മീനയെ ഫൗൾ ചെയ്തതിന് ഗബ്രിയേൽ ജെസ്യൂസ് ചുവപ്പ് കാർഡ് കണ്ട് പുറത്തായതോടെ പത്തു പേരുമായാണ് ബ്രസീല്‍ കളിച്ചത്
റിയോ: കോപ്പ അമേരിക്ക ഫുട്ബോൾ ടൂർണമെന്റിൽ ചിലിയെ തോൽപ്പിച്ച് ബ്രസീൽ സെമിയിൽ. എതിരില്ലാതെ ഒരു ഗോളിനാണ് ബ്രസീലിന്റെ വിജയം. പകരക്കാരനായി ഇറങ്ങിയ പക്വേറ്റയാണ് ബ്രസീലിനായി ഗോൾ നേടിയത്. മീനയെ ഫൗൾ ചെയ്തതിന് ഗബ്രിയേൽ ജെസ്യൂസ് ചുവപ്പ് കാർഡ് കണ്ട് പുറത്തായതോടെ പത്തു പേരുമായാണ് ബ്രസീല്‍ കളിച്ചത്. സെമിയിൽ പെറുവാണ് ബ്രസീലിന്റെ എതിരാളി.
മത്സരത്തിന്റെ ആദ്യ പകുതി ഗോൾ രഹിതമായിരുന്നു. രണ്ടാം പകുതിയിൽ ആക്രമണം ആരംഭിച്ച ബ്രസീലിനെ പകരക്കാരനായി എത്തിയ പക്വേറ്റ മുന്നിലെത്തിച്ചു. നെയ്മറോടൊപ്പം നടത്തിയ മുന്നേറ്റമാണ് ഗോളിൽ കലാശിച്ചത്. എന്നാൽ അടുത്ത മിനിറ്റിൽ തന്നെ ജെസ്യൂസ് ചുവപ്പു കാർഡ് കണ്ട് പുറത്തായി.
62-ാം മിനിറ്റിൽ ചിലി ബ്രസീൽ വല കുലുക്കിയെങ്കിലും റഫറി ഓഫ് സൈഡ് വിളിച്ചു. 67-ാം മിനിറ്റില്‍ നെയ്മറുടെ മുന്നേറ്റം ബ്രാവോ തടഞ്ഞിട്ടു. പിന്നീട് ഒപ്പമെത്താൻ ചിലി ശ്രമങ്ങൾ തുടർന്നെങ്കിലും, 69-ാം മിനിറ്റിൽ പന്ത് പോസ്റ്റിൽ തട്ടിത്തെറിച്ചു.
Read Also: വിജയകുതിപ്പ് തുടർന്ന് ഇറ്റലി; ബെൽജിയത്തെ തകർത്ത് സെമിയിൽ
75-ാം മിനിറ്റിൽ ബ്രസീലിന് ലീഡ് ഉയർത്താൻ ഒരു ഫ്രീകിക്ക് ലഭിച്ചെങ്കിലും നെയ്മർക്ക് അത് വലയിലാക്കാൻ സാധിച്ചില്ല. തൊട്ടുപിന്നാലെ ചിലി താരം മെനസെസിന്റെ ഷോട്ട് ബ്രസീലിയന്‍ ഗോളി എഡേഴ്സണ് തടഞ്ഞു. പിന്നീട് ഗോളിനായി ഇരു ടീമുകളും ശ്രമം തുടർന്നെങ്കിലും ആർക്കും വല കുലുക്കാൻ കഴിഞ്ഞില്ല.