ന്യൂഡല്‍ഹി: കെ. മുരളീധരനെ യുഡിഎഫ് കണ്‍വീനറായി നിയമിക്കണമെന്ന് രാഹുല്‍ ഗാന്ധിയോട് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. രാഹുല്‍ ഗാന്ധി എം.പിയുടെ ഫെയ്സ് ബുക്ക് പേജിലാണ് ഈ ആവശ്യം ഉന്നയിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൂട്ടത്തോടെ കമന്റുമായി എത്തിയത്. നിലവിലെ യുഡിഎഫ് കണ്‍വീനര്‍ എം.എം. ഹസനാണ്. ഇദ്ദേഹത്തെ മാറ്റില്ലെന്ന തരത്തില്‍ വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് മുരളീധരനായി മുറവിളി കൂട്ടി പ്രവര്‍ത്തകര്‍ എത്തിയത്.
വി.ഡി സതീശനെ പ്രതിപക്ഷ നേതാവായി തിരഞ്ഞെടുക്കുന്നതിന് മുമ്പും കെ. സുധാകരനെ കെ.പി.സി.സി പ്രസിഡന്റായി തിരഞ്ഞെടുക്കുന്നതിന് മുമ്പും ഇത്തരത്തില്‍ രാഹുല്‍ ഗാന്ധിയുടെ സമൂഹമാധ്യമ പേജുകളില്‍ ഇരുവര്‍ക്കും വേണ്ടി വാദിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ രംഗത്തെത്തിയിരുന്നു. സതീശന്റെയും സുധാകരന്റെയും കാര്യത്തില്‍ പ്രവര്‍ത്തകരുടെ വികാരം കൂടി കണക്കിലെടുത്താണ് ഹൈക്കമാന്റ് അന്തിമ തീരുമാനം എടുത്തത്. പെട്രോള്‍ വിലയില്‍ പ്രതിഷേധിച്ച് രാഹുല്‍ ഗാന്ധി ഫെയ്സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിന് ചുവടെയാണ് പ്രവര്‍ത്തകര്‍ മുരളീധരനായി വാദിച്ച് രംഗത്തെത്തിയത്.
അതേ പോലെ മുരളീധരന്റെ കാര്യത്തിലും ഹൈക്കമാന്‍ഡ് പ്രവര്‍ത്തകരുടെ വികാരം കണക്കിലെടുക്കുമെന്ന പ്രതീക്ഷയിലാണ് കോണ്‍ഗ്രസുകാര്‍ രാഹുലിന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ മുരളീധരനായി വാദിക്കുന്നത്.
നേരത്തെ മുരളീധരനെ കെ.പി.സി.സി അധ്യക്ഷനാക്കമെന്ന് ആവശ്യപ്പെട്ടും ഒരു വിഭാഗം പ്രവര്‍ത്തകര്‍ രംഗത്തെത്തിയിരുന്നു. എം.എം ഹസന് കൂടി മാറിയാല്‍ മാത്രമെ കോണ്‍ഗ്രസിലെ തലമുറമാറ്റം പൂര്‍ണ തോതില്‍ സാധ്യമാകുമെന്നാണ് പ്രവര്‍ത്തകരുടെ വാദം.
Content Highlight: Twitter campaign for K Muraleedharan MP