Sumayya P | Samayam Malayalam | Updated: 02 Jul 2021, 11:28:46 AM
വര്‍ഷങ്ങളായി വിവിധ മേഖലകളില്‍ ജോലി ചെയ്യുന്ന പ്രവാസികള്‍ക്ക് പുതിയ പരിഷ്ക്കാരം തിരിച്ചടിയാവും
തൊഴിലില്‍ കഴിവില്ലാത്തവരെ ഒഴിവാക്കും
സൗദിയിലെ എല്ലാ സ്ഥാപനങ്ങള്‍ക്കും ഈ വ്യവസ്ഥ ബാധകമാണെന്നും മന്ത്രാലയത്തെ ഉദ്ധരിച്ച് സൗദി പ്രസ്സ് ഏജന്‍സി വ്യക്തമാക്കി. സൗദി തൊഴില്‍ കമ്പോളത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുകയും വിവിധ സ്ഥാപനങ്ങളില്‍ നിന്നുള്ള സേവനങ്ങളുടെ മികവ് ഉയര്‍ത്തുകയും ചെയ്യുകയെന്ന ലക്ഷ്യത്തിന്റെ ഭാഗമായാണ് വൈദഗ്ധ്യ പരിശോധന നടത്തുന്നതെന്ന് തൊഴില്‍ വകുപ്പ് ഡെപ്യൂട്ടി മന്ത്രി അബ്ദുല്ല ബിന്‍ നാസര്‍ അബൂ തനിന് പറഞ്ഞു. കഴിവില്ലാത്തവര്‍ വിവിധ തസ്തികകളില്‍ കയറിപ്പറ്റുന്നത് ഒഴിവാക്കാനും അതുവഴി ഉല്‍പ്പാദനക്ഷമത വര്‍ധിപ്പിക്കാനും സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നിലവില്‍ ജോലി ചെയ്യുന്നവര്‍ക്കും പരീക്ഷ ബാധകം
ജീവനക്കാര്‍ക്ക് തങ്ങളുടെ പ്രത്യേക തൊഴില്‍ മേഖലയില്‍ അക്കാദമികവും പ്രായോഗികവുമായ നൈപുണ്യം ഉണ്ടെന്ന് ഉറപ്പുവരുത്തുകയാണ് പ്രൊഫഷനല്‍ വെരിഫിക്കേഷന് പദ്ധതിയിലൂടെ ഉദ്ദേശിക്കുന്നത്. 23 തൊഴില്‍ മേഖലകളിലായി ആയിരത്തിലേറെ പ്രൊഫഷനുകളിലേക്ക് വൈദഗ്ധ്യ പരീക്ഷ നടത്താനാണ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം അറിയിച്ചു. പുതുതായി ജോലിയില്‍ പ്രവേശിക്കുന്നവര്‍ക്കു പുറമെ, നിലവില്‍ വിവിധ തസ്തികകളില്‍ ജോലി ചെയ്യുന്നവര്‍ക്കും ഈ ടെസ്റ്റ് ബാധകമാണ്. പുതുതായി ജോലിയില്‍ പ്രവേശിക്കുന്നവര്‍ക്ക് തങ്ങളുടെ മാതൃരാജ്യത്ത് വച്ചുതന്നെ പ്രത്യേക പരീക്ഷാ കേന്ദ്രങ്ങള്‍ വഴി പരീക്ഷ നടത്തും. നിലവില്‍ ജോലി ചെയ്യുന്നവര്‍ക്ക് അതിനായി സൗദിയില്‍ പരീക്ഷാ സെന്ററുകള്‍ ഒരുക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.
വിവിധ ഘട്ടങ്ങളിലായി പദ്ധതി നടപ്പിലാക്കും
ആദ്യ ഘട്ടത്തില്‍ മുവ്വായിരമോ അതില്‍ കൂടുതലോ ജീവനക്കാര്‍ ജോലി ചെയ്യുന്ന ഭീമന് സ്ഥാപനങ്ങളിലാണ് പദ്ധതി നടപ്പിലാക്കുക. തുടര്‍ന്ന് 500 മുതല്‍ 2999 വരെ ജീവനക്കാരുള്ള വലിയ കമ്പനികളിലും അതിനു ശേഷം 50 മുതല്‍ 499 വരെ ജീവനക്കാരുള്ള ഇടത്തരം സ്ഥാപനങ്ങളിലും പിന്നീട് ആറു മുതല്‍ 49 വരെ ജീവനക്കാരുള്ള ചെറിയ കമ്പനികളിലും (എ കാറ്റഗറി) അവസാന ഘട്ടത്തില്‍ അഞ്ചു വരെ ജോലിക്കാരുള്ള ബി കാറ്റഗറി സ്ഥാപനങ്ങളിലും വൈദഗ്ധ്യ പരീക്ഷ നടത്തും.
പഴയ പ്രവാസികള്‍ക്ക് തിരിച്ചടിയാവും
വര്‍ഷങ്ങളായി വിവിധ മേഖലകളില്‍ ജോലി ചെയ്യുന്ന പ്രവാസികള്‍ക്ക് പുതിയ പരിഷ്ക്കാരം തിരിച്ചടിയാവുമെന്നാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്. ഇവരില്‍ പലരും ആവശ്യമായ അക്കാദമിക യോഗ്യതകള്‍ ഉള്ളവരായിരിക്കണമെന്നില്ല. എന്നാല്‍ അനുഭവ ജ്ഞാനത്തിന്റെ അടിസ്ഥാനത്തിന്റെയും തൊഴില്‍ പരിചയത്തിന്റെയും അടിസ്ഥാനത്തിലായിരിക്കും ഇവര്‍ വിവിധ തസ്തികകളില്‍ ജോലി ചെയ്യുന്നുണ്ടാവുക. ഇനി പ്രൊഫഷനല്‍ യോഗ്യത ഉള്ളവരാണെങ്കില്‍ തന്നെയും ഇരുപതോ മുപ്പതോ വര്‍ഷങ്ങള്‍ മുമ്പ് പഠിച്ച തിയറി പാഠങ്ങള്‍ ഇപ്പോള്‍ ആളുകള്‍ ഓര്‍ത്തുകൊള്ളണമെന്നില്ല. മാത്രമല്ല, വിവിധ തൊഴില്‍ മേഖലകളുമായി ബന്ധപ്പെട്ട പുതിയ തിയറികളില്‍ അവര്‍ അപ്ഡേറ്റ് ആയിരിക്കണമെന്നുമില്ല. ഇത്തരമൊരു സാഹചര്യത്തില്‍ തിയറി, പ്രാക്ടിക്കല്‍ പരീക്ഷകള്‍ നടത്തുന്നത് പഴയ ജോലിക്കാര്‍ക്ക് വലിയ തിരിച്ചടിയാവുമെന്നാണ് കരുതപ്പെടുന്നത്.
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : saudi arabia start skills assessment for labor workers
Malayalam News from malayalam.samayam.com, TIL Network