തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിമൂലം തിരുവനന്തപുരം മുറിഞ്ഞപാലത്ത് ലൈറ്റ്സ് ആന്റ് സൗണ്ട്സ് ഉടമ ആത്മഹത്യ ചെയ്തു. മായ സൗണ്ട്സ് ഉടമ നിര്‍മ്മല്‍ ചന്ദ്രന് എന്നയാളാണ് ആത്മഹത്യ ചെയ്തത്.
സാമ്പത്തിക പ്രതിസന്ധി മൂലമാണ് നിര്‍മ്മല്‍ ചന്ദ്രന് ജീവനൊടുക്കിയതെന്ന് സ്ഥാപനത്തിലെ ജീവനക്കാരും ബന്ധുക്കളും പറയുന്നു. കോവിഡ് സാഹചര്യത്തില്‍ രണ്ട് വര്‍ഷമായി സ്ഥാപനം പൂട്ടിയിട്ടിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ ഉപജീവനത്തിനായി വര്‍ക്കലയില്‍ കോഴിക്കട നടത്തിവരികയായിരുന്നു നിര്‍മ്മല്‍. ഇവിടെയാണ് നിര്‍മ്മല്‍ ചന്ദ്രനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
ലൈറ്റ് ആന്റ് സൗണ്ട്സ് സ്ഥാപനത്തിലെ സാമഗ്രികള്‍ തുരുമ്പെടുത്ത് നശിക്കുകയാണ്. ഈ മേഖലയിലെ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി നിര്‍മ്മല്‍ ചന്ദ്രന്റെ നേതൃത്വത്തില്‍ നിരവധി നിവേദനങ്ങള്‍ നല്‍കിയിരുന്നു. സാമ്പത്തിക പ്രതിസന്ധിയെക്കുറിച്ച് ബന്ധുക്കളോട് സംസാരിച്ചിരുന്നതായി സഹോദരന് വ്യക്തമാക്കി.
ഭാര്യയും രണ്ട് മക്കളും അടങ്ങുന്നതാണ് നിര്‍മ്മല്‍ ചന്ദ്രന്റെ കുടുംബം. ബിരുദ വിദ്യാര്‍ത്ഥിനിയായ മകള്‍ അച്ഛന്റെ വിയോഗ വാര്‍ത്ത അറിയാതെ പരീക്ഷയ്ക്കായി കോളേജില്‍ പോയിരിക്കുകയാണ്.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. Toll free helpline number: 1056)
Content Highlight: Financial crisis: Light and sound shop owner commits suicide