യാനും സാധ്യതയുണ്ട്.
content highlights: gold smuggling quotation: sajesh questioned for seven hours