കണ്ണൂരില്‍ നിന്ന് തിരുവനന്തപുരത്തേക്ക് പോകാന്‍ വഴികള്‍ പലത്. കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് ഡല്‍ഹി വഴി 24 മണിക്കൂര്‍ കൊണ്ട് അനന്തപുരിയിലെത്തുന്ന ഒരു എയര്‍ ഇന്ത്യ ഫ്ലൈറ്റുണ്ട്. പിന്നെ? ട്രെയിനുണ്ടല്ലോ. ഇനി അതുമല്ലെങ്കില്‍ നടന്നു പോകാം! സംഭവം കലങ്ങിക്കാണുമല്ലോ. ഇന്‍ഡിഗോ അത്ര വെടിപ്പല്ലെന്നും അതിനും നല്ലത് ട്രെയിനിലോ നടന്നോ പോകുന്നതാണെന്നുമാണ് എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന് പറഞ്ഞത്. അതിന് മുന്നേ മൂന്ന് യൂത്ത് കോണ്‍ഗ്രസ് നേതാക്കന്മാരാണ് അകത്ത് കിടന്നത്.
വര്‍ഷം 2018. വിമാനത്തിനുള്ളില്‍ വെച്ച് ബിജെപി വിരുദ്ധ മുദ്രാവാക്യം വിളിച്ചതിന് ലൂയിസ് സോഫിയ എന്ന 28കാരി ഗവേഷക വിദ്യാര്‍ത്ഥി ജയിലില്‍ കിടന്നത് 15 ദിവസമാണ്. സംഭവം നടന്നത് തമിഴ്നാട്ടിലെ തൂത്തുകുടി വിമാനത്താവളത്തില്‍ തൂത്തുക്കുടിയില്‍ നിന്ന് ചെന്നൈയിലേക്കുള്ള വിമാനത്തില്‍. അതും ബോര്‍ഡിങ്ങിന് തൊട്ടുമുന്‍പ്. അന്ന് ഈ അറസ്റ്റില്‍ എഐഡിഎംകെ അടക്കം തമിഴ്നാട്ടിലെ സകലമാന രാഷ്ട്രീയ പാര്‍ട്ടികളും അപലപിച്ചപ്പോള്‍ കേന്ദ്രം വിശദീകരിച്ചത് അത് വിമാനത്തിനുള്ളില്‍ ചെയ്തതാണ് പ്രശ്നമായതെന്നാണ്. പറഞ്ഞതില്‍ കാര്യമില്ലാതില്ല. ലോകത്തെ ഏറ്റവും കടുത്ത നിയമ വ്യവസ്ഥകള്‍ നിലനില്‍ക്കുന്ന ഒരു മേഖലയാണ് വ്യോമയാനം. ലോകത്തെവിടെയും വിമാനത്തിനുള്ളിൽ ഒരുതരത്തിലുള്ള പ്രകടനങ്ങൾക്കും പൗരന്മാര്ക്ക് അവകാശമില്ല എന്നതാണ് വാസ്തവം.
ഇന്ത്യയിലെ സിവില്‍ ഏവിയേഷന്‍ നിയമങ്ങള്‍ പരിഷ്കരിക്കുന്നതിന് കാരണമായ സംഭവം നടന്നത് ലൂയിസ് സോഫിയ സംഭവത്തിന് ഒരു വർഷം മുമ്പാണ്. ഇക്കണോമിക് ബിസിനസ് ക്ലാസ് സീറ്റ് നല്‍കാത്തതിന്റെ പേരില്‍ ശിവസേന എംപി രവീന്ദ്ര ഗെയ്ക്വാദ് എയര്‍ ഇന്ത്യ ജീവനക്കാരനെ ചെരുപ്പൂരി അടിച്ച സംഭവത്തിനു പിന്നാലെ ഇയാളെ നോ-ഫ്ലൈ ലിസ്റ്റില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യം ഉയര്‍ന്നു. ഇതിന് പിന്നാലെ സിവില്‍ ഏവിയേഷന്‍ ഡിപ്പാര്‍ട്ട്മെന്റ് പരിഷ്കരിച്ച മാര്‍ഗ നിര്‍ദ്ദേശം പുറപ്പെടുവിക്കുകയായിരുന്നു.
കാനഡ പോലുള്ള ഏറ്റവും ഉദാരമായ ജനാധിപത്യ രാജ്യങ്ങളില്‍ പോലും വിമാനത്തിനകത്ത് നിയമം കടുത്തതാണ്. ഹൈജാക്കിംഗ്, തീവ്രവാദ പ്രവര്‍ത്തന സാധ്യതകള്‍ എന്നിങ്ങനെയുള്ള പ്രശ്നങ്ങൾ തന്നെയാണ് കാരണം. വിമാനയാത്രക്കിടയിലോ വിമാനത്തിലോ വിമാനത്താവളത്തിലോ പെട്ടെന്നുള്ള മുദ്രാവാക്യം വിളികള്‍ക്ക് തൊട്ടുപിന്നാലെ കുറ്റവാളിയെ ഉടന്‍ പിടികൂടി നോ ഫ്ലൈ ലിസ്റ്റില്‍ ഉള്‍പ്പെടുത്തുന്നത് കാണാന്‍ കഴിയും. ലോകത്തെവിടെയുമുള്ള കാഴ്ച്ചയാണിത്. അനിയന്ത്രിതവും സംശയാസ്പദവുമായ പെരുമാറ്റം ഉണ്ടായാല്‍ ഉടനടി നടപടിയെടുക്കാൻ എയര്‍ മാര്‍ഷല്‍മാര്‍, ഫ്ളൈറ്റുകളുടെ കമാന്‍ഡര്‍മാര്‍, എയര്‍പോര്‍ട്ട് അധികൃതര്‍ എന്നിവര്‍ക്ക് എല്ലാ രാജ്യങ്ങളിലും അധികാരമുണ്ട്. എന്തുകൊണ്ടായിരിക്കാം ഇങ്ങനെ?
ഏവിയേഷന്‍ മേഖലയും സുരക്ഷാ പ്രശ്നങ്ങളും
വിമാനത്തിന്റെ പ്രസക്തി നമുക്കറിയാം. വ്യോമയാനത്തേക്കാള് വേഗതയേറിയ മറ്റൊരു പൊതുഗതാഗത സംവിധാനം മനുഷ്യന് കണ്ടെത്തിയിട്ടില്ല. ലോകത്താകമാനമായി ഏകദേശം 4 ബില്യണിലധികം യാത്രക്കാരാണ് സുരക്ഷിതമായി വിമാനത്തില്‍ യാത്ര ചെയ്യുന്നത്. ഏറ്റവും സുരക്ഷിതവും വേഗത്തിലുള്ളതും എന്ന് പറയുമ്പോഴും ഓപ്പറേഷണല്‍ വശം അനുസരിച്ച് ഇതിനോളം ഹൈ-റിസ്ക് സംവിധാനവും മറ്റൊന്നില്ല. ഒരുപാട് മേഖലകള്‍ ഒന്നിച്ച് പ്രവര്‍ത്തിച്ചാല്‍ മാത്രം സാധ്യമാവുന്ന ഒന്നാണ് സുരക്ഷിതമായ വിമാനയാത്ര എന്ന് ചുരുക്കം. ഗവണ്മെന്റുകള്, നിര്‍മ്മാതാക്കള്‍, എയര്‍ലൈനുകള്‍, മറ്റ് നിരവധി വ്യവസായ പങ്കാളികള്‍ എന്നിവരെല്ലാം എണ്ണയിട്ട യന്ത്രം പോലെ ഒന്നിച്ച് പ്രവര്‍ത്തിക്കണം എന്നര്‍ത്ഥം. ഇല്ലെങ്കില്‍ സംഭവിച്ചേക്കാവുന്ന അപകടങ്ങൾ പലതാണ്, മിക്കതും ഗുരുതരവുമാണ്.
നിലവില്‍ ഇന്റര്‍നാഷണല്‍ സിവില്‍ ഏവിയേഷന്‍ ഓര്ഗനൈസേഷന് (ICAO), ഇന്റര്‍നാഷണല്‍ എയര്‍ ട്രാന്‍സ്പോര്‍ട്ട് അസോസിയേഷന് (IATA) എന്നിവയുടെ വ്യക്തമായ നിയമവ്യവസ്ഥയ്ക്ക് പുറമെ ഓരോ രാജ്യത്തിന്റേയും സിവില്‍ ഏവിയേഷന്‍ നിയമങ്ങളും കൂടി ചേര്‍ന്നതാണ് വ്യോമയാന രംഗത്തെ നിയമങ്ങള്‍. അതില്‍ത്തന്നെ ഏറ്റവും കര്‍ശനവും വ്യക്തവുമായി പറയുന്ന ഭാഗമാണ് അതിക്രമിച്ച് കടക്കുന്നവര്‍ അല്ലെങ്കില്‍ അണ്‍റൂളി പാസഞ്ചേഴ്സ് സെക്ഷന്‍.
എന്തൊക്കെയാണ് നിയമങ്ങള്‍? കിട്ടാവുന്ന ശിക്ഷകള്‍?
ഇന്റര്‍നാഷണല്‍ സിവില്‍ ഏവിയേഷന്‍ ഓര്‍ഗനൈസേഷന്റെ ചിക്കാഗോ കണ്‍വെന്‍ഷന്റെ അനെക്സ് 17 (നിയമവിരുദ്ധമായ ഇടപെടലുകള്‍ക്കെതിരെ അന്താരാഷ്ട്ര സിവില്‍ ഏവിയേഷന്‍ സുരക്ഷ സംരക്ഷിക്കുന്നതിനുള്ള അന്താരാഷ്ട്ര സിവില്‍ ഏവിയേഷന്‍ കണ്വെന്ഷന്) തടസ്സപ്പെടുത്തുന്ന യാത്രക്കാരനെ ഇങ്ങനെ നിര്‍വചിക്കുന്നു: ‘വിമാനത്താവളത്തിലെ പെരുമാറ്റച്ചട്ടങ്ങള്‍ പാലിക്കുന്നതില്‍ പരാജയപ്പെടുന്ന ഒരാള്‍ എന്നാല്‍ എയര്‍പോര്‍ട്ട് ജീവനക്കാരുടെയോ ജീവനക്കാരുടെയോ നിര്‍ദ്ദേശങ്ങള്‍ പാലിക്കാനും അതുവഴി വിമാനത്താവളത്തിന്റെയോ വിമാനത്തിന്റേയോ നല്ല ക്രമവും അച്ചടക്കവും തടസ്സപ്പെടുത്തുകയും ചെയ്യുന്നയാള്‍’ എന്നാണ്. 1963-ലെ ടോക്കിയോ കണ്വെന്ഷന് ബോര്‍ഡ് എയര്‍ക്രാഫ്റ്റ് നിയമങ്ങളെ ഒന്നുകൂടി വിശദമാക്കുന്നുണ്ട്. അണ്‍റൂളി പാസഞ്ചേഴ്സ് ചെയ്യുന്നത് ഒരു രാജ്യത്തിന്റെ ശിക്ഷാനിയമത്തിന് എതിരായ കുറ്റകൃത്യമാണെങ്കിലും അല്ലെങ്കിലും അത് വിമാനത്തിന്റെയോ അതിലുള്ള വ്യക്തികളുടെയോ വസ്തുവകകളുടെയോ സുരക്ഷയെ അപകടത്തിലാക്കുകയോ വിമാനത്തിന്റെ പ്രവര്‍ത്തനത്തെ അപകടത്തിലാക്കുകയോ ചെയ്യുന്നതിനാല്‍ കുറ്റമായിത്തന്നെ പരിഗണിക്കും എന്നാണ്. അതായത്, ഒരു രാജ്യത്തിന്റെ നിയമവ്യവസ്ഥയ്ക്ക് മുന്നില്‍ കുറ്റമൊന്നും ചെയ്തിട്ടില്ലെങ്കില്‍ക്കൂടി സംഭവിക്കുന്നത് വിമാനത്താവളത്തിലോ വിമാനത്തിനുള്ളിലോ ആണെങ്കില്‍ അത് ഏവിയേഷന്‍ നിയമങ്ങളുടെ ലംഘനമായി കണക്കാക്കി അവര്‍ ശിക്ഷിക്കപ്പെടും എന്നര്‍ത്ഥം.
സുരക്ഷ എന്നത് എയര്‍ലൈന്‍ വ്യവസായത്തിന്റെ ഏറ്റവും മുന്‍ഗണനാ വിഷയമായി കണക്കാക്കുന്ന ഒന്നാണ്. കഴിഞ്ഞ കുറച്ചു നാളുകളായി ഏവിയേഷന്‍ രംഗത്ത് ഇത്തരം നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ കൂടിയിട്ടുണ്ടെന്നാണ് കണക്കുകള്‍ പറയുന്നത്. കൃത്യമായി പറഞ്ഞാല്‍ കോവിഡ് മഹാമാരി തുടങ്ങിയതിന് ശേഷം. മഹാമാരി ജനങ്ങളില്‍ വരുത്തിയ മാറ്റത്തിന്റെയോ അക്കാലയളവില്‍ ലോകത്താകമാനമായി സംഭവിച്ച രാഷ്ട്രീയ-സാമ്പത്തിക-സാമൂഹിക അസ്വാരസ്യങ്ങളുടേയോ അനന്തരഫലം കൂടിയാകാം ഇത്. 2020-ലും 2021-ലും, യുഎസ് ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്ട്രേഷന് (എഫ്എഎ) റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്. ഇതിന് പിന്നാലെ ഇത്തരം കേസുകളില്‍ പിടിക്കപ്പെടുന്നവര്‍ക്ക് ഭീമമായ തുക പിഴ ചുമത്താനുള്ള കരാറില്‍ എഫ്എഎ ഒപ്പുവെക്കുകയും ചെയ്തു. 2014-ല്‍, ഇന്റര്‍നാഷണല്‍ സിവില്‍ ഏവിയേഷന്‍ ഓര്‍ഗനൈസേഷന്റെ (ICAO) അംഗരാജ്യങ്ങള്‍ വ്യോമയാ മേഖലയിലെ വര്‍ധിക്കുന്ന സുരക്ഷ പ്രശ്നങ്ങളെ നേരിടാന്‍ മോണ്ട്രിയോളില് കൂടിച്ചേര്‍ന്ന് പുതിയൊരു നിയമവും രൂപീകരിച്ചു. ബോര്‍ഡ് എയര്‍ക്രാഫ്റ്റില്‍ സംഭവിക്കുന്ന കുറ്റകൃത്യങ്ങളും മറ്റ് ചില നിയമങ്ങളും സംബന്ധിച്ച കണ്വെന്ഷന് ഭേദഗതി ചെയ്യുന്നതിനുള്ള പ്രോട്ടോക്കോള്‍ അവിടെ രൂപീകരിക്കപ്പെട്ടു. ജയില്‍ ശിക്ഷ മുതല്‍ കനത്ത പിഴ വരെ ചുമത്താനുള്ള അധികാരവും നല്കപ്പെട്ടു.
വിമാനത്തിനുള്ളില്‍ ശല്യക്കാരായ യാത്രക്കാരുണ്ടാക്കുന്ന പ്രശ്നങ്ങളെ അവയുടെ തോത് അനുസരിച്ച് നാല് തരമായി തിരിക്കണമെന്നാണ് ചട്ടം-
ലെവല്‍ വണ്‍- അറിഞ്ഞോ അറിയാതെയോ ഉള്ള സുരക്ഷാ മാനദണ്ഡങ്ങളുടെ ലംഘനങ്ങള്‍, വാക്കുതര്‍ക്കങ്ങള്‍, കൂട്ടം ചേര്‍ന്ന് പോകുന്നവര്‍ ഉണ്ടാക്കുന്ന ബഹളങ്ങള്‍, ചേഷ്ടകള്‍ തുടങ്ങിയവ. ഇത് മൈനര്‍ കേസാണ്.
ലെവല്‍ ടൂ – മദ്യപിച്ച് ശല്യമുണ്ടാക്കല്‍, ശല്യപ്പെടുത്തുന്ന മട്ടിലുള്ള ആംഗ്യം കാണിക്കല്‍, ശാരീരികമായ ഉപദ്രവം. തള്ളുക, തൊഴിക്കുക, അടിക്കുക, പിടിക്കുക, ലൈംഗികമായി ഉപദ്രവിക്കുന്ന തരത്തില്‍ തൊടുക തുടങ്ങിയവ. ഇത് മോഡറേറ്റ് ലെവല്‍ കുറ്റങ്ങളാണ്.
ലെവല്‍ ത്രീ – അത്യന്തം അപകടകാരി. ആയുധങ്ങള്‍ പ്രദര്‍ശിപ്പിക്കുകയോ ഉപയോഗിക്കുകയോ ചെയ്യാനുള്ള ശ്രമം. അറിഞ്ഞുകൊണ്ടുള്ള ശാരീരികോപദ്രവം തുടങ്ങിയവ.
ലെവല്‍ ഫോര്‍ – വിമാനത്തിന് കേടുപാടുകള്‍ വരുത്തുക, ശ്വാസം മുട്ടിക്കുക, കണ്ണില്‍ അമര്‍ത്തുകയോ ചൂഴ്ന്നെടുക്കാന്‍ ശ്രമിക്കുകയോ, കൊല്ലാന്‍ വേണ്ടി ആക്രമിക്കുക, കോക്പിറ്റില്‍ അതിക്രമിച്ച് കയറുകയോ കയറാന്‍ ശ്രമിക്കുകയോ ചെയ്യുക തുടങ്ങിയവ.
ലെവല്‍ വണ്‍ അനുസരിച്ച് മൂന്നു മാസം വരെ യാത്രാ വിലക്ക് ലഭിക്കാം. ലെവല്‍ ടു പ്രകാരം ആറു മാസം വരെ യാത്രാ വിലക്ക് ലഭിക്കാം. ലെവല്‍ ത്രീ ഏറ്റവും ഗുരുതരമായി കരുതുന്ന കുറ്റകൃത്യമാണ്. ശ്വാസംമുട്ടിക്കുക, കൊലപാതക ശ്രമം, വിമാനത്തിലെ ഉപകരണങ്ങള്‍ക്ക് കേട് വരുത്തല്‍, ക്രൂ അംഗങ്ങളെ ആക്രമിക്കുക തുടങ്ങിയ കുറ്റകൃത്യങ്ങള്‍ക്ക് രണ്ട് വര്‍ഷം വരെയോ ജീവിതാന്ത്യം വരെയോ വിലക്ക് ലഭിക്കാം.
എന്തൊക്കെ തരം പ്രവൃത്തികളാണ് നിയമവിരുദ്ധമായത്?
- മയക്കുമരുന്നുകളുടെ നിയമവിരുദ്ധമായ ഉപഭോഗം
- സുരക്ഷാ നിര്‍ദ്ദേശങ്ങള്‍ പാലിക്കാനുള്ള വിസമ്മതം (സീറ്റ് ബെല്‍റ്റ് ഘടിപ്പിക്കാനുള്ള നിര്‍ദ്ദേശം, പുകവലിക്കരുത്, പോര്‍ട്ടബിള്‍ ഇലക്ട്രോണിക് ഉപകരണം ഓഫ് ചെയ്യുക അല്ലെങ്കില്‍ സുരക്ഷാ അറിയിപ്പുകള് തടസ്സപ്പെടുത്തുക തുടങ്ങിയ ക്യാബിന് ക്രൂ അഭ്യര്‍ത്ഥനകള്‍ പാലിക്കാതിരിക്കുക)
- ക്രൂ അംഗങ്ങളുമായോ മറ്റ് യാത്രക്കാരുമായോ വാക്കാലുള്ള ഏറ്റുമുട്ടല്‍
- ക്രൂ അംഗങ്ങളുമായോ മറ്റ് യാത്രക്കാരുമായോ ശാരീരികമായ ഏറ്റുമുട്ടല്‍
- സഹകരിക്കാത്ത യാത്രക്കാര്‍ (ഉദാ- ക്രൂവിന്റെ ചുമതലകളില്‍ ഇടപെടല്‍, വിമാനത്തില്‍ കയറുന്നതിനോ പുറപ്പെടുന്നതിനോ ഉള്ള നിര്‍ദ്ദേശങ്ങള്‍ പാലിക്കാന്‍ വിസമ്മതിക്കുന്നതും ഉള്‍പ്പെടുന്നു)
- ജീവനക്കാര്‍ക്കോ മറ്റ് യാത്രക്കാര്‍ക്കോ വിമാനത്തിനോ നേരെ ഏതെങ്കിലും തരത്തിലുള്ള ഭീഷണിപ്പെടുത്തൽ
- ലൈംഗിക ദുരുപയോഗം/ഉപദ്രവം
- പൊതുശല്യ സ്വഭാവത്തില്‍ പെടുന്ന എന്തും (നിലവിളി, ശല്യപ്പെടുത്തുന്ന പെരുമാറ്റം, സീറ്റിന്റെ പുറകിലോ ട്രേ ടേബിളുകളിലോ തലയോ കാലോ കയ്യോ ചവിട്ടുകയും ഇടിക്കുകയും ചെയ്യുക.)
എവിടെ തുടങ്ങുന്നു നിയമങ്ങൾ?
ഏവിയേഷന്‍ നിയമങ്ങള്‍ എന്നുള്ളത് വിമാനത്തിനുള്ളില്‍ മാത്രമല്ല, ഒരു യാത്രക്കാരന് എയര്‍പോര്‍ട്ടില്‍ എത്തുന്ന നിമിഷം മുതല്‍ അയാള്‍ ഈ നിയമത്തിന്റെ പരിധിയിലാണ്. തിരിച്ചിറങ്ങുന്ന എയര്‍പോര്‍ട്ട് കോമ്പൗണ്ട് വിടുന്നത് വരെ അയാളുടെ ഓരോ പ്രവൃത്തിയും നിരീക്ഷിക്കാനും ശിക്ഷിക്കാനും അധികാരികള്‍ക്ക് അധികാരമുണ്ടെന്ന് യാത്രക്കാരും തിരിച്ചറിയണം. ഓരോ ഘട്ടത്തിലും ശ്രദ്ധിക്കേണ്ട ചട്ടങ്ങള്‍ നോക്കാം:
ചെക്ക് ഇന്‍ – പെരുമാറ്റം അനുയോജ്യമല്ലെന്ന് തോന്നുന്ന യാത്രക്കാരെ നിര്‍ബന്ധമായും ചെക്ക് ഇന്‍ സ്റ്റാഫ് തിരിച്ചറിയുകയും റിപ്പോര്‍ട്ട് ചെയ്യുകയും വേണം. അതായത് വ്യക്തി മദ്യപിച്ച നിലയിലാണെന്ന് തോന്നുകയോ, വിചിത്രമായി പെരുമാറുന്നുവെന്ന് തോന്നുകയോ ചെയ്താൽ അവരുടെ ബോര്‍ഡിങ് പ്രോസസ് ചെയ്യുന്നതിന് മുമ്പ് ഗ്രൗണ്ട് സൂപ്പര്‍വൈസറെ അറിയിക്കണം. പ്രശ്നം തിരിച്ചറിഞ്ഞാല്‍, ഓപ്പറേറ്ററോ (എയര്‍ലൈന്‍ ഡ്യൂട്ടി മാനേജര്‍, PIC, ക്യാബിന് സര്‍വീസ് മാനേജര്‍ മുതലായവർ) അദ്ദേഹം നിയോഗിച്ച വ്യക്തിയോ സംഭവം വിലയിരുത്തണം. ശേഷം അനുവാദം കൊടുക്കുകയോ യാത്ര നിരസിക്കുകയോ ചെയ്യാം.
സുരക്ഷാ സ്ക്രീനിംഗ് – സ്ക്രീനിംഗ് ചെക്ക്പോസ്റ്റുകളില്‍ അച്ചടക്കമില്ലാത്ത യാത്രക്കാരെ നേരിടാന്‍ കനേഡിയന്‍ എയര്‍ ട്രാന്‍സ്പോര്‍ട്ട് സെക്യൂരിറ്റി അതോറിറ്റി (CATSA) രൂപപ്പെടുത്തിയ സീറോ ടോളറന്‍സ് അണ്‍റൂളി പാസഞ്ചര്‍ പോളിസി പോലുള്ളവ പിന്തുടരണം. സ്ക്രീനിങ്ങിനിടെ അച്ചടക്കമില്ലാതെ പെരുമാറുന്ന ആളുകള്‍ വിമാനയാത്രക്കിടെ യാത്രക്കാര്‍ക്കും ജീവനക്കാര്‍ക്കും സുരക്ഷാ അപകടമുണ്ടാക്കുമെന്ന് കണക്കാക്കി അവരെ നേരത്തേ തന്നെ വിലക്കുന്ന രീതിയാണിത്.
ബോര്‍ഡിംഗ് ഗേറ്റ് – ബോര്‍ഡിംഗ് ഗേറ്റില്‍ എത്തുന്നതുവരെ പിടിക്കപ്പെടാത്ത പ്രശ്നക്കാരെ ഇവിടെ തിരിച്ചറിയണം. കാരണം നേരത്തെ ചെക്ക് ഇന്‍ ചെയ്ത അല്ലെങ്കില്‍ വിമാനം ലേറ്റായ ഒരു യാത്രക്കാരന് ചെക്ക് ഇന്‍ ചെയ്യുമ്പോഴോ സെക്യൂരിറ്റി സ്ക്രീനിങ്ങിനിടെയോ നടത്തിയ പരിശോധനകൾക്കു ശേഷം മദ്യം കഴിക്കാന്‍ മതിയായ സമയം ലഭിച്ചേക്കാം. വിമാനത്തിന്റെ കാലതാമസം യാത്രക്കാരിലുണ്ടാക്കുന്ന ഫ്രസ്ട്രേഷന്റെ തുടക്കവും ഈ സമയത്തായിരിക്കും.
പുറപ്പെടുന്നതിന് മുമ്പ് – വിമാനത്തിന്റെ വാതിലുകള്‍ അടയ്ക്കുന്നതിന് തൊട്ടുമുമ്പ് എയര്‍പോര്‍ട്ടില്‍ പ്രശ്നമുണ്ടാക്കാനുള്ള അവസാന അവസരമെന്നതിനാല് ഇവിടെയാണ് ഏറെ ശ്രദ്ധിക്കേണ്ടത്. പലപ്പോഴും ഏറ്റവും കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്യുന്നത് ഈ ഘട്ടത്തിലാണ്. പരിഭ്രാന്തര്‍, പരസ്പരം പ്രശ്നമുണ്ടാക്കുന്നവര്‍, മദ്യം ഉള്ളില്‍ ചെന്നവര്‍ തുടങ്ങിയ അവസ്ഥയിലുള്ള യാത്രക്കാരെ ശ്രദ്ധിക്കേണ്ടതാണ്. ക്യാബിന് ക്രൂവിന്റെ നിരീക്ഷണത്തില്‍ പിടിക്കപ്പെടുന്നവരുടെ ബാഗേജുകളും വിമാനത്തില്‍ നിന്ന് നീക്കം ചെയ്യണം.
ഫ്ലൈറ്റില്‍ – വിമാനം പറന്നുകഴിഞ്ഞാല്‍, യാത്രക്കാരുടെ പ്രശ്നം അതിനുള്ളില്‍ തന്നെ തീര്‍ക്കേണ്ടതായി വരും. ഉത്തരവാദിത്തം ഇപ്പോള്‍ ക്യാബിന് ക്രൂവിന്റെ കൈകളിലാണ്.
2014 ജൂണിലെ 70-ാമത് IATA AGM-ല്‍, അണ്‍റൂളി യാത്രക്കാരെ കൈകാര്യം ചെയ്യുന്നതിന് തയ്യാറാക്കിയ മാനദണ്ഡങ്ങള്‍ ഏകകണ്ഠമായി അംഗീകരിക്കപ്പെട്ടു. തങ്ങളുടെ ഭാഗത്ത് നിന്നുള്ള നടപടികള്‍ക്ക് പുറമേ സിവില്‍ നിയമനടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാരുകളെ പ്രേരിപ്പിക്കുക എന്നത് കൂടി തങ്ങളുടെ ഉത്തരവാദിത്വമായി അവർ എടുക്കുന്നുണ്ട്.
അന്ന് ഇന്‍ഡിഗോയില്‍ സംഭവിച്ചതെന്ത്?
ഇന്‍ഡിഗോ വിമാനത്തില്‍ കയറിയ മുഖ്യമന്ത്രി പിണറായി വിജയനെതിരെ രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത് തടയാന്‍ ശ്രമിക്കുകയായിരുന്നു അദ്ദേഹത്തിന്റെ ഗണ്‍മാനും ഇപി ജയരാജനും. പിന് സീറ്റിലിരുന്ന യൂത്ത് കോണ്‍ഗ്രസുകാര്‍ മുദ്രാവാക്യം വിളിയുമായി മുഖ്യമന്ത്രിക്ക് നേരെ നടന്നടുക്കുന്നത് സംഭവത്തിന് പിന്നാലെ പുറത്തുവന്ന ദൃശ്യങ്ങളില്‍ വ്യക്തം. അടുത്തെത്തുന്നതിന് മുന്നേ ഇപി ജയരാജന് ഇടപെടുന്നതും വാക്കേറ്റത്തിനൊടുവില്‍ യൂത്ത് കോണ്‍ഗ്രസുകാരെ തള്ളുന്നതും കാണാം. ഇവിടെ പ്രതിഷേധം ഒരു സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിക്കെതിരായാണ് നടന്നിരിക്കുന്നത്. ഇനി ഈ വിഷയത്തിന്റെ നിയമവശങ്ങളിലേക്ക് ഒന്ന് തിരിഞ്ഞുനോക്കാം.
സംഭവത്തിന് പിന്നാലെ വ്യോമയാന മേഖലയിലെ വിദഗ്ധനായ ജേക്കബ് കെ ഫിലിപ്പ് ഫേസ്ബുക്കില്‍ എഴുതിയത് ഇങ്ങനെ-കണ്ണൂര്‍-തിരുവനന്തപുരം ഇന്‍ഡിഗോ വിമാനത്തില്‍ മുഖ്യമന്ത്രിക്കെതിരേ നടന്ന പ്രതിഷേധത്തിന്റെ വിമാന, വിമാനയാത്രാ സുരക്ഷാ വശം- ഇന്ത്യന്‍ എയര്‍ക്രാഫ്റ്റ് റൂള്‍ (1937), പാര്‍ട്ട്-3, ചട്ടം 23 (എ) ഇങ്ങിനെ പറയുന്നു: ‘വിമാനത്തില്‍, ഒരാളും മറ്റാരെയും ഉപദ്രവിക്കുകയോ ഭീഷണിപ്പെടുത്തുകയോ ഭയപ്പെടുത്തുകയോ ചെയ്തുകൂടാ’ എന്നാണ്. ഇതിന് ലഭിക്കാവുന്ന ശിക്ഷയും അദ്ദേഹം വിവരിക്കുന്നുണ്ട്. ‘ശാരീരികമായും വാക്കുകള്‍ കൊണ്ടും. ചെയ്താല്‍ ശിക്ഷ- ‘ഷെഡ്യൂള്‍ 6 പ്രകാരം ഒരു വര്‍ഷം കഠിനതടവോ, അഞ്ചുലക്ഷം രൂപ പിഴയോ അല്ലെങ്കില്‍ രണ്ടും കൂടിയോ ആണ്. നിയമം 1937-ലെയാണ് എന്ന് ആക്ഷേപിക്കേണ്ട. 2018-ല്‍ പരിഷ്ക്കരിച്ചതാണ്.’ മേല്‍പ്പറഞ്ഞ മട്ടില്‍, വാക്കുകളാല്‍ ഉപദ്രവിക്കുന്നവരെ മൂന്നുമാസം വിമാനയാത്രയില്‍ നിന്നു വിലക്കാം. ‘കൂടാതെ, മറ്റുള്ളവരെ ശാരീരികമായി ഉപദ്രവിക്കുന്നവരെ ആറു മാസവും വിലക്കാം. ഈ ഉപദ്രവത്തില്‍, പിടിച്ചു തള്ളുന്നതും (പുഷ്) ഉള്‍പ്പെടും’ എന്നാണ്.
യൂത്ത് കോണ്‍ഗ്രസുകാരുടെ രണ്ടാഴ്ച വിലക്ക് നേരത്തേ വിശദീകരിച്ച ലെവല്‍ വണ്ണിന്റെ ശിക്ഷയായ മൂന്നുമാസത്തില്‍ താഴെയില്പ്പെടും. ജയരാജന്റെ മൂന്നാഴ്ച വിലക്കിന് കാരണമായി പറയുന്നത് മറ്റ് യാത്രക്കാരെ ശാരീരികമായി നേരിട്ടു (പിടിച്ചു തള്ളല്‍) വകുപ്പില്‍ വരുന്നതിനാലാണ് എന്നതാണ്.
ലെവല്‍ ടു കുറ്റം ചെയ്തയാള്‍ക്ക് ഏര്പ്പെടുത്തേണ്ടിയ വിലക്ക് മൂന്നുമാസത്തിനു മുകളിലായിരിക്കണം -പരമാവധി ആറുമാസം വരെ. എയര്‍ലൈന്‍ രൂപീകരിച്ച അന്വേഷണ സമിതിക്ക് ഈ മൂന്നു ലെവലുകള്‍ക്കുള്ളില്‍ വരുന്ന ഏതെങ്കിലും വിലക്ക് ഏര്‍പ്പെടുത്തുകയെന്ന ഓപ്ഷന് മാത്രമേയുള്ളൂവെന്ന് 2017 സെപ്റ്റംബര്‍ എട്ടിന് പുറപ്പെടുവിച്ച സിവില്‍ ഏവിയേഷന്‍ റിക്വയര്‍മെന്റ്സ് സെക്ഷന്‍ 3 – എയര്‍ട്രാന്‍സ്പോര്‍ട്ട് സീരീസ് എം, പാര്‍ട്ട് 6, ഇഷ്യൂ – 2 അറിയിപ്പിലെ ചട്ടം 8.1 വ്യക്തമാക്കുന്നുണ്ട്.
കേരളത്തിനിത് കേവലം രാഷ്ട്രീയമായ പ്രശ്നമാണെങ്കില്‍ കേന്ദ്ര ഏജന്സികള്ക്കിത് അതുക്കും മേലെയാണ്. നിസ്സാരമായ കേസല്ല ഇതെന്നും ഇത്തരം കേസുകള്‍ കൈകാര്യം ചെയ്യാന്‍ രാജ്യാന്തരതലത്തില്‍ രൂപീകരിച്ച നിയമവ്യവസ്ഥകളുണ്ടെന്നും വ്യോമയാന മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നു. ഇന്റര്‍നാഷനല്‍ സിവില്‍ ഏവിയേഷന്‍ ഓര്‍ഗനൈസേഷന്റെ നിര്‍ദേശങ്ങള്‍ക്ക് അനുസരിച്ചാണ് രാജ്യത്ത് അണ്‍ലോഫുള്‍ ആക്ട്സ് എഗൈന്‍സ്റ്റ് സേഫ്റ്റി ഓഫ് സിവില്‍ ഏവിയേഷന്‍ ആക്ട് രൂപീകരിച്ചിരിക്കുന്നത്. ഇത്തരം സംഭവങ്ങളുള്‍പ്പെടുത്തിയ വാര്‍ഷിക റിപ്പോര്‍ട്ടുകള്‍ ഇന്ത്യ ഐസിഎഒയ്ക്കു കൈമാറാറുണ്ട്. അതിന്റെ അടുത്ത റിപ്പോര്‍ട്ടില്‍ ഈ സംഭവവുമുണ്ടാകും.
നിയമലംഘനങ്ങള്‍ക്കെതിരെ നടപടിയെടുക്കേണ്ടത് ബിസിഎഎസ് (ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റി) ആണ്. 1994-ലെ നിയമഭേദഗതി അനുസരിച്ച്, വിചാരണാവേളയില്‍ ദേശവിരുദ്ധപ്രവര്‍ത്തനങ്ങള്‍ തെളിഞ്ഞാല്‍ വിമാനം തട്ടിയെടുക്കുന്നവര്‍ക്ക് വധശിക്ഷവരെ ലഭിക്കാം. തീവ്രവാദസംഘടനകള്‍ ഉള്‍പ്പെടുന്ന കേസുകളിലാണ് ഇത്തരം കടുത്ത നടപടികള്‍ വരുന്നത്. ഇന്‍ഡിഗോയില്‍ സംഭവിച്ചതുള്‍പ്പെടെയുള്ള കേസുകള്‍ക്ക് അതിന്റെ സ്വഭാവമനുസരിച്ച് ശിക്ഷ വരാം. ഈ സംഭവമുണ്ടായി ഒരു മണിക്കൂറിനുള്ളില്‍ വിമാനത്താവള അധികൃതര്‍ ഇത് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഒരു സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിക്കെതിരെയാണ് ഇത് നടന്നതെന്നതാണ് ഈ കേസിനെ ഗുരുതരമാക്കുന്നത്. ബിസിഎഎസ് വിശദമായ അന്വേഷണം ഇക്കാര്യത്തില്‍ നടത്തും. കുറ്റക്കാരാണെന്നു കണ്ടെത്തുന്നവരെ അറസ്റ്റു ചെയ്യാന്‍ നിര്‍ദേശം ഇനിയും വരും. ട്രയല്‍ കോര്‍ട്ടിലേക്ക് കേസ് പോകും.
പറഞ്ഞുവരുന്നത് ഇത്രയുമാണ്, റോഡില്‍ പ്രതിഷേധിക്കുന്ന അതേ ലാഘവത്തോടെ വിമാനത്തില്‍ ചെയ്താല്‍ കാര്യം ഗുരുതരമാകും എന്നാണ്.