സ്വന്തമായി റോള്‍ മോഡലുകള്‍ ഇല്ല, ചെറുപ്പകാലം മുതല്‍ മീറ്റുകളില്‍ ഒന്നാമതെത്തി തുടങ്ങിയപ്പോള്‍ തിരിച്ചറിഞ്ഞ കഴിവിനെ ജാബിര്‍ പ്രയത്നത്തിലൂടെയാണ് ഒളിംപിക്സ് വരെ എത്തിച്ചത്
കൊച്ചി: റോള്‍ മോഡലുകളായി ആരുമില്ല, സ്വയം തിരിച്ചറിഞ്ഞ കഴിവ്, കഠിന പ്രയത്നത്തിലൂടെയുള്ള വളര്‍ച്ച, അങ്ങനെ മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്താനാണ് മലപ്പുറത്തുകാരനായ എം.പി.ജാബിര്‍. ഒടുവില്‍, ലോകത്തിലെ ഏറ്റവും വലിയ കായിക മാമാങ്കമായ ഒളിംപിക്സിന് യോഗ്യത നേടിയിരിക്കുകയാണ്. ഒളിംപിക്സിലെ ആദ്യ ചുവടു വയ്പാകട്ടെ ചരിത്രം തിരുത്തിക്കുറിച്ച് കൊണ്ടും.
400 മീറ്റര്‍ ഹര്‍ഡില്‍സില്‍ ഒളിംപിക്സിന് യോഗ്യത നേടുന്ന ആദ്യ പുരുഷ അത്ലറ്റാണ് ജാബിര്‍. ഇതിനു മുന്‍പ് പി.ടി.ഉഷ മാത്രമാണ് ഇന്ത്യയെ പ്രതിനിധീകരിച്ച് 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ പങ്കെടുത്തിട്ടുള്ളത്. പഞ്ചാബിലെ പട്യാലയില്‍ കഴിഞ്ഞ ദിവസം സമാപിച്ച ഇന്റര്‍ സ്റ്റേറ്റ് അത്ലറ്റിക്സില് 49.78 സെക്കന്റില്‍ ഫിനിഷ് ചെയ്ത് സ്വര്‍ണം നേടിയതാണ് ജാബിറിനെ തുണച്ചത്.
48.09 എന്ന യോഗ്യതാ സമയം നേടാനായില്ലെങ്കിലും ലോക റാങ്കിങ് പട്ടികയിലെ സ്ഥാനം ജാബിറിന് ടോക്കിയോയ്ക്കുള്ള ടിക്കറ്റ് നേടിക്കൊടുത്തു. ലോക റാങ്കിങ് ക്വാട്ട വഴി 14 പേര്‍ക്കാണ് യോഗ്യത. നിലവില്‍ ജാബിര്‍ 34-ാം റാങ്കിലാണ്. 2019 ല്‍ ജാബിര്‍ 21-ാം റാങ്ക് വരെ എത്തിയിരുന്നു.
“യോഗ്യത നേടിയെന്ന് അറിഞ്ഞപ്പോള്‍ വലിയ അഭിമാനം തോന്നി. വീട്ടുകാരുടെ പ്രാര്‍ത്ഥനയുടെയും എന്റെ പ്രയത്നത്തിന്റെയും ഫലമാണിത്. ഒളിംപിക്സില്‍ മികച്ച പ്രകടനം പുറത്തെടുക്കുകയെന്നത് മാത്രമാണ് മുന്നിലുള്ള ലക്ഷ്യം. 48 സെക്കൻഡിനുളളിൽ ഫിനിഷ് ചെയ്യാന്‍ സാധിച്ചാല്‍ ഫൈനലില്‍ കടക്കാന്‍ സാധിക്കും,” ജാബിര്‍ ഇന്ത്യന്‍ എക്സ്പ്രസ് മലയാളത്തോട് പറഞ്ഞു.
ആദ്യ കാലങ്ങളില്‍ ഹര്‍ഡില്‍സിനു പുറമെ 400 മീറ്ററിലും പങ്കെടുത്തിരുന്ന ജാബിർ മുടങ്ങാതെ ആറ് മണിക്കൂര്‍ പരിശീലനം നടത്തുണ്ട്. ”ദിവസം അഞ്ച് മുതല്‍ ആറ് മണിക്കൂര്‍ വരെ പരിശീലനം നടത്തും. രാവിലെ മൂന്ന് മണിക്കൂര്‍, വൈകിട്ടും മൂന്ന് മണിക്കൂര്‍. ഭക്ഷണത്തിന്റെ കാര്യത്തിലും വിട്ടുവീഴ്ചയില്ല,” ജാബിര്‍ വ്യക്തമാക്കി.
സ്വന്തമായി റോള്‍ മോഡലുകള്‍ ഇല്ല, ചെറുപ്പകാലം മുതല്‍ മീറ്റുകളില്‍ ഒന്നാമതെത്തി തുടങ്ങിയപ്പോള്‍ തിരിച്ചറിഞ്ഞ കഴിവിനെ ജാബിര്‍ പ്രയത്നത്തിലൂടെയാണ് ഒളിംപിക്സ് വരെ എത്തിച്ചത്. നാവിക സേനയിലെ ഉദ്യാഗസ്ഥനായ ജാബിറിന് കൂടെ ജോലി ചെയ്യുന്നവരുടെ പ്രചോദനവും കരുത്താണ്.
“കഴിഞ്ഞ ഏഴ് വര്‍ഷമായി ഹര്‍ഡില്‍സില്‍ മാത്രമാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. അമേരിക്കന്‍ പരിശീലകയായ ജലീനയുടെ കീഴിലാണ് പരിശീലനം നടത്തുന്നത്. കരിയറിലെ ഏറ്റവും മികച്ച സമയം 49.1 ആണ്. ഒളിംപിക്സില്‍ സമയം മെച്ചപ്പെടുത്താനുള്ള എല്ലാ ശ്രമങ്ങളും നടത്തും,” ജാബിര്‍ കൂട്ടിച്ചേര്‍ത്തു.
ദേശീയ സ്കൂൾ മീറ്റ് സ്വർണമടക്കം നിരവധി മെഡലുകളാണ് 24 വയസിനിടയില്‍ ജാബിര്‍ സ്വന്തമാക്കിയത്. ഏഷ്യന്‍ അത്ലറ്റിക്ക് ചാമ്പ്യന്‍ഷിപ്പില്‍ 2017, 2019, വര്‍ഷങ്ങളില്‍ രാജ്യത്തിനായി വെങ്കല മെഡല്‍ നേടിക്കൊടുത്തു. ദോഹയില്‍ കുറിച്ച 49.13 സമയത്തിലൂടെ ലോക് അത്ലറ്റിക് ചാമ്പ്യൻഷിപ് യോഗ്യതയും ജാബിര്‍ നേടിയിരുന്നു.
പന്തല്ലൂർ മുടിക്കോട് മദാരിപ്പള്ളിയാലിൽ ഹംസയുടെയും ഷെറീനയുടെയും മകനായാണ് ജാബിറിന്റെ ജനനം. ജാബിർ. പന്തല്ലൂര്‍ എച്ച്.എസ്.എസിലാണ് ഹൈസ്കൂള്‍ വിദ്യാഭ്യാസം. 2013 ല്‍ നടന്ന സംസ്ഥാന സ്കൂൾ കായികോത്സവത്തിൽ 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ സ്വര്‍ണ നേട്ടം. ഈ പ്രകടനത്തോടെയാണ് സംസ്ഥാന തലത്തില്‍ ജാബിര്‍ ശ്രദ്ധ പിടിച്ചു പറ്റുന്നത്. ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസം തവനൂർ കേളപ്പന് മെമ്മോറിയല്‍ വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലായിരുന്നു.
Also Read: ടോക്കിയോ ഒളിമ്പിക്സ്: ഇന്ത്യയിൽ നിന്നും യോഗ്യത നേടിയ അത്ലറ്റുകൾ ഇവരാണ്