തിരുവനന്തപുരം: ഐഎസ്ആര്‍ഒ ചാരക്കേസ് ഗൂഢാലോചനയില്‍ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന സിബി മാത്യൂസിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയെ എതിര്‍ത്ത് നമ്പി നാരായണന്. തിരുവനന്തപുരം ജില്ലാ കോടതിയിലെ സിബി മാത്യൂസിന്റെ ജാമ്യഹര്‍ജിയില്‍ നമ്പി നാരായണനും കക്ഷി ചേര്‍ന്നു. ചാര കേസില്‍ ഇടപ്പെട്ടതും തന്നെ കൂടുതല്‍ ഉപദ്രവിച്ചതും സിബി മാത്യൂസാണെന്ന് നമ്പി നാരായണന് കോടതിയില്‍ ആരോപിച്ചു. ഹര്‍ജി കോടതി ഈ മാസം ഏഴിന് പരിഗണിക്കാന്‍ മാറ്റിവെച്ചു.
ഗൂഢാലോചന സംബന്ധിച്ച അന്വേഷണത്തിന്റെ ഭാഗമായി സിബിഐ തിരുവനന്തപുരം മജിസ്ട്രേറ്റ് കോടതിയില്‍ എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് കേസില്‍ നാലാം പ്രതിയായി ചേര്‍ക്കപ്പെട്ട സിബി മാത്യൂസ് തിരുവനന്തപുരം ജില്ലാ കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്. മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ കോടതി ഇടക്കാല ജാമ്യം അനുവദിക്കുകയും ചെയ്തു. ഇതിനിടയിലാണ് സിബി മാത്യൂസിന്റെ ജാമ്യത്തെ എതിര്‍ത്തുകൊണ്ട് ഇന്ന് നമ്പി നാരായണന് ഹര്‍ജി സമര്‍പ്പിച്ചത്.
ഐഎസ്ആര്‍ഒ ചാരക്കേസില്‍ തന്നെ പ്രതിചേര്‍ക്കുന്നതിലും ഉപദ്രവിക്കുന്നതിലും മുന്‍നിരയില്‍ നിന്ന ആളാണ് സിബി മാത്യൂസെന്നും ഗൂഢാലോചനയില്‍ ഇയാള്‍ക്ക് വ്യക്തമായ പങ്കുണ്ടെന്നും നമ്പി നാരായണന് ചൂണ്ടിക്കാട്ടി. മുന്‍കൂര്‍ ജാമ്യം നല്കുമ്പോള് തന്റെ ഭാഗം കൂടി കേള്‍ക്കണമെന്നും അദ്ദേഹം ഹര്‍ജിയില്‍ ആവശ്യപ്പെട്ടു.