ബീറ്റ പതിപ്പ് ഉപയോഗിക്കുന്നവർക്കായി ഡിസപ്പിയറിങ് ഫോട്ടോ ഫീച്ചർ വാട്സാപ്പ് അവതരിപ്പിച്ചിരുന്നു
വാട്സാപ്പിലൂടെ ഹൈ-ക്വാളിറ്റി വിഡിയോകൾ ഷെയർ ചെയ്യാൻ കഴിയുന്ന പുതിയ ഫീച്ചർ കൊണ്ടുവരുന്നതായി റിപ്പോർട്ടുകൾ. നിലവിൽ വാട്സാപ്പിലൂടെ ചിത്രങ്ങളും വീഡിയോകളും ഷെയർ ചെയ്താൽ കംപ്രസ്സ് ചെയ്ത് കുറഞ്ഞ ക്വാളിറ്റിയിലാണ് ലഭിക്കുക.
വാട്സാപ്പിന്റെ പുതിയ ആൻഡ്രോയിഡ് വേർഷൻ 2.21.14.6 ൽ പുതിയ ഫീച്ചർ ഉൾപ്പെടുത്തിയതായി വാബെറ്റഇൻഫോ റിപ്പോർട്ട് ചെയ്തു. സ്ക്രീൻഷോട്ട് ഉൾപ്പടെയാണ് അവർ പങ്കുവച്ചത്. സുഹൃത്തുകൾക്കും കുടുംബാംഗങ്ങൾക്കും കൂടുതൽ ക്വാളിറ്റിയുള്ള വീഡിയോ അയക്കാനുള്ള പുതിയ സംവിധാനമാണ് വാട്സാപ്പ് ഒരുക്കുന്നത്.
വീഡിയോ ക്വാളിറ്റി നിർണ്ണയിക്കുന്നതിന് മൂന്ന് ഓപ്ഷനുകളായിരിക്കും ഇനി ഉണ്ടാവുക. ഓട്ടോ, ബെസ്റ്റ് ക്വാളിറ്റി, ഡാറ്റ സേവർ എന്നതായിരിക്കും ഓപ്ഷനുകൾ. ആദ്യത്തേതിൽ വാട്സാപ്പ് തന്നെ അൽഗോരിതം ഉപയോഗിച്ച് വീഡിയോക്ക് വേണ്ട മികച്ച ക്വാളിറ്റി തിരഞ്ഞെടുക്കുകയാണ് ചെയ്യുക.
രണ്ടാമത്തെ ഓപ്ഷനാണ് തിരഞ്ഞെടുക്കുന്നതെങ്കിൽ ലഭ്യമായതിൽ ഏറ്റവും നല്ല ക്വാളിറ്റിയിൽ ആയിരിക്കും വാട്സാപ്പ് വീഡിയോ ഷെയർ ചെയ്യുക. മൂന്നാമത്തെ ഡാറ്റ സേവർ ഓപ്ഷനാണ് തിരഞ്ഞെടുക്കുന്നതെങ്കിൽ വാട്സാപ്പ് നിങ്ങൾ അയക്കുന്ന വീഡിയോ കംപ്രസ്സ് ചെയ്ത് അതിന്റെ സൈസ് കുറച്ചായിരിക്കും മറ്റു വ്യക്തിക്ക് ലഭ്യമാക്കുന്നത്. നിലവിൽ നിർമാണത്തിലിരിക്കുന്ന ഈ ഫീച്ചർ ഉടൻ തന്നെ വാട്സാപ്പ് ഒരു അപ്ഡേറ്റിലൂടെ ഉപയോക്താക്കൾക്ക് ലഭ്യമാക്കും എന്നാണ് കരുതുന്നത്.
Read Also: Samsung Galaxy A22: സാംസങ് ഗാലക്സി എ22 പുറത്തിറങ്ങി; വിലയും സവിശേഷതകളും അറിയാം
അതേസമയം, ഈ അടുത്ത് ബീറ്റ പതിപ്പ് ഉപയോഗിക്കുന്നവർക്കായി ഡിസപ്പിയറിങ് ഫോട്ടോ ഫീച്ചർ വാട്സാപ്പ് അവതരിപ്പിച്ചിരുന്നു. ‘വ്യൂ വൺസ്’ എന്നാണ് ഈ ഫീച്ചറിന് പേരു നൽകിയിരിക്കുന്നത്. അതായത് ഒരു ചിത്രം സെൻഡ് ചെയ്ത ശേഷം ലഭിക്കുന്ന ആൾ തുറന്ന് കണ്ടു കഴിഞ്ഞ് ഉടൻ തന്നെ ഡിലീറ്റ് ചെയ്യപ്പെടുന്നതാണ് പുതിയ ഫീച്ചർ. ചില ആൻഡ്രോയിഡ് വാട്സാപ്പ് ഉപയോക്താക്കൾക്ക് ഇപ്പോൾ ഈ ഫീച്ചർ ലഭ്യമാണ്.
ഡിസപ്പിയറിങ് ഫോട്ടോ അയക്കുന്നതിനായി ഫോൺ ഗ്യാലറിയിൽ നിന്നും ഒരു ഫോട്ടോ തിരഞ്ഞെടുത്ത ശേഷം സ്ക്രീനിൽ കാണുന്ന വാച്ചിന്റെ രൂപത്തിലുളള ഐക്കൺ തിരഞ്ഞെടുക്കുകയാണ് ചെയ്യേണ്ടത്. താഴെ ക്യാപ്ഷൻ നൽകുന്നതിന് സമീപമാണ് ഇത് കാണാൻ കഴിയുക.