തൃശ്ശൂര്‍: പോലീസ് സല്യൂട്ട് ചെയ്യുന്നില്ലെന്ന തൃശൂര്‍ മേയര്‍ എം.കെ.വര്‍ഗീസിന്റെ പരാതിയില്‍ പ്രതികരണവുമായി പോലീസ് ഓഫീസേഴ്സ് അസോസിയേഷന്. നഗരപിതാവിന്റെ സ്ഥാനം അലങ്കരിക്കുന്ന വ്യക്തിയില്‍ നിന്നും പൊതു ജനങ്ങളും ഉദ്യോഗസ്ഥരും ഈ കോവിഡ് മഹാമാരിയുടെ കാലത്ത് പ്രതീക്ഷിക്കുന്ന, ആഗ്രഹിക്കുന്ന ചില പ്രവര്‍ത്തങ്ങള്‍ ഉണ്ടാകുമെന്ന് പോലീസ് ഓഫീസേഴ്സ് അസോസിയേഷന് സംസ്ഥാന പ്രസിഡന്റ് ആര്. പ്രശാന്ത് പറഞ്ഞു.
കോവിഡ് മഹാമാരിയുടെ സാഹചര്യത്തിലും പൊതുനിരത്തില്‍ വെയിലും മഴയും പൊടിയുമേറ്റ് ജോലി നിര്‍വഹിക്കുന്ന പോലീസ് ഉദ്യോഗസ്ഥര്‍ നിര്‍ബന്ധമായും പ്രോട്ടോകോള്‍ പ്രകാരമുള്ള ആദരവ് നല്‍കണമെന്ന് കാട്ടി കത്ത് അയച്ച് ആദരവ് പിടിച്ച് വാങ്ങാന്‍ ശ്രമിക്കുമ്പോള്‍ സത്യത്തില്‍ ആദരവ് നഷ്ടപ്പെടുന്നത് പല മഹാരഥന്മാരും അലങ്കരിച്ചിരുന്ന ആ സ്ഥാനത്തിന് തന്നെയാണെന്നും ആര്. പ്രശാന്ത് പറഞ്ഞു.
ഒരു വ്യക്തിയോടുള്ള/പദവിയോടുള്ള ആദരവ് പ്രകടിപ്പിക്കുന്നതിനുള്ള ഒരു പ്രവര്‍ത്തിയാണ് സല്യൂട്ട്. റോഡില്‍ നില്ക്കുന്ന പോലീസ് ഉദ്യോഗസ്ഥര്‍ അത് വഴി കടന്ന് പോകുന്ന ഉന്നത സ്ഥാനീയരെ ആദരിക്കാന്‍ വേണ്ടി ഉപചാരപൂര്‍വ്വം നിര്‍ത്തിയിരിക്കുന്നവര്‍ അല്ല. പകരം നിരത്തിലൂടെ പോകുന്ന വാഹനങ്ങളുടെയും കാല്‍നടയാത്ര കാരുടെയും സുഗമമായ യാത്രയും സുരക്ഷയും ഉറപ്പാക്കാന്‍ നിയോഗിച്ചവര്‍ ആണെന്ന് എല്ലാവര്ക്കും അറിയാവുന്നതാണ്. ട്രാഫിക് ഡ്യൂട്ടിയില്‍ വ്യാപൃതനായിരിക്കുന്ന ഉദ്യോഗസ്ഥര്‍, അത് വഴി കടന്ന് പോകുന്ന ഉന്നതരെ സല്യൂട് ചെയ്യണമെന്ന് ആരും നിര്‍ബന്ധിക്കാത്തതിനു കാരണവും ഇത് തന്നെയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നേരത്തെ, ഔദ്യോഗിക കാറില്‍ പോകുമ്പോള്‍ പോലീസ് സല്യൂട്ട് നല്‍കുന്നില്ലെന്നും സല്യൂട്ട് തരാന്‍ ഉത്തരവിറക്കണമെന്നും തൃശൂര്‍ മേയര്‍ എം.കെ.വര്‍ഗീസ് ഡിജിപിക്ക് നല്കിയ പരാതിയില്‍ ആവശ്യപ്പെട്ടിരുന്നു. പ്രോട്ടോക്കോള്‍ പ്രകാരം ഗവര്‍ണര്‍ക്കും മുഖ്യമന്ത്രിക്കും ശേഷം മൂന്നാംസ്ഥാനമാണ് കോര്പറേഷന് മേയര്ക്കുള്ളതെന്നും സല്യൂട്ട് നല്‍കാത്ത വിഷയം പലതവണ പറഞ്ഞിട്ടും പോലീസ് മുഖം തിരിച്ചെന്നും മേയര്‍ പറഞ്ഞു.
മേയറെ കാണുമ്പോള്‍ പോലീസുകാര്‍ തിരഞ്ഞുനില്‍ക്കുന്ന സാഹചര്യമാണ്. എം.കെ.വര്‍ഗീസിനെ ആരും ബഹുമാനിക്കേണ്ട. എന്നാല്‍ മേയര്‍ എന്ന സ്ഥാനത്തെ ബഹുമാനിച്ചേ മതിയാകുവെന്നും അദ്ദേഹം പറഞ്ഞു. ഇക്കാര്യത്തില്‍ ഡിജിപിക്ക് പരാതി നല്‍കിയിട്ടുണ്ടെങ്കിലും മറുപടി ലഭിച്ചിട്ടില്ല. കമ്മീഷണറേയും സ്ഥലം എം.എല്‍.എ.യേയും കാര്യങ്ങള്‍ ബോധിപ്പിച്ചിരുന്നു. എന്നാല്‍ ഇതുവരെ ഒരുനടപടിയും ഉണ്ടായിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
Content Highlights: R. Prashant’s response on Thrissur mayor’s complaint against police