സെമിയിൽ സ്പെയിനാണ് ഇറ്റലിയുടെ എതിരാളി
മ്യുണിക്ക്: യൂറോകപ്പ് രണ്ടാം ക്വാർട്ടർ ഫൈനലിൽ ലോക ഒന്നാം നമ്പർ ടീമിനെ തകർത്ത് ഇറ്റലി സെമി ഫൈനലിൽ. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് ഇറ്റലിയുടെ വിജയം. ഇറ്റലിക്കായി നിക്കോളോ ബരേല്ല, ലോറൻസോ ഇൻസിന്യ എന്നിവരാണ് ഗോൾ നേടിയത്. പെനാൽറ്റിയിലൂടെ റൊമേലു ലുക്കാക്കുവാണ് ബെൽജിയത്തിന്റെ ഏകഗോൾ നേടിയത്. സെമിയിൽ സ്പെയിനാണ് ഇറ്റലിയുടെ എതിരാളി.
മത്സരത്തിന്റെ ആദ്യ മിനിറ്റ് മുതൽ മികച്ച കളിയാണ് ഇരുടീമുകളും കാഴ്ചവെച്ചത്. 13-ാം മിനിറ്റിൽ ബൊനൂച്ചിയിലൂടെ ഇറ്റലി ആദ്യ ഗോൾ നേടി. എന്നാൽ വീഡിയോ പരിശോധനയിലൂടെ റഫറി ഓഫ് സൈഡ് വിളിച്ചു. ഗോൾ നിഷേധിച്ചു.
22-ാം മിനിറ്റിൽ ബെൽജിയത്തിനു ആദ്യ അവസരം ലഭിച്ചു. പക്ഷേ കെവിൻ ഡി ബ്രുയിനയുടെ തകർപ്പൻ ഷോട്ട് ഇറ്റാലിയൻ ഗോൾകീപ്പർ ഡൊണാറുമ തട്ടിക്കളഞ്ഞു. 26-ാം മിനിറ്റിൽ ലുക്കാക്കുവിന്റെ മറ്റൊരു ഗോളും ഡൊണാറുമ കൈക്കുള്ളിലാക്കി. വലതു ഭാഗത്തേക്ക് ഒരു ഗംഭീര ഡൈവ് ചെയ്താണ് ഡൊണാറുമ ഗോൾ തടഞ്ഞത്. അതിനു പിന്നാലെ ചിയേസയിലൂടെ ഇറ്റലി പ്രത്യാക്രമണം നടത്തിയെങ്കിലും ബെൽജിയം ഗോൾ നേടാനായില്ല.
31-ാം മിനിറ്റിൽ ബെൽജിയം പ്രതിരോധ നിര തട്ടി അകറ്റിയ പന്തു പിടിച്ചെടുത്ത് ഇറ്റലി ആദ്യ ഗോൾ സ്വന്തമാക്കി. ബെൽജിയം പ്രതിരോധ താരങ്ങൾക്കിടയിലൂടെ ബരേല്ല തൊടുത്ത മികച്ച ഒരു കിക്കാണ് ഗോളിൽ കലാശിച്ചത്. ഗോളി കുർട്വായിസിന് എന്തെങ്കിലും ചെയ്യാൻ കഴിയുന്നതിനു മുൻപ് പോസ്റ്റിൽ തട്ടി പന്ത് ഗോൾ വല കുലുക്കി.
.44-ാം മിനിറ്റിൽ മറ്റൊരു തകർപ്പൻ ഗോളിലൂടെ ഇൻസിന്യ ഇറ്റലിയുടെ രണ്ടാം ഗോൾ നേടി. ഗ്രൗണ്ടിന്റെ മധ്യഭാഗത്തു നിന്നും ഒറ്റക്ക് മുന്നേറിയ താരം ഗോൾ പോസ്റ്റിനു 25വാര അകലെ അകലെ നിന്നാണ് പന്ത് വലയിൽ എത്തിച്ചത്. അടുത്ത മിനിറ്റിൽ തന്നെ ലുക്കാക്കുവിന്റെ പെനാൽറ്റിയിലൂടെ ബെൽജിയം ഗോൾ നേടി. ബോക്സിൽ ഡോകുവിനെ ഡി ലോറൻസോ തള്ളി വീഴ്ത്തിയതിനാണ് റഫറി പെനാൽറ്റി വിധിച്ചത്.
രണ്ടാം പകുതിയിൽ സമനില സ്വന്തമാക്കാൻ ബെൽജിയം ശ്രമിച്ചെങ്കിലും ലഭിച്ച അവസരങ്ങൾ പാഴാക്കിയതോടെ അതിനു കഴിയാതെയായി. 61-ാം മിനിറ്റിൽ ലുക്കാക്കു ലഭിച്ച അവസരം പാഴാക്കിയതും ടീമിന് തിരിച്ചടിയായി. ഇറ്റാലിയൻ പ്രതിരോധ നിരയെ കബളിപ്പിച്ചു നിരവധി തവണ യുവതാരം ഡോകു മുന്നേറിയെങ്കിലും ഗോൾ നേടാൻ സാധിച്ചില്ല.