തിരുവനന്തപുരം: മഴയില്‍ ഒരേ കുടക്കീഴില് നടന്ന പ്രണയിനികള്‍.. ഇരുവരുടേയും ഫോട്ടോ അച്ചടിച്ചു വന്ന ദിനപത്രം..അഞ്ച് വര്‍ഷത്തിനിപ്പുറം ഫോട്ടോയുടെ കഥ പങ്കുവെച്ച ഐഎഎസ് ഉദ്യോഗസ്ഥ.. ചാന്ദ്നി ചന്ദ്രന് എന്ന ഐഎഎസ് ഉദ്യോഗസ്ഥ പങ്കുവെച്ച അനുഭവകഥ കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു.
സിവില്‍ സര്‍വീസ് പരീക്ഷയുടെ ഫലം കാത്തിരിക്കുന്നതിനിടെ സമ്മര്ദമകറ്റാനായി സുഹൃത്തിനൊപ്പം നടക്കാനിറങ്ങിയ ചാന്ദ്നി ചന്ദ്രന്റേയും അരുണിന്റേയും ചിത്രം അവിചാരിതമായാണ് ടൈംസ് ഓഫ് ഇന്ത്യ ഫോട്ടോഗ്രാഫറായ രാകേഷ് നായരുടെ ക്യാമറക്കണ്ണുകള്‍ ഒപ്പിയെടുത്തത്. അടുത്ത ദിവസത്തെ പത്രത്തില്‍ മഴയുടെ വാര്‍ത്തയ്ക്കൊപ്പം ചിത്രവും അച്ചടിച്ചുവന്നു. എന്നാല്‍ ഫോട്ടോ അനുവാദമില്ലാതെ പത്രത്തില്‍ പ്രസിദ്ധീകരിച്ചതിനെതിരെ അരുണ്‍ എഡിറ്റര്‍ക്ക് പരാതി നല്കി. ഇത് പഴയ കഥ.. അഞ്ച് വര്‍ഷങ്ങള്‍ക്കിപ്പുറം ചാന്ദ്നിയും അരുണും വിവാഹിതരായി. അന്ന് എടുത്ത ചിത്രത്തെക്കുറിച്ചുള്ള അന്വേഷണം ചിത്രം പകര്‍ത്തിയ ഫോട്ടോഗ്രാഫറിലേക്കെത്തി. രാകേഷ് നായര്‍ എന്ന ഫോട്ടോഗ്രാഫര്‍ അയച്ചുകൊടുത്തതു പ്രകാരം ഒറിജിനല്‍ ചിത്രത്തിനൊപ്പം മനോഹരമായ ആ കഥയും ചാന്ദ്നി ട്വിറ്ററില്‍ പങ്കുവെച്ചു. അത് വൈറലായി.. ഇത് പുതിയ കഥ..
ചിത്രം പകര്‍ത്തിയ ഫോട്ടോഗ്രാഫറും ചിത്രത്തിലുള്ള ദമ്പതികളും മലയാളികളാണ്. ചിത്രം പകര്‍ത്തിയ സ്ഥലം നമ്മുടെ തിരുവനന്തപുരവും. വൈറലായ, ഏറെ കഥകളുള്ള ആ ചിത്രത്തെക്കുറിച്ച് ടൈംസ് ഓഫ് ഇന്ത്യയിലെ ഫോട്ടോഗ്രാഫറായിരുന്ന രാകേഷ് നായര്‍ പറയുന്നു..
2016 മെയ് പത്തിനാണ് തിരുവനന്തപുരം ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിന് സമീപത്ത് വെച്ച് ആ ചിത്രം പകര്‍ത്തുന്നത്. മഴയുടെ ചിത്രം വേണമെന്ന് നിര്‍ദേശമുണ്ടായിരുന്നു. നല്ല ഫ്രെയിം നോക്കി കറങ്ങുന്നതിനിടെയാണ് കോട്ടഭാഗത്ത് വെച്ച് ഇവരെ കാണുന്നത്. നല്ല ഫ്രെയിം ആയതുകൊണ്ട് അപ്പോള്‍ തന്നെ ഫോട്ടോ എടുത്തു. അവര്‍ക്ക് കാണാന്‍ പറ്റുന്ന ദൂരത്തുതന്നെയായിരുന്നു ഞാന്‍ ഉണ്ടായിരുന്നത്. അവരെന്നെ കണ്ടിട്ടുണ്ടാവും എന്നുതന്നെയാണ് കരുതിയത്. അവര്‍ എതിര്‍പ്പൊന്നും പറഞ്ഞിട്ടുമില്ല. സാധാരണപോലെ ചിത്രം ഓഫീസില്‍ ഫയല്‍ ചെയ്തു. അടുത്ത ദിവസത്തെ പത്രത്തില്‍ അത് പ്രസിദ്ധീകരിച്ചുവന്നു. പൊതുസ്ഥലമായതിനാല്‍ ഫോട്ടോ എടുക്കുമ്പോള്‍ എല്ലാവരോടും അനുവാദം വാങ്ങേണ്ട കാര്യമില്ലല്ലോ.
അടുത്ത ദിവസം ബ്യൂറോയില്‍ നിന്ന് ചീഫ് വിളിച്ചുപറഞ്ഞു, അനുവാദമില്ലാതെ ചിത്രം പകര്‍ത്തിയെന്ന പരാതി കിട്ടിയിട്ടുണ്ടെന്ന്. പക്ഷെ, ചിത്രമെടുക്കുമ്പോള്‍ അവര്‍ എതിര്‍പ്പ് പറഞ്ഞില്ലെന്ന് ഞാന്‍ മറുപടി പറഞ്ഞപ്പോള്‍ പിന്നീട് അതില്‍ സംസാരമൊന്നും ഉണ്ടായില്ല.
അടുത്തിടെയാണ് ഈ ഫോട്ടോ അന്വേഷിച്ച് അരുണ്‍ വിളിച്ചത്. ഫോട്ടോയിലുണ്ടായിരുന്ന ആളാണ് വിളിക്കുന്നതെന്നും ഒറിജിനല്‍ ഫോട്ടോ അയക്കാമോ എന്നും ചോദിച്ചു. പരാതി വന്ന ഫോട്ടോ ആയതിനാലും എടുത്ത ഫോട്ടോയെല്ലാം സൂക്ഷിച്ചിവെച്ചിരുന്നതിനാല് തപ്പിയെടുക്കാന്‍ ബുദ്ധിമുട്ടുണ്ടായില്ല. ആ ഫോട്ടോ ചാന്ദ്നി ട്വിറ്ററില്‍ പോസ്റ്റ് ചെയ്തപ്പോഴാണ് ഫോട്ടോയ്ക്ക് പിന്നിലുള്ള കഥ അറിഞ്ഞത്. അവരുമായി സംസാരിച്ചു, ഫോട്ടോ എടുത്തത് അറിഞ്ഞിരുന്നുവെന്നാണ് കരുതിയതെന്നും അരുണിനോട് പറഞ്ഞു. അങ്ങനെ കുറേ കാലമായി മനസ്സിലുണ്ടായിരുന്ന വിഷമം പറഞ്ഞുതീര്‍ത്തു.
സിംഗപ്പുരില്‍ പഠിക്കുന്നതിനിടെ അവധിക്കായി എത്തിയ അരുണും സിവില്‍ സര്‍വീസ് പരിശീലനം നേടുന്ന ചാന്ദ്നിയും കുതിരമാളികയില്‍ പോയി വരുന്നതിനിടെയാണ് രാകേഷ് ഫോട്ടോ പകര്‍ത്തിയത്.
തിരുവനന്തപുരം സ്വദേശിയായ അരുണ്‍ സുദര്ശന് ഇപ്പോള്‍ ഇക്കണോമിസ്റ്റ് ആന്റ് റിസേര്‍ച്ച് അനലിസ്റ്റ് ആയി ജോലി ചെയ്യുന്നത്. 2017 ബാച്ചിലെ ഐഎഎസ് ഉദ്യോഗസ്ഥയും കൊച്ചി സ്വദേശിയുമായ ചാന്ദ്നി ഇപ്പോള്‍ ത്രിപുരയിലെ കാഞ്ചന്പുരില് സബ് ഡിവിഷണല്‍ മജിസ്ട്രേറ്റായി സേവനമനുഷ്ടിക്കുകയാണ്.
ഒറ്റപ്പാലം സ്വദേശിയാണ് ടൈംസ് ഓഫ് ഇന്ത്യയിലെ ഫോട്ടോഗ്രാഫറായിരുന്ന രാകേഷ് നായര്‍. ജനിച്ചതും വളര്‍ന്നതുമെല്ലാം ഗുജറാത്തിലാണ്. ടൈംസ് ഓഫ് ഇന്ത്യയില്‍ നിന്ന് റോയിട്ടേഴ്സിലേക്ക് മാറാനൊരുങ്ങുന്നതിനിടെയാണ് അഞ്ച് വര്‍ഷം മുന്‍പ് താനെടുത്ത ഒരു ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായത്. ഒരു സാധാരണ മഴചിത്രത്തിന് പിന്നില്‍ ഇത്രയും അധികം കഥകളുണ്ടെന്ന് അറിഞ്ഞതില്‍ അമ്പരപ്പും അതിലേറെ സന്തോഷവുണ്ടെന്ന് രാകേഷ് പറഞ്ഞു.
സിവില്‍ സര്‍വീസ് പരീക്ഷാഫലം കാത്തിരിക്കുന്നതിനിടെയാണ് ചാന്ദ്നിയുടേയും അരുണിന്റേയും ചിത്രം പത്രത്തില്‍ പ്രസിദ്ധീകരിച്ചുവന്നത്. ആ വര്‍ഷം സിവില്‍ സര്‍വീസ് ലഭിച്ചില്ലെങ്കിലും പത്രത്തില്‍ ഫോട്ടോ വന്നുവെന്നായിരുന്നു ചാന്ദ്നി ഈ കഥ പങ്കുവെച്ചുകൊണ്ട് ട്വിറ്ററില്‍ കുറിച്ചത്. വിവാഹിതാരാവാത്ത തങ്ങളുടെ ചിത്രം ഇത്രയും പരസ്യമായത് ഇരുവരുടേയും വീടുകളില്‍ അസുഖകരമായ സംഭാഷണങ്ങള്‍ക്ക് ഇടവരുത്തിയെന്നും ചാന്ദ്നി കുറിച്ചിരുന്നു.