കോഴിക്കോട്:ഓരോ പിറവിയും ധന്യതയുള്ള പുണ്യം, കരച്ചില് ഇവിടെ സംഗീതംപോലെ പ്രിയംകരം, ഡോക്ടര്‍ സാന്ത്വനവും. നാല്പതുവര്ഷത്തോളം മലബാറിലെ വിവിധ ജില്ലകളില്‍ പ്രസവമെടുത്ത ഡോ. വി.കെ. ജുബൈരിയത്ത്, തന്നെ തേടിയെത്തുന്നവര്‍ക്ക് ‘ഡോക്ടറുമ്മ’യാകുന്നത് അങ്ങനെയാണ്. ലക്ഷത്തിലേറെ പുതുജീവനുകളാണ് തന്റെ കൈകളിലൂടെ ഈ ലോകത്തിന്റെ പ്രകാശത്തിലേക്ക് പ്രവേശിച്ചതെന്നുപറയുമ്പോള് ഡോക്ടറുടെ കണ്ണുകളില്‍ അഭിമാനത്തിന്റെ തിളക്കമുണ്ട്.
ഗൈനക്കോളജിയില്‍ സ്പെഷ്യലിസ്റ്റായിത്തന്നെ സര്‍വീസില്‍ പ്രവേശിച്ചതാണ് ഈ വലിയനേട്ടത്തിനുപിന്നിലെന്ന് ഡോക്ടര്‍ പറയുന്നു. കൂട്ടുകാരികളില്‍ പലരും പത്താംക്ലാസില്‍ പഠനം നിര്‍ത്തിയ കാലത്ത്, പോസ്റ്റ് മാസ്റ്ററായിരുന്ന ബാപ്പ കണ്ണൂര്‍ വാഴയില്‍ കെ.പി. ഹസ്സന്കുഞ്ഞിയാണ് കൂടുതല്‍ പഠിക്കാനും ഡോക്ടറാകാനും പ്രോത്സാഹിപ്പിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍നിന്ന് എം.ബി.ബി.എസ്. പാസായ ജുബൈരിയത്ത് ഡി.ജി.ഒ.യും എം.ഡി.യും ഡി.എമ്മുമൊക്കെ നേടി.
1980-ല്‍ വയനാട് ജില്ലാ ആശുപത്രിയിലായിരുന്നു സര്‍വീസിന്റെ തുടക്കം. സ്പെഷ്യലിസ്റ്റ് ഡോക്ടറായി. അന്ന് ചികിത്സാസൗകര്യങ്ങള്‍ പരിമിതം. വനത്തിലൂടെ നടന്നുപോയി ചികിത്സമുതല്‍ പോസ്റ്റ്മോര്‍ട്ടംവരെ നടത്തേണ്ടിവന്നിട്ടുണ്ട്. വൈദ്യശാസ്ത്രസാങ്കേതികവിദ്യകളുടെ പിന്‍ബലവും തീരെ കുറവ്.
പ്രതിസന്ധികളുടെ ആ കാലം ഡോക്ടര്‍ക്ക് അസാധാരണ അനുഭവപരിജ്ഞാനവും വളരെയേറെ മനുഷ്യപ്പറ്റും സമ്മാനിച്ചു. ഉത്തരകേരളത്തിലെ വിവിധ ജില്ലകളിലും പ്രധാന ആശുപത്രികളിലും സേവനമനുഷ്ഠിച്ചു.
ജില്ലാ ആശുപത്രികളില്‍ സേവനമനുഷ്ഠിക്കുമ്പോള്‍ പ്രതിമാസം 400-450 പ്രസവശുശ്രൂഷകള്‍ നിര്‍വഹിച്ച ഡോക്ടര്‍, ഇപ്പോഴും മാസം ഇരുനൂറിലേറെ കേസുകള്‍ അനായാസം കൈകാര്യംചെയ്യുന്നു. തന്റെ കൈകളിലേക്ക് പിറന്നുവീണ കുഞ്ഞ്, വളര്‍ന്ന് വര്‍ഷങ്ങള്‍ കഴിഞ്ഞ് തന്റെ കണ്മുന്നില് അമ്മയാവുന്നത് കാണുന്നതാണ് ഏറ്റവും സന്തോഷംനല്‍കുന്ന നിമിഷമെന്ന് ഡോക്ടര്‍ ജുബൈരിയത്ത് പറയുന്നു. പലവട്ടം തലമുറപ്പകര്ച്ചയുടെ ഈ സുകൃതത്തിന് സാക്ഷിയായിട്ടുണ്ട് ഡോക്ടര്‍.
ഭര്‍ത്താവ് ഡോ. അബ്ദുള്‍ സലാം റിട്ട. ഡി.എം.ഒ.യാണ്. സഹോദരി ഡോ. വി.കെ. സാഹിതയും ഡോക്ടര്‍. ഡോ. ജുബൈരിയത്തിന്റെ മകളും മകനും മരുമക്കളും ഡോക്ടര്‍മാരാണ്. ഏഴുഡോക്ടര്മാരുള്ള ഡോക്ടര്‍ കുടുംബത്തില്‍ മകള്‍ ഡോ. ആയിഷ സലാം ഉമ്മയുടെ വഴിതന്നെ തിരഞ്ഞെടുത്തു; ആറുവര്‍ഷമായി ഗൈനക്കോളജിസ്റ്റാണ്. ഇപ്പോള്‍ കണ്ണൂര്‍ ആസ്റ്റര്‍ മിംസിലാണ് ഉമ്മയും മകളും സേവനമനുഷ്ഠിക്കുന്നത്.
ഗൈനക്കോളജിസ്റ്റായ മകള്‍ ഡോ. ആയിഷ സലാമിനൊപ്പംഡോ. വി.കെ. ജുബൈരിയത്ത്