ഇന്ത്യന്‍ ഫുട്ബോളിലെ മഹാരഥന്മാരായ ഇന്ദര്‍ സിങ്, ദൊരൈസ്വാമി നടരാജ് എന്നിവരോടൊപ്പം കളിച്ച പ്രസന്നന് മിഡ്ഫീല്‍ഡറായി തിളങ്ങി. സന്തോഷ് ട്രോഫിയില്‍ കേരളം, മഹാരാഷ്ട്ര, ഗോവ എന്നിവയെ പ്രതിനിധീകരിച്ചു.
മുംബൈ: മുന്‍ അന്താരാഷ്ട്ര ഫുട്ബോള്‍ താരം എം പ്രസന്നന് മുംബൈയില്‍ അന്തരിച്ചു. 73 വയസായിരുന്നു. 1970 കളിലെ പ്രതിഭാധനനായ കളിക്കാരനായ അദ്ദേഹം ഇന്ദര്‍ സിങ്, ദൊരൈസ്വാമി നടരാജ് തുടങ്ങിയവര്‍ക്കൊപ്പം കളിച്ചു. സന്തോഷ് ട്രോഫി ദേശീയ ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ കേരളം, മഹാരാഷ്ട്ര, ഗോവ എന്നിവയ്ക്കായും കളിച്ചു.
1973 ല്‍ മെര്‍ദേക്ക കപ്പില്‍, പി കെ ബാനര്‍ജി പരിശീലകനും ഇന്ദര്‍ സിങ്ങിന്റെ നായകനുമായ ഇന്ത്യന്‍ ടീമില്‍ അംഗമായിരുന്നു പ്രസന്നന്. അഞ്ചാം സ്ഥാനത്തിനുവേണ്ടി ദക്ഷിണ വിയറ്റ്നാമുമായുള്ള പോരാട്ടത്തില്‍ പ്രസന്നന് ഗോള്‍ നേടിയെങ്കിലും ഇന്ത്യ പരാജയപ്പെടുകയായിരുന്നു. താടി വളർത്തിയിരുന്ന പ്രസന്നന് ബ്രസീലിയന്‍ ഇതിഹാസം സോക്രട്ടീസിനെ അനുസ്മരിപ്പിച്ചു. കള ത്തിലിറങ്ങുമ്പോഴെല്ലാം ഹെഡ് ബാന്‍ഡ് അണിഞ്ഞിരുന്നു.
”പ്രസന്നന് ഷോര്‍ട്ട് പാസുകള്‍ ഇഷ്ടമായിരുന്നു. മികച്ച രീതിയില്‍ പന്ത് കൈമാറിയിരുന്ന അദ്ദേഹം ഫ്രീ കിക്ക് വിദഗ്ധനുമായിരുന്നു. കഠിനാധ്വാനിയായ കളിക്കാരനായിരുന്നു അദ്ദേഹം,” മെര്‍ദേക്ക കപ്പില്‍ പ്രസന്നനോടൊപ്പം കളിച്ച മുന്‍ ഇന്ത്യന്‍ പ്രതിരോധ താരം പി കെ ചാത്തുണ്ണി പറഞ്ഞു.
1970 ല്‍ ഡെംപോ ഗോവ ടീമിലെത്തിയ പ്രസന്നന് ക്രിയേറ്റീവ് മിഡ്ഫീല്‍ഡര്‍ എന്ന നിലയില്‍ സ്വന്തം പേര് എഴുതിച്ചേര്‍ത്തു. ഡെംപോയുടെ വെബ്സൈറ്റിലെ പ്ലെയര്‍ പ്രൊഫൈല്‍ വിഭാഗം പ്രസന്നനെ പ്രശംസ കൊണ്ട് മൂടുകയാണ്. ”കേരളത്തില്‍നിന്ന് ഗോവയിലെത്തിയ സെന്‍ട്രല്‍ മിഡ്ഫീല്‍ഡര്‍ അതിശയകരമായ പന്തടക്കവും വളരെധികം കൗശലവുമുഉള്ള കളിക്കാരനായിരുന്നു. കളിയുടെ ഗതി നിയന്ത്രിക്കാന്‍ കഴിവുണ്ടായിരുന്ന അദ്ദേഹം മികച്ച പ്രതിരോധത്തിനൊപ്പം കുറ്റമറ്റ പാസിങ്ങിലൂടെയും അമ്പരപ്പിച്ചു,” അത് പറയുന്നു.
1970 കളുടെ തുടക്കത്തില്‍ പ്രസന്നന് ഡെംപോയില്നിന്ന് മുംബൈ സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ ടീമിലെത്തി. കൊല്‍ക്കത്ത ക്ലബ്ബുകളായ മോഹന്‍ ബഗാന്, ഈസ്റ്റ് ബംഗാള്‍ എന്നിവയില്‍നിന്ന് ഓഫര്‍ ലഭിച്ചിട്ടും ബൂട്ടഴിക്കുന്നതു വരെ അദ്ദേഹം മുംബൈ ടീമില്‍ തുടര്‍ന്നു. സിബിഐടീമില് കളിച്ച പ്രസന്നന് ഹാര്‍വുഡ് ലീഗ് കിരീടം നേടി. പലതവണ റോവേഴ്സ് കപ്പിലും കളിച്ചു.
”അക്കാലത്ത് ബാങ്ക് ഓഫ് ഇന്ത്യ, മഫത്ലാല്‍, ഓര്‍ക്കെ മില്‍സ്, ബാങ്ക് ഓഫ് ബറോഡ തുടങ്ങി നിരവധി ടീമുകള്‍ ഉണ്ടായിരുന്നു. ഈ ടീമുകളില്‍ ജോലി കണ്ടെത്താന്‍ യുവ ഫുട്ബോള്‍ കളിക്കാരെ പ്രസന്നന് സഹായിച്ചിരുന്നു. അതാണ് അദ്ദേഹത്തിന്റെ ഗുണം,” വാസ്കോ, ഓര്‍ക്കെ ടീമുകള്‍ക്കായി കളിക്കുകയും പിന്നീട് കേരള പൊലീസ്, സാല്‍ഗോക്കര്‍ ഉള്‍പ്പെടെയുള്ള പരിശീലകനാവുകയും ചെയ്ത ചാത്തുണ്ണി പറഞ്ഞു.
കളിയില്‍നിന്നു വിരമിച്ചശേഷം പ്രസന്നന് ബെംഗളുരുവിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പോര്‍ട്സില്‍ (എന്‍ഐഎസ്) പരിശീലക കോഴ്സ് പൂര്‍ത്തിയാക്കി. പിന്നീട് മഹാരാഷ്ട്രയുടെ പരിശീലകനായി. അദ്ദേഹം പരിശീലിപ്പിച്ച മഹാരാഷ്ട്ര ടീം സന്തോഷ് ട്രോഫി ടൂര്‍ണമെന്റില്‍ റണ്ണറപ്പായിരുന്നു.
കോഴിക്കോട്ട് ജനിച്ച പ്രസന്നന് കോഴിക്കോട് സെന്റ് ജോസഫ്സ് സ്കൂളില്‍നിന്നാണ് ഫുട്ബോള്‍ യാത്ര ആരംഭിച്ചത്. 1965 ല്‍ സംസ്ഥാന ജൂനിയര്‍ ടീമിലും മൂന്ന് വര്‍ഷത്തിന് ശേഷം സീനിയര്‍ ടീമിലും ഇടം നേടി. കേരളത്തില്‍ എക്സലന്റ് എസ്സി, യങ് ജെംസ്, യങ് ചലഞ്ചേഴ്സ് ക്ലബ്ബുകള്‍ക്കായും കളിച്ചു.
ആശയാണു ഭാര്യ. മക്കള്‍: ഷനോദ്, സൂരജ്.