ഫോണ്‍ കണ്ടെത്താന്‍ കുപ്പം പുഴയില്‍ പരിശോധന നടത്തും
കൊടിസുനിയെയും ഷാഫിയെയും കസ്റ്റംസ് ചോദ്യം ചെയ്യും
കൊച്ചി/കണ്ണൂര്‍: സ്വര്‍ണ്ണക്കൊള്ള കേസില്‍ ടി.പി കേസ് പ്രതികളുടെ പങ്കാളിത്തം സമ്മതിച്ച് അര്ജുന് ആയങ്കിയുടെ നിര്‍ണായക മൊഴി. കസ്റ്റംസിന്റെ നിരന്തര ചോദ്യം ചെയ്യലിലാണ് കൊടി സുനിയും മുഹമ്മദ് ഷാഫിയും സ്വര്‍ണ്ണം പൊട്ടിക്കുന്നതിന്(തട്ടിയെടുക്കാന്‍) സഹായിച്ചുവെന്ന മൊഴി നല്‍കിയത്. ഇതിനുള്ള പ്രതിഫലം ഇവര്‍ക്ക് നല്‍കിയെന്നും അര്ജുന് കസ്റ്റംസിനോട് സമ്മതിച്ചിട്ടുണ്ട്.
പൊട്ടിക്കുന്ന സ്വര്‍ണത്തിന്റെ മൂന്നില്‍ ഒരു പങ്ക് പാര്‍ട്ടിക്ക്(കൊടി സുനി ടീം) നല്‍കുമെന്ന് പറയുന്ന ഫോണ്‍ സംഭാഷണം നേരത്തെ പുറത്തുവന്നിരുന്നു.
ടി.പി കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന കൊടി സുനിയാണ് അവിടെ ഇരുന്ന് ക്വട്ടേഷന്‍ ടീമിനെ നിയന്ത്രിക്കുന്നത് എന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെയും പുറത്തുവന്നിരുന്നു. ഇപ്പോള്‍ പരോളിലാണ് മുഹമ്മദ് ഷാഫിയുള്ളത്.
ഒളിവില്‍ കഴിയാനും ടി.പി കേസ് പ്രതികള്‍ സഹായിച്ചുവെന്നും അര്ജ്ജുന് ആയങ്കിയുടെ മൊഴിയിലുണ്ട്. കൊടി സുനിയെ മുന്‍നിര്‍ത്തിയാണ് അര്ജ്ജുന് ആയങ്കിയും സംഘവും പല ഓപ്പറേഷനുകളും നടത്തിയതെന്ന സൂചനകളാണ് വരുന്നത്. കൊടിസുനിയുടെ സംരക്ഷണം ഇവര്‍ക്ക് ലഭിച്ചിരുന്നതായി കസ്റ്റംസിന് വ്യക്തമായിട്ടുണ്ട്.
അര്ജ്ജുന് ആയങ്കിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ കൊടിസുനിയെയും ഷാഫിയെയും ഉടന്‍ ചോദ്യം ചെയ്യാനൊരുങ്ങുകയാണ് കസ്റ്റംസ്. ഇതിനിടെ തന്റെ ഫോണ്‍ പുഴയില്‍ എറിഞ്ഞുകളഞ്ഞു എന്നാണ് അര്ജുന് മൊഴി നല്‍കിയത്. ഇത് കസ്റ്റംസ് ഇതുവരെ വിശ്വാസത്തിലെടുത്തിട്ടില്ല. എങ്കിലും കണ്ണൂര്‍ കുപ്പം പുഴയില്‍ പരിശോധന നടത്താനും സാധ്യതയുണ്ട്.
തെളിവെടുപ്പിനായി കണ്ണൂരില്‍ എത്തിച്ച അര്ജുന് ആയങ്കിയുമായി വീട്ടിലും കാര്‍ ആദ്യം ഉപേക്ഷിച്ച സ്ഥലത്തും അടക്കം കസ്റ്റംസ് തെളിവെടുത്ത് നടത്തും
Content Highlight: Kodi Suni and Muhammed Shafi helped for gold smuggling: Arjun Ayanki