ഈ ആഴ്ചയുടെ തുടക്കത്തിൽ ദേശീയ രാഷ്ട്രീയത്തിലെ ഏറ്റവും ശ്രദ്ധേയമായ വാർത്ത നിതീഷ്കുമാർ എൻ. ഡി. എ. ബന്ധം അവസാനിപ്പിച്ച് പുറത്തുചാടി എന്നതാണ്. ഒരുപക്ഷെ രാജ്യത്തെ പ്രതിപക്ഷ പാർട്ടികൾക്കും, ബി. ജെ. പി. രാഷ്ട്രീയത്തെ എതിർക്കുന്ന എല്ലാവർക്കുമുള്ള ഒരാശ്വാസം തന്നെയാണ് ഈ വാർത്ത. നരേന്ദ്ര മോദിയുടെയും അമിത് ഷായുടെയും രാഷ്ട്രീയ അപ്രമാദിത്വം ചോദ്യം ചെയ്യപ്പെടാത്ത വിധത്തിൽ ഉയർന്നുവരുന്ന സാഹചര്യത്തിൽ പ്രസക്തമായ ഒരു പ്രതിപക്ഷ ശക്തി വളർന്നുവരേണ്ടത് ജനാധിപത്യ സംവിധാനത്തിൽ പ്രധാനപ്പെട്ടതാണ്. നിതീഷിന്റെ രാഷ്ട്രീയ മലക്കം മറിച്ചിലുകൾ തികച്ചും വ്യക്തി കേന്ദ്രിതമാണെങ്കിലും അതിന്റെ സവിശേഷ തലങ്ങളെ ഉൾക്കൊള്ളുക എന്നതും പ്രധാനമാണ്. അടുത്ത ലോകസഭാ തെരഞ്ഞെടുപ്പോടുകൂടി ഒരു വിശാല പ്രതിപക്ഷ സഖ്യത്തിനും ഒരു നേതാവിനും വേണ്ടിയുള്ള കാത്തിരിപ്പിന് ഒരു വിരാമമാകുമോ ഇപ്പോഴത്തെ സാഹചര്യങ്ങളെന്ന് കാത്തിരുന്നു കാണേണ്ടി വരും. എന്തുതന്നെയായാലും ബീഹാറിലെ പരമ്പരാഗത സാമൂഹിക അവസ്ഥകളിൽ കഴിഞ്ഞ പതിനേഴു വർഷത്തെ മുഖ്യമന്ത്രി ജീവിതംകൊണ്ട് (ഇടക്ക് മാറി നിന്നെങ്കിലും) മാറ്റം വരുത്താൻ നിതീഷ് കുമാറിനു കഴിഞ്ഞിട്ടുണ്ട്. അതുതന്നെയാണ് നിതീഷ്കുമാർ ഉയർത്തുന്ന മതേതര മുഖം.
ആരാണ് നിതീഷ് കുമാർ?
1974-ലാണ് നിതീഷിന്റെ രാഷ്ട്രീയജീവിതം ആരംഭിക്കുന്നത് ജയപ്രകാശ് നാരായണൻ ഉയർത്തിയ സോഷ്യലിസ്റ്റ് കൊടുങ്കാറ്റിന്റെ ഭാഗമായി പ്രവർത്തനം തുടങ്ങിയ അദ്ദേഹം പിന്നീട് രാഷ്ട്രീയ കസർത്തുകളുടെ ആശാനായി മാറി. പിന്നീട് പതിയെ സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിലെ മുതിർന്ന നേതാക്കളുമായുള്ള ദീർഘകാല പ്രവർത്തനത്തിലൂടെ ഒരു സോഷ്യലിസ്റ്റ് നേതാവെന്ന ലേബലിൽ അറിയപ്പെട്ടു തുടങ്ങി. പിന്നീട് ഒന്നര ദശകത്തിലധികം അതേരീതിയിൽ തുടർന്ന നിതീഷ് 96 വരെ സോഷ്യലിസ്റ്റ് ചേരിയിൽ തുടർന്നു.
പാന്റ്സ് ആണുങ്ങളുടെ വേഷമോ? ചരിത്രം പറയുന്നതെന്ത്?നിതീഷിനെ നയിക്കുന്ന പ്രധാനമന്ത്രിക്കസേരയുടെ പ്രത്യയശാസ്ത്രം
ശക്തമായ പ്രത്യയശാസ്ത്ര അടിത്തറയുള്ള സോഷ്യലിസ്റ്റ് ആശയങ്ങളിൽ നിന്നും അതിന്റെ വിരുദ്ധ ചേരിയിലേക്കുള്ള നിതീഷിന്റെ ചാട്ടം അക്ഷരാർത്ഥത്തിൽ വ്യക്തികേന്ദ്രിത താല്പര്യങ്ങളുടെ പുറത്തായിരുന്നു. രാഷ്ട്രീയ നേട്ടങ്ങളുടെയും അധികാരക്കൊതിയുടെയും ഭാഗമാണിതെന്ന് വ്യാഖ്യാനിക്കുന്നതിൽ തെറ്റില്ല. 1996 മുതൽ 2013 വരെ എൻ. ഡി. എ. മുന്നണിയിൽ അംഗമായിരുന്ന നിതീഷ് യഥാർത്ഥത്തിൽ ആഗ്രഹിച്ചത് എൻ. ഡി. എ.യുടെ പ്രധാനമന്ത്രി സ്ഥാനാർഥി എന്ന ലക്ഷ്യമാണ്. നിതീഷിന് സമാന്തരമായി ഗുജറാത്തിൽ വളർന്നു വന്ന നരേന്ദ്രമോദിയുടെ പ്രഭാവത്തിൽ പക്ഷെ എൻ. ഡി. എ. മറിച്ചൊരു തീരുമാനമെടുക്കുകയും അതിൽ പ്രതിഷേധിച്ചുകൊണ്ട് നിതീഷ്കുമാർ പുറത്തുപോകുകയും ചെയ്തു. രാഷ്ട്രീയ കാലാവസ്ഥകൾ പ്രതികൂലമായതിനാൽ നിതീഷ് ദേശീയ രാഷ്ട്രീയ സ്വപ്നങ്ങൾ ഉള്ളിൽ ഒളിപ്പിച്ചു കാത്തിരുന്നു എന്നുവേണം കരുതാൻ. പൊതുവെ ദുർബലമായ പ്രതിപക്ഷത്തിൽ പൊതുസമ്മതനായ ഒരു ദേശീയനേതാവ് എന്ന സ്വപ്നം നിതീഷ് കാണുന്നുണ്ട് എന്നതാണ് യാഥാർഥ്യം.
നിതീഷ് കുമാറിന്റെ പ്രാദേശിക രാഷ്ട്രീയ സഖ്യങ്ങൾ
2000-ലാണ് നിതീഷ്കുമാർ ആദ്യമായി ബീഹാർ നിയമസഭയിലെത്തുന്നത്. മുൻപ് തെരഞ്ഞെടുപ്പുകളിൽ പരാജയപ്പെട്ടിരുന്ന നിതീഷിന്റെ ഒരു പുതിയ തുടക്കമായിരുന്നു അത്. പക്ഷെ നിയമസഭയിൽ ഭൂരിപക്ഷം തെളിയിക്കാനാവാതെ വന്നതോടെ എട്ടാംദിവസം രാജിവെച്ചൊഴിയുക എന്ന നിലയിലേക്ക് സർക്കാർ എത്തിച്ചേരുകയും മുഖ്യമന്ത്രിപദം അദ്ദേഹത്തിന് രാജിവെക്കേണ്ടി വരികയും ചെയ്തു. തുടർന്ന് അഞ്ചുവർഷത്തിനു ശേഷം 2005-ലാണ് രണ്ടാംവട്ടം മുഖ്യമന്ത്രിയാവുന്നത് ആ സമയം ബി. ജെ. പി. നയിച്ച എൻ. ഡി. എ. സഖ്യം അധികാരത്തിലെത്തിയതും നിതീഷിന് കാലാവധി പൂർത്തിയാക്കാൻ സഹായകരമായി.
ബൂത്തു പിടുത്തവും അക്രമവും നിറഞ്ഞ ബീഹാറിലെ തെരഞ്ഞെടുപ്പു ഘടനയെ ഒരു ജനാധിപത്യ സംവിധാനമാക്കി മാറ്റാൻ കഴിഞ്ഞതിലൂടെ രണ്ടായിരത്തിപത്തിൽ നിതീഷ് വീണ്ടും അധികാരത്തിലെത്തി. പിന്നീട് എൻ. ഡി. എ. വിട്ട് യു. പി. എ.യിൽ ചേർന്നെങ്കിലും 2014-ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ ജെ. ഡി. യു.വിന്റെ തോൽവിയുടെ ഉത്തരവാദിത്വമേറ്റെടുത്ത് മുഖ്യമന്ത്രിസ്ഥാനം 2015-ൽ രാജിവെച്ചു. എന്നിട്ടും പാർട്ടി വീണ്ടും നിതീഷിനെ മുഖ്യമന്ത്രിയാക്കി. മുഖ്യമന്ത്രിപദത്തിൽ നാലാംതവണയായിരുന്നു നിതീഷിന്റെ സ്ഥാനാരോഹണം. 2015-ലെ ബീഹാർ നിയമസഭ തിരഞ്ഞെടുപ്പിൽ മഹാഗഡ്ബന്ധൻ സഖ്യം (ജെ. ഡി. യു. + ആർ. ജെ. ഡി. + കോൺഗ്രസ്) അധികാരം പിടിച്ചതിനെ തുടർന്ന് നിതീഷ് മുഖ്യമന്ത്രിയായി അഞ്ചാംതവണ സ്ഥാനമേറ്റു.
എക്സ്പ്ലെയിനർ: എന്താണ് 5ജി സ്പെക്ട്രം ലേലത്തിൽ സംഭവിച്ചത്?2017-ൽ മഹാഗഡ്ബന്ധൻ പിളർന്നപ്പോൾ നിതീഷ് വീണ്ടും തനിനിറം കാണിച്ചു. വീണ്ടും എൻ. ഡി. എ. പാളത്തിൽ ചെന്നുചേർന്നു. മുഖ്യമന്ത്രി പദം രാജിവെച്ചുനടത്തിയ ഈ നാടകത്തിനുശേഷം ആറാം തവണ വീണ്ടും ബി. ജെ. പി. പിന്തുണയോടെ മുഖ്യമന്ത്രിയായി. എന്നാൽ പതിയെ ബി. ജെ. പി. ബീഹാറിന്റെ രാഷ്ട്രീയ ഭൂമിയിൽ ആധിപത്യം നേടിയതാണ് രണ്ടായിരത്തിഇരുപത്തിലെ തെരഞ്ഞെടുപ്പ് നൽകിയ സൂചന. മുഖ്യമന്ത്രിപദം നിതീഷിന് നൽകിയെങ്കിലും രാഷ്ട്രീയമായി നിതീഷ്കുമാർ ദേശീയ രാഷ്ട്രീയത്തിലും പ്രാദേശിക രാഷ്ട്രീയത്തിലും അപ്രസക്തമാകുന്നു എന്നൊരു സൂചന അതിലുണ്ടായിരുന്നു. രാഷ്ട്രീയ നാടകങ്ങളിൽ ഒടുവിലെ ഒന്നാണ് ഈ ആഴ്ച ഉണ്ടായത്.
സഖ്യകക്ഷിയായ ബി. ജെ. പി., ജെ. ഡി. യുവിനെ പിളർത്താൻ ശ്രമിക്കുന്നു എന്നാരോപിച്ച് മുഖ്യമന്ത്രിപദം രാജിവച്ച് നിതീഷ് എൻ. ഡി. എ വിട്ടു. തുടർന്ന് 80 സീറ്റുള്ള ആർ. ജെ. ഡി.യുടേയും 19 സീറ്റുള്ള കോൺഗ്രസിന്റെയും മറ്റ് സഖ്യകക്ഷികളുടേയും പിന്തുണയോടെ എട്ടാംവട്ടവും നിതീഷ് മുഖ്യമന്ത്രിയായി അധികാരമേറ്റു.
രാഷ്ട്രീയ ലക്ഷ്യങ്ങൾ
നിതീഷ്കുമാർ പുതിയ നീക്കത്തിലൂടെ ലക്ഷ്യമിടുന്നത് ഇരുപത്തി മൂന്നിലെ തെരഞ്ഞെടുപ്പിലേക്ക് ഒരു ദേശീയ നേതാവ് എന്നനിലയിൽ ഉയർത്തപ്പെടാനും നിലവിലെ സാഹചര്യത്തിൽ തന്റെ പാർട്ടിക്കുണ്ടായ തകർച്ചയെ മറികടക്കുക എന്ന ലക്ഷ്യവുമാണ്. എന്തുതന്നെയായാലും പ്രതിപക്ഷത്തെ രാഷ്ട്രീയ അസ്ഥിരത ഗുണമായാൽ നിലവിലെ എൻ. ഡി. എ. സർക്കാരിനെതിരെ ഒരു പൊതുസമ്മതനായ സ്ഥാനാർഥിയായി നിതീഷ് ഉയരുകയും പാർട്ടിക്ക് അത് ഗുണം ചെയ്യുകയും ചെയ്യും. വർധിച്ചു വരുന്ന തൊഴിലില്ലായ്മയും , വിലക്കയറ്റവും സാമ്പത്തിക പരിഷ്കരണങ്ങൾ ഉണ്ടാക്കിയ ആഘാതങ്ങളും താഴത്തട്ടിലുള്ള ജനങ്ങളെവരെ ബാധിക്കുന്ന ഘട്ടത്തിൽ നിലവിലെ സർക്കാരിനെതിരെ ഒരു പൊതുവികാരം ഉണ്ടാക്കാൻ കഴിഞ്ഞേക്കും. ജനവിരുദ്ധ നയങ്ങളെ പൊളിച്ചുകൊണ്ട് നിതീഷിന് തന്റെ മതേതര രാഷ്ട്രീയ മുഖം ഉയർത്തിപ്പിടിക്കാൻ കഴിഞ്ഞാൽ അത് രാഷ്ട്രീയമായി നേട്ടമാണ്. എന്തുതന്നെയായാലും രാഷ്ട്രീയ ബോധ്യമാണോ വ്യക്തിപരമായ താല്പര്യങ്ങൾ മാത്രമാണോ നിതീഷിനെ നയിക്കുന്നതെന്ന് കാത്തിരുന്ന് കാണണം.
(Samayam Malayalam believes in promoting diverse views and opinions on all issues. They need not conform to our editorial positions.)“ഇന്ത്യ മുസ്ലിങ്ങളുടെ സ്വദേശമല്ലെങ്കിൽ എന്റെ മൂത്ത മകന്റെ സ്വദേശം ഏതാണ്?” —ഗാന്ധിജിയുടെ ക്വിറ്റിന്ത്യാ പ്രസംഗം