കൊടുവള്ളി/കോഴിക്കോട് > സ്വർണനഗരിയിൽ ആരെയും കൊതിപ്പിക്കുന്ന വിനോദസഞ്ചാര ഇടമാവുകയാണ് കരൂഞ്ഞി മലയും തൊട്ടടുത്തുള്ള നെടുമലയും. വനാന്തരീക്ഷവും പ്രകൃതിയെ ആസ്വദിച്ചുള്ള യാത്രയുമാണ് സഞ്ചാരികളെ ഇവിടേക്ക് ആകർഷിക്കുന്നത്. കൊടുവള്ളിയിൽനിന്ന് മൂന്ന് കിലോമീറ്റർ യാത്രചെയ്താൽ മാട്ടുപ്പൊയിൽ എത്താം. ഇവിടെനിന്ന് ഒരു കിലോമിറ്റർ കുത്തനെയുള്ള കയറ്റമാണ്. യാത്ര പകുതിയെത്തുമ്പോൾ പുരാതന കാലത്തെ ഗുഹ കാണാം. കിലോമീറ്ററുകളോളം നീളമുള്ള ഗുഹക്കുള്ളിലേക്ക് കയറിച്ചെല്ലുന്നത് സാഹസികമായ അനുഭവമാണ്.
അതിസാഹസികരായ സഞ്ചാരികൾ അല്ലാത്തവർ ഗുഹായാത്ര പാതിവഴിയിൽ അവസാനിപ്പിക്കുമെന്നുറപ്പ്. രണ്ടാം വ്യൂ പോയിന്റ് മലയുടെ ഉച്ചിയിലാണ്. മലനിരകളെ തഴുകിയെത്തുന്ന തണുത്ത കാറ്റേറ്റ് പാറക്കെട്ടുകളിൽ എത്രനേരം വേണമെങ്കിലും ചെലവഴിക്കാം. സൂര്യോദയവും അസ്തമയവും മോഹിപ്പിക്കുന്ന കാഴ്ചയും അനുഭവവുമാണ്. മഞ്ഞിന്റെ അടരുകളിലൂടെ സൂര്യൻ തലപൊക്കുന്നത് കാണാം. ഈ കാഴ്ചതേടി നൂറുകണക്കിന് സഞ്ചാരികൾ പ്രഭാതത്തിലെത്താറുണ്ട്.
മലയുടെ താഴ്വാരത്തിൽ കുന്നമംഗലം, ആർഇസി, കൊടുവള്ളി പട്ടണങ്ങൾ കാണാം. കരൂഞ്ഞിമലക്ക് സമീപത്തുള്ള നെടുമലയും സന്ദർശകരുടെ ഇഷ്ടതാവളമാണ്. ചിൽഡ്രൻസ് പാർക്കും റിസോർട്ടുകളുമുണ്ട്. ഒഴിവുദിനങ്ങളിൽ കുട്ടികളടക്കം നിരവധി പേരാണ് പാർക്കിൽ എത്തുന്നത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..