കോഴിക്കോട്: ഗാര്‍ഹിക പീഡനവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ എല്ലാ കുറ്റവും വസ്തുതകള്‍ മനസിലാക്കാതെ സ്ത്രീക്കുമേല്‍ ചുമത്തുന്ന പ്രവണത ഇല്ലാതാകണമെന്ന് അപരാജിത സ്റ്റേറ്റ് നോഡല്‍ ഓഫീസറും പത്തനംതിട്ട പോലീസ് മേധാവിയുമായ ആര്. നിശാന്തിനി പറഞ്ഞു. പ്രതിസന്ധി ഘട്ടങ്ങളില്‍ ഒപ്പം നില്‍ക്കേണ്ട സമൂഹം എതിരാകുമ്പോള്‍ അവള് തളര്‍ന്നു പോകുമെന്നും ഇത് അവളില്‍ അനവാശ്യ ചിന്തകളുണ്ടാക്കുമെന്നും അവര്‍ അഭിപ്രായപ്പെട്ടു.’സ്ത്രീധനവും ഗാര്‍ഹിക അതിക്രമങ്ങളും’ എന്ന വിഷയത്തില്‍ മാതൃഭൂമി ഗൃഹലക്ഷ്മി വേദി സംസ്ഥാന കമ്മിറ്റി നടത്തിയ ഓണ്‍ലൈന്‍ ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു നിശാന്തിനി. മിക്ക സ്ത്രീകളും വിവിധങ്ങളായ വെല്ലുവിളികള്‍ നേരിടുന്നുണ്ട്.
എല്ലാ സ്ത്രീധന പീഡന കേസുകളും ഗാര്‍ഹിക അതിക്രമം തന്നെയാണ്. ആണ്-പെണ് വിത്യാസമില്ലാതെ ചെറുപ്രായം തൊട്ടേ പരസ്പരം ബഹുമാനിക്കാനും സാമൂഹ്യ ആനാചാരങ്ങള്‍ക്കെതിരെ പ്രതികരിക്കാനും പഠിപ്പിക്കണം.മാറ്റം കുടുംബങ്ങളില്‍ നിന്നാണുണ്ടാകേണ്ടത്. നല്ല സാഹചര്യത്തില്‍ വളരുന്ന കുട്ടികള്‍ ഒരിക്കലും സ്ത്രീകളോട് അതിക്രമം കാണിക്കില്ല.
സമൂഹത്തിനും വലിയ ഉത്തരവാദിത്വമുണ്ട്. സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ക്കെതിരെ പ്രതീകരിക്കാന്‍ സമൂഹത്തിനു കഴിയണം. അപരാജിത, സഖി, സ്നേഹിത, നിയമസേവന അതോറിറ്റി, വനിതാ സെല്‍, കാതോര്‍ത്തു, സേവനദാതാക്കള്‍ തുടങ്ങിയ സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഇവിടെയുണ്ട്. ഇത്തരം സംവിധാനങ്ങള്‍ എങ്ങിനെ പ്രയോജനപ്പെടുത്തണമെന്ന ബോധവല്‍ക്കരണം സ്ത്രീകള്‍ക്കു ലഭ്യമാകണം-നിശാന്തിനി പറഞ്ഞു.ഗൃഹലക്ഷ്മി വേദി സംസ്ഥാന പ്രസിഡന്റ് ഡോ. ലിസി ഷാജഹാന് അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ.ജി.ബബിത സ്വാഗതവും സെക്രട്ടറി ഷൈലജ ദേവരാജന്‍ നന്ദിയും പറഞ്ഞു