മനാമ> ദക്ഷിണേഷ്യയിലെയും മിഡില്‍ ഈസ്റ്റിലെയും ഭക്ഷ്യ അരക്ഷിതാവസ്ഥ പരിഹരിക്കുന്നതിന് ഇന്ത്യയില്‍ ഉടനീളം ഫുഡ് പാര്‍ക്കുകള്‍ സ്ഥാപിക്കാന്‍ യുഎഇ 200 കോടി ഡോളര്‍ നിക്ഷേപിക്കും. അമേരിക്ക, ഇന്ത്യ, യുഎഇ, ഇസ്രയേല്‍ എന്നിവ ചേര്‍ന്ന ‘ഐ2യു2’ സംഘത്തിന്റെ പ്രഥമ യോഗത്തെ തുടര്‍ന്നാണ് പ്രഖ്യാപനം.
ഏറ്റവും പുതിയ കാലാവസ്ഥാ സാങ്കേതികവിദ്യ ഉപയോഗിച്ച് കര്‍ഷകരെയും പ്രോസസ്സര്‍മാരെയും റീട്ടെയിലര്‍മാരെയും ഒരുമിച്ച് കൊണ്ടുവരിക, മാലിന്യം കുറയ്ക്കുക, ജലം സംരക്ഷിക്കുക, വിളവ് പരമാവധി വര്‍ദ്ധിപ്പിക്കുക എന്നിവയാണ് ലക്ഷ്യം.ഭക്ഷണം പാഴാക്കുന്നതും കേടാകുന്നതും കുറയ്ക്കുന്നതിനും ശുദ്ധജലം സംരക്ഷിക്കുന്നതിനും പുനരുപയോഗിക്കാവുന്ന ഊര്‍ജ്ജ സ്രോതസ്സുകള്‍ ഉപയോഗിക്കുന്നതിനുമുള്ള സാങ്കേതികവിദ്യകള്‍ക്കായി യുഎസും ഇസ്രായേലി സ്വകാര്യ മേഖലകളും ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന് ഗ്രൂപ്പിന്റെ സംയുക്ത പ്രസ്താവനയില്‍ പറയുന്നു. മിഡില്‍ ഈസ്റ്റ് പര്യടനത്തിനിടെ യുഎസ് പ്രസിഡന്റ് ജോ ബൈഡനാണ് യോഗത്തിന് നേതൃത്വം നല്‍കുന്നത്. അടിസ്ഥാന സൗകര്യങ്ങള്‍ക്കായി ലോകമെമ്പാടും വളരെയധികം ആവശ്യമുണ്ടെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഓണ്‍ലൈനില്‍ ചേര്‍ന്ന് യോഗത്തില്‍ പറഞ്ഞു. നിലവില്‍ അതിന്റെ അഭാവം കാണാമെന്നും ബൈഡന്‍ ചൂണ്ടിക്കാട്ടി.
ഈ സംരംഭത്തിന്റെ ഭാഗമായി ഗുജറാത്തില്‍ 300 മെഗാവാട്ട് ശേഷിയുള്ള കാറ്റ്, സൗരോര്‍ജ്ജ ഹൈബ്രിഡ് പുനരുപയോഗ ഊര്‍ജ്ജ പദ്ധതി നടപ്പാക്കും. 33 കോടി ഡോളര്‍ ചെലവു വരുന്നതാണ് പദ്ധതി. ഇതിന്റെ സാധ്യതാ പഠനത്തിന് യുഎസ് ട്രേഡ് ആന്‍ഡ് ഡെവലപ്‌മെന്റ് ഏജന്‍സി ധനസഹായം നല്‍കി.
യുഎഇ ആസ്ഥാനമായുള്ള കമ്പനികള്‍ അറിവും നിക്ഷേപ പങ്കാളികളുമായി പ്രവര്‍ത്തിക്കാനുള്ള അവസരങ്ങള്‍ പര്യവേക്ഷണം ചെയ്യും. സ്വകാര്യ മേഖലയിലെ അവസരങ്ങള്‍ക്കായി യുഎഇ, ഇന്ത്യ എന്നിവയുമായി യുഎസും ഇസ്രായേലും സഹകരിച്ച് പ്രവര്‍ത്തിക്കാനും ധാരണയായി.
കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 18 ന് നടന്ന നാല് രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിലാണ് ഐ2യു2 ഗ്രൂപ്പ് രൂപീകൃതമായത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..