കോവിഡ് മരണക്കണക്കില്‍ പ്രശ്നങ്ങളുണ്ടെങ്കില്‍ പരിഹരിക്കും
കോവിഡ് മരണങ്ങള് നിര്‍ണയിക്കുന്നത് ഡോക്ടര്‍മാരാണ്
തിരുവനന്തപുരം: കോവിഡ് മരണങ്ങളുടെ കണക്ക് എന്തിന് സര്‍ക്കാര്‍ മറച്ചുവയ്ക്കണമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. മരണങ്ങള് മറച്ചുവയ്ക്കാന്‍ ഡോക്ടറോട് ആവശ്യപ്പെട്ടിട്ടില്ലെന്നും വീണാ ജോര്‍ജ് വ്യക്തമാക്കി. തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ കോവിഡ് മരണങ്ങളുമായി ബന്ധപ്പെട്ട് പ്രതിപക്ഷം ഉയര്‍ത്തിയ ആരോപണങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു ആരോഗ്യമന്ത്രി.
ചികിത്സിച്ച ഡോക്ടറോ മെഡിക്കല്‍ സൂപ്രണ്ടോ ആണ് മരണം സ്ഥിരീകരിക്കുന്നത്. കോവിഡ് മരണങ്ങള് മനപ്പൂര്‍വം മറച്ചുവെച്ചിട്ടില്ല. മരണങ്ങള് റിപ്പോര്‍ട്ട് ചെയ്യാനായി പുതിയ സര്‍ക്കാര്‍ വന്നശേഷം ഓണ്‍ലൈന്‍ സംവിധാനം ഏര്‍പ്പെടുത്തി. 24 മണിക്കൂറിനകം ആശുപത്രികള്‍ മരണം റിപ്പോര്‍ട്ട് ചെയ്തിരിക്കണം.
മറച്ചുവയ്ക്കാനുണ്ടായിരുന്നുവെങ്കില് മരണങ്ങള് റിപ്പോര്‍ട്ട് ചെയ്യാന്‍ പുതിയ സംവിധാനം ഏര്പ്പെടുത്തുമായിരുന്നില്ലെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി. മരണം മുമ്പും നിര്‍ണയിച്ചത് ഡോക്ടര്‍മാരടങ്ങിയ പാനല്‍ തന്നെയാണ്.
സുതാര്യത ഉറപ്പുവരുത്താന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. കോവിഡ് മരണക്കണക്കില്‍ പ്രശ്നങ്ങളുണ്ടെങ്കില്‍ പരിഹരിക്കും. കോവിഡ് മരണങ്ങള് നിര്‍ണയിക്കുന്നത് ഡോക്ടര്‍മാരാണ്. മാനദണ്ഡം മാറ്റുന്നത് തീരുമാനിക്കേണ്ടത് കേന്ദ്ര ആരോഗ്യ മന്ത്രാലമാണ്. മാനദണ്ഡം മാറ്റണോ എന്ന് പറയേണ്ടത് വിദഗ്ധര്‍ ആണ്. മന്ത്രിയെന്ന നിലയില്‍ മാനദണ്ഡം മാറ്റണമെന്ന് പറയാനാകില്ല.
തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ കണക്ക് പരിശോധിക്കും. സര്‍ക്കാരിനെക്കാള്‍ ഉയര്‍ന്നതാണ് മെഡിക്കല്‍ കോളേജിലെ കണക്ക്.
ഏതെങ്കിലും കോവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെങ്കില്‍ അതും പരിശോധിക്കും. ഇതുമായി ബന്ധപ്പെട്ട പരാതികള്‍ ഇ മെയിലായി നല്കിയാലും പരിശോധിക്കുമെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.
Content Highlight; Health minister Veena George press meet