ശ്രീലങ്കൻ പരമ്പരയ്ക്ക് ഇന്ത്യ രണ്ടാംനിര ടീമിനെ അയച്ചത് ‘അപമാന’മാണെന്ന് മുൻ ലങ്കൻ ക്യാപ്റ്റൻ അർജുന രണതുംഗ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു
ശിഖർ ധവാൻ നയിക്കുന്ന ഇന്ത്യൻ ടീം ‘ശക്തരായ സ്ക്വാഡ്’ ആണെന്ന് ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡ്. വിവിധ ഫോർമാറ്റുകൾക്കായി സ്പെഷ്യലിസ്റ്റ് സ്ക്വാഡുകളും സ്പെഷ്യലിസ്റ്റ് കളിക്കാരും ഉണ്ടായിരിക്കുകയെന്നത് ഏറ്റവും പുതിയ ക്രിക്കറ്റ് മാനദണ്ഡമാണെന്നും ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡ് വെള്ളിയാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.
ജൂലൈ 13 മുതൽ ആരംഭിക്കുന്ന ശ്രീലങ്കൻ പരമ്പരയ്ക്ക് ഇന്ത്യ രണ്ടാംനിര ടീമിനെ അയച്ചത് ‘അപമാന’മാണെന്ന് മുൻ ലങ്കൻ ക്യാപ്റ്റൻ അർജുന രണതുംഗ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. അതിനു പിന്നാലെയാണ് ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡിന്റെ പ്രസ്താവന.
“വിവിധ ആളുകളുടെ വാദങ്ങൾ വകവയ്ക്കാതെ ശ്രീലങ്ക ക്രിക്കറ്റ് പറയാൻ ആഗ്രഹിക്കുന്നു, ഇന്ത്യയുടെ 20 അംഗ ടീമിലെ 14 പേരും വിവിധ ഫോര്‍മാറ്റുകളിൽ (ടെസ്റ്റ്, ഏകദിനം അല്ലെങ്കിൽ ടി20) ഇന്ത്യയെ പ്രതിനിധീകരിച്ചിട്ടുള്ളവരാണ്, മറ്റുള്ളവർ പറയുന്നത് പോലെ അവർ രണ്ടാം നിര ടീം അല്ല.” ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡ് പ്രസ്താവനയിൽ പറഞ്ഞു.
“ഇത് ക്രിക്കറ്റിലെ പുതിയ മാനദണ്ഡമാണ്, പ്രത്യേകിച്ചും ഐസിസി അംഗംങ്ങളായ രാജ്യങ്ങൾ, ഓരോ ഫോർമാറ്റിനും പ്രത്യേക സ്ക്വാഡുകളെയും കളിക്കാരെയും നിലനിർത്തുന്നുണ്ട്.” പ്രസ്താവനയിൽ പറഞ്ഞു.
Read Also: ബയോ ബബിളിന് വിട; ലണ്ടനില്‍ ചുറ്റിത്തിരിഞ്ഞ് ഇന്ത്യൻ താരങ്ങൾ
ഇന്ത്യയുടെ ഈ ടീമുമായി പരമ്പര കളിക്കാൻ ശ്രീലങ്കൻ ബോർഡ് സമ്മതം നൽകിയതിനെ രണതുംഗ വിമർശിച്ചതിന്റെ പശ്ചാത്തലത്തിലാണ് ലങ്കൻ ബോർഡിന്റെ ഈ പ്രതികരണമെന്ന് വ്യക്തമാണ്. “ഇത് രണ്ടാംനിര ഇന്ത്യൻ ടീമാണ്, അവർ ഇവിടെ വരുന്നത് നമ്മുടെ ക്രിക്കറ്റിനെ അപമാനിക്കുന്നതിന് തുല്യമാണ്. ടെലിവിഷൻ മാർക്കറ്റിംഗ് ആവശ്യങ്ങൾ മുൻനിർത്തി അവരുമായി കളിക്കാൻ സമ്മതിച്ചതിന് നിലവിലെ ബോർഡ് അംഗങ്ങളെ ഞാൻ കുറ്റപ്പെടുത്തുന്നു” എന്ന് രണതുങ്ക പറഞ്ഞതായി പിടിഐ റിപ്പോർട്ട് ചെയ്തിരുന്നു.
വിരാട് കോഹ്ലി, രോഹിത് ശർമ്മ എന്നിവർ അടങ്ങുന്ന ഇന്ത്യൻ ടീം ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരക്കായി ലണ്ടനിലായ പശ്ചാത്തലത്തിലാണ് ധവാന്റെ നേതൃത്വത്തിലുള്ള ടീമിനെ ശ്രീലങ്കൻ പരമ്പരക്ക് ബിസിസിഐ അയച്ചത്. ഇതുവരെ ഇന്ത്യൻ കുപ്പായത്തിൽ കളിക്കാത്ത യുവതാരങ്ങൾ അടങ്ങിയ ടീമിനെയാണ് ശ്രീലങ്കയിലേക്ക് അയച്ചിരിക്കുന്നത്. ജൂലൈ 13 മുതൽ മൂന്ന് ഏകദിനങ്ങളും മൂന്ന് ട്വന്റി 20 മത്സരങ്ങളുമാണ് ശ്രീലങ്കയിൽ ഇന്ത്യ കളിക്കുക.