കോഴിക്കോട്: ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനെതിരെ നടക്കുന്നത് പിണറായി വിജയന് സര്‍ക്കാരിന്റെ വേട്ടയാടലെന്ന് ബിജെപി. ഒരു രാഷ്ട്രീയ നേതാവിനോട് ഒരു ഭരണകൂടവും ചെയ്യാത്തത്ര ക്രൂരതയാണ് കെ.സുരേന്ദ്രനോട് മാര്‍കിസ്റ്റ് സര്‍ക്കാര്‍ ചെയ്തത്. ശബരിമല കേസിലും കൊടകര കേസിലും മഞ്ചേശ്വരത്തെ തിരഞ്ഞെടുപ്പ് കേസിലും തുടങ്ങി സുരേന്ദ്രനെതിരെ വാസ്തവവിരുദ്ധമായ ആരോപണങ്ങളാണ് ഉയര്‍ത്തിയത്. സമകാലിക കേരളം കക്ഷിരാഷ്ട്രീയഭേദമന്യേ കാതോര്‍ത്ത മറ്റൊരു ജനകീയ നേതാവില്ല. സിപിഎം കെ സുരേന്ദ്രനെ ഭയപ്പെടുന്നത് ഇതും കൂടി കൊണ്ടാണെന്ന് ബിജെപിയുടെ കേരളത്തിലെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്ത കുറിപ്പില്‍ പറയുന്നു. ജനനായകനെ വേട്ടയാടാന്‍ വിട്ടുതരില്ല എനന് പേരിലാണ് കുറിപ്പുള്ളത്.
ബിജെപി കേരളത്തിന്റെ ഫെയ്സ്ബുക്ക് കുറിപ്പ്
ജനനായകനെ വേട്ടയാടാന്‍ വിട്ടുതരില്ല
സമകാലിക കേരളം കക്ഷിരാഷ്ട്രീയത്തിനപ്പുറം കെ. സുരേന്ദ്രന് എന്ന ഭാരതീയ ജനതാപാര്‍ട്ടിയുടെ അദ്ധ്യക്ഷന്റെ വാക്കുകളല്ലാതെ ഇത്രയേറെ കാതോര്‍ത്ത മറ്റൊരു നേതാവും ഉണ്ടായിട്ടില്ല. ആത്മാര്‍ത്ഥമായ ഇടപെടലുകളും സമരസപ്പെടാത്ത സമരവീര്യവും കൊണ്ടാണ് കെ.സുരേന്ദ്രന് രാഷ്ട്രീയ കേരളത്തില്‍ തന്റെതായ ഇരിപ്പിടമുണ്ടാക്കിയത്. ഈയൊരു ഒറ്റ കാരണം കൊണ്ടാണ് സിപിഎമ്മും അവരുടെ സര്‍ക്കാരും ബിജെപി അദ്ധ്യക്ഷനെ വളഞ്ഞിട്ട് ആക്രമിക്കുന്നത്.
ഇതിന് മുമ്പ് ശബരിമല പ്രക്ഷോഭകാലത്താണ് ഇത്തരത്തിലുള്ള ഒരു വേട്ട സുരേന്ദ്രനെതിരെ പിണറായി സര്‍ക്കാര്‍ നടത്തിയത്. അന്ന് എല്ലാ ബിജെപി നേതാക്കളെയും വേട്ടയാടിയ പിണറായി സര്‍ക്കാര്‍ സുരേന്ദ്രനെ മാത്രം ജയിലിലടച്ചത് അദ്ദേഹത്തോടുള്ള ഭയം കൊണ്ടു കൂടിയാണന്ന് വ്യക്തം. ഓരോ ദിവസവും നിരവധി കള്ളക്കേസുകള്‍ ചുമത്തി ജയിലുകളില്‍ നിന്നും ജയിലുകളിലേക്ക് സുരേന്ദ്രനെ മാറ്റി കൊണ്ടിരുന്നത് വിശ്വാസി സമൂഹത്തിന്റെ ഹൃദയത്തെ മുറിവേല്‍പ്പിച്ചു. ഒരു രാഷ്ട്രീയ നേതാവിനോട് ഒരു ഭരണകൂടവും ചെയ്യാത്തത്ര ക്രൂരതയാണ് കെ.സുരേന്ദ്രനോട് മാര്‍കിസ്റ്റ് സര്‍ക്കാര്‍ ചെയ്തത്. 250 ഓളം കേസുകള്‍ അദ്ദേഹത്തിന്റെ പേരില്‍ രജിസ്റ്റര്‍ ചെയ്തു. എന്നാല്‍ സിപിഎമ്മിന്റെ പ്രതീക്ഷയ്ക്ക് വിപരീതമായ കാര്യങ്ങളാണ് പിന്നീട് സംഭവിച്ചത്. ഇരുമുടിക്കെട്ടുമായി ജയിലിലേക്ക് പോവുന്ന സുരേന്ദ്രന്റെ ചിത്രം ലക്ഷക്കണക്കിന് വിശ്വാസികളില്‍ സര്‍ക്കാര്‍ വിരുദ്ധ വികാരമുണ്ടാക്കി. ശബരിമല സമരത്തില്‍ 22 ദിവസം ജയില്‍വാസമനുഷ്ഠിച്ചതോടെ അദ്ദേഹം ഹൈന്ദവവിശ്വാസികളുടെ പ്രിയങ്കരനായി മാറി. ജയില്‍ മോചിതനായി മടങ്ങിയെത്തിയ സുരേന്ദ്രന് വീരോചിതമായ വരവേല്‍പ്പാണ് കേരളത്തിലങ്ങിങ്ങോളം ലഭിച്ചത്. കെ.എസ് എന്നത് ഒരു ബ്രാന്‍ഡായി മാറാന്‍ ശബരിമല സമരം കാരണമായി. 2019 ലോക്സഭാ തിരഞ്ഞെടുപ്പില്‍ പത്തനംത്തിട്ടയില്‍ മത്സരിച്ച അദ്ദേഹം മൂന്ന് ലക്ഷത്തോളം വോട്ട് നേടി ഇരുമുന്നണികളെയും ഞെട്ടിക്കുകയും ചെയ്തു. ഇടതുപക്ഷമാവട്ടെ 19 സീറ്റിലും ദയനീയമായി തോറ്റ് കനലൊരു തരിയായി മാറുകയും ചെയ്തു. അന്നത്തെ വേട്ടയാടലിന് സമാനമായാണ് പിണറായി വീണ്ടും സുരേന്ദ്രനെതിരെ ഗൂഢാലോചന നടത്തുന്നത്.
കൊടകര കവര്‍ച്ചാക്കേസില്‍ അദ്ദേഹത്തെ കുടുക്കാന്‍ ആവുന്നത്ര ശ്രമിച്ച പൊലീസ് അദ്ദേഹത്തിന്റെ മകനെ പോലും അതിലേക്ക് വലിച്ചിഴച്ചു. മാധ്യമങ്ങളും സുരേന്ദ്രനെ വളഞ്ഞിട്ടാക്രമിക്കാന്‍ സിപിഎമ്മിനൊപ്പം ചേര്‍ന്നു. പൊലീസ് നല്കിയ വ്യാജവാര്‍ത്തകള്‍ മാത്രം ബ്രേക്കിംഗായി നല്കി അവര്‍ അന്തിചര്‍ച്ചയില്‍ അദ്ദേഹത്തെ വിചാരണ ചെയ്തു. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകളായി കേരളത്തിന്റെ പൊതുസമൂഹത്തില്‍ നിറഞ്ഞുനില്ക്കുന്ന ഒരു പൊതുപ്രവര്‍ത്തകനെ ഒരു തെളിവിന്റെയും പിന്തുണയില്ലാതെ ക്രൂശിച്ചു. എന്നിട്ട് അവസാനം തലങ്ങും വിലങ്ങും അന്വേഷിച്ച പൊലീസ് ഇരുട്ടില്‍ തപ്പിയപ്പോള്‍ കൊടകരയിലെ പണം ധര്‍മ്മരാജന്റെ തന്നെയായിരുന്നെന്ന് ഉള്‍പേജില്‍ ഒരു കോളം വാര്‍ത്ത കൊടുത്ത് തലയൂരി.
കൊടകര നനഞ്ഞ പടക്കമായതോടെ മഞ്ചേശ്വരത്തെ സുന്ദരയുടെ പിന്നാലെയായി പൊലീസും മാധ്യമങ്ങളും. എകെജി സെന്ററില്‍ നിന്നും തയ്യാറാക്കിയ തിരക്കഥ അനുസരിച്ച് ഒരു ചാനല്‍ റിപ്പോര്‍ട്ടര്‍ സുന്ദരയുടെ അടുത്ത് പോവുന്നു. തനിക്ക് ബിജെപി 2.5 ലക്ഷം കൈക്കൂലി തന്നതു കൊണ്ടാണ് സ്ഥാനാര്‍ത്ഥിത്വം പിന്‍വലിച്ചതെന്ന് അദ്ദേഹത്തെ കൊണ്ടു പറയിപ്പിക്കുന്നു. പിറ്റേന്ന് തന്നെ സുരേന്ദ്രന്റെ പേരില്‍ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുക്കുന്നു. കൈക്കൂലി വാങ്ങിയെന്ന് സമ്മതിക്കുന്ന സുന്ദരയുടെ പേരില്‍ കേസെടുക്കാതെ കൈക്കൂലി നല്‍കിയതിന് ഒരു തെളിവുമില്ലാത്ത സുരേന്ദ്രന്റെ പേരില്‍ കേസെടുക്കുന്നു. അതും തന്നെ ആരു തട്ടികൊണ്ടു പോയിട്ടില്ലെന്ന് സുന്ദര പോലും പറഞ്ഞിട്ടും പൊലീസ് ചേര്‍ത്ത വകുപ്പില്‍ തട്ടികൊണ്ടു പോകലും അന്യായമായി തടവില്‍ വെക്കലും ചേര്‍ക്കുന്നു. ശബരിമല സമരത്തിന്റെ കേസിലും ഇത് തന്നെയായിരുന്നു സ്ഥിതി. ഒരു സ്ത്രീയെ തേങ്ങ കൊണ്ട് തലയ്ക്കടിച്ചു കൊല്ലാന്‍ ശ്രമിച്ചെന്നായിരുന്നു കേസ്. പിന്നീട് നിരവധി കള്ളക്കേസുകള്‍ ചാര്‍ത്തി അദ്ദേഹത്തെ ദിവസങ്ങളോളം ജയിലിലടച്ച് പീഡിപ്പിച്ചു. ഇപ്പോള്‍ ആ കേസുകളുടെ അവസ്ഥ എന്താണ്? ഒന്നിലും സുരേന്ദ്രനെതിരെ തെളിവുകളില്ലെന്ന് പൊലീസ് തന്നെ സമ്മതിച്ചു.
വിട്ടുവീഴ്ചയില്ലാതെ സര്‍ക്കാരിന്റെ അഴിമതികള്‍ക്കെതിരെ നിലപാടെടുത്ത സുരേന്ദ്രനുള്ള മറുപടി പിന്നീട് വേറെ രീതിയില്‍ കൊടുത്തോളാം എന്ന് ഒരു വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി പറഞ്ഞിരുന്നു. ആ മറുപടിയാണ് ഇപ്പോള്‍ കൊടകര കവര്‍ച്ചാ കേസിലൂടെയും മഞ്ചേശ്വരത്തെ സുന്ദരയെ ഉപയോഗിച്ച് നടത്തുന്ന പൊറാട്ട് നാടകത്തിലൂടെയും സര്‍ക്കാര്‍ നല്‍കുന്നത്. ബിജെപി അദ്ധ്യക്ഷനെ തകര്‍ക്കാന്‍ വര്‍ഷങ്ങളുടെ സമരപോരാട്ട ചരിത്രമുള്ള ആദിവാസി നേതാവ് സികെ ജാനുവിനെ പോലും സിപിഎം അപമാനിക്കുകയാണ്. അതിനും മാധ്യങ്ങള്‍ കൂട്ടുനില്‍ക്കുന്നുവെന്നത് ഈ മേഖലയില്‍ സിപിഎം ഫ്രാക്ഷന് എത്രത്തോളം ശക്തമാണെന്നതിന്റെ ഉദാഹരണമാണ്.
ബിജെപിക്ക് അധികാരത്തിന്റെ വിദൂര സാധ്യത പോലും ഇല്ലാത്ത ഒരു കാലത്തായിരുന്നു തന്റെ നിസ്വാര്‍ത്ഥ രാഷ്ട്രീയപ്രവര്‍ത്തനം കെ.സുരേന്ദ്രന് ആരംഭിക്കുന്നത്. കേരളീയ സമരചരിത്രത്തിലെ സാംസ്കാരിക ഭൂമിയായ കോഴിക്കോടിന്റെ മണ്ണില്‍ നിന്നാണ് അദ്ദേഹം രാഷ്ട്രീയ പ്രവര്‍ത്തനം ആരംഭിക്കുന്നത്. സിപിഎം ശക്തി കേന്ദ്രമായ ഉള്ള്യേരിയില്‍ ജനിച്ച് സംഘപ്രസ്ഥാനങ്ങളിലൂടെ വളര്‍ന്ന് ഇന്ന് ബിജെപിയുടെ സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തെത്തിയ പൊതുപ്രവര്‍ത്തകനെ സിപിഎം ഭയക്കുന്നത് സ്വാഭാവികമാണ്. കമ്മ്യൂണിസ്റ്റു പാര്‍ട്ടിയുടെ ഫ്യൂഡല്‍ മനോഭാവത്തെ അംഗീകരിച്ച് കൊടുക്കാത്തതു കൊണ്ട് വിദ്യാര്‍ത്ഥി സംഘടനാ പ്രവര്‍ത്തകനായിരുന്നപ്പോള്‍ മുതല്‍ അവര്‍ സുരേന്ദ്രനെ വേട്ടയാടി കൊണ്ടിരിക്കുന്നു.
കോഴിക്കോട് ഗുരുവായൂരപ്പന് കോളേജില്‍ പഠിക്കുന്ന കാലം മുതല്‍ എബിവിപിയുടെ നേതാവായിരുന്ന സുരേന്ദ്രന് നേരെ എസ്എഫ്ഐ-ഡിവൈഎഫ്ഐ അക്രമമുണ്ടായി തുടങ്ങി. ഏതാണ്ട് 30 വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്ന് ബിജെപിയുടെ സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തെത്തിയപ്പോഴും അവര്‍ അദ്ദേഹത്തെ വേട്ടയാടുകയാണ്. വിദ്യാര്‍ത്ഥി നേതാവായിരുന്നപ്പോള്‍ ധാരാളം കള്ളക്കേസുകളിലും അദ്ദേഹത്തെ കുടുക്കാന്‍ കുട്ടി സഖാക്കള്‍ ശ്രമിച്ചു. അതിന് ഒരൊറ്റ കാരണം മാത്രമേയുള്ളൂ സിപിഎമ്മിന്റെ മുമ്പില്‍ തലകുനിക്കാന്‍ കെ.സുരേന്ദ്രന് തയ്യാറല്ല. തന്റെ രാഷ്ട്രീയ ജീവിതത്തിലൊരിക്കലും സമരസപ്പെടാത്ത സമരനായകനാണ് അദ്ദേഹം.
കമ്മ്യൂണിസ്റ്റുകാരെ സംബന്ധിച്ചിടത്തോളം അവരുടെ ഹിറ്റ്ലിസ്റ്റിലെ ഒന്നാംപേരുകാരനായി സുരേന്ദ്രന് മാറാന്‍ നിരവധി കാരണങ്ങളുണ്ട്. അതില്‍ ഏറ്റവും പ്രധാനം സുരേന്ദ്രന് സംഘാടകപാടവവും ജനകീയതയും ഒരുപോലെയുള്ള നേതാവാണെന്നതാണ്. ജനങ്ങളെ സംഘടിപ്പിച്ച് സിപിഎമ്മിനെ പ്രതിരോധിക്കാന്‍ ശേഷിയുള്ള ഒരു നേതാവ് ബിജെപിയുടെ തലപ്പത്ത് ഇരിക്കുന്നതിലും വലിയ അപകടം വേറെയില്ലെന്ന് പിണറായി വിജയന് നന്നായറിയാം. യുവമോര്‍ച്ചാ സംസ്ഥാന പ്രസിഡന്റ് സ്ഥാനത്ത് സുരേന്ദ്രന് എത്തിയ ശേഷം സിപിഎമ്മിന് അദ്ദേഹം വലിയ ഒരു തലവേദനയായി മാറുന്ന കാഴ്ചയാണ് കേരളം കണ്ടത്. കൊടിയേരിയുടെ മക്കളുടെ അനധികൃത ഇടപാടുകള്‍ക്കെതിരെ ആദ്യമായി ശബ്ദമുയര്‍ത്തിയത് കെ.എസ് ആയിരുന്നു. അതുവരെ ഒരു രാഷ്ട്രീയ നേതാവും പറയാന്‍ മടിച്ചിരുന്ന കാര്യം സുരേന്ദ്രന് ഒരു കൂസലുമില്ലാതെ വിളിച്ചു പറഞ്ഞു. കൊടിയേരിയും പാര്‍ട്ടിയും അസ്വസ്ഥരായി. അന്നും അവര്‍ അദ്ദേഹത്തെ ഒറ്റതിരിഞ്ഞു അക്രമിക്കാന്‍ ശ്രമിച്ചു. എന്നാല്‍ ബിജെപിയും സംഘപരിവാറും സുരേന്ദ്രന് സംരക്ഷണകവചമൊരുക്കിയത് കൊണ്ടാണ് ശാരീരികമായ അക്രമണങ്ങളില്‍ നിന്നും പോലും അദ്ദേഹം രക്ഷപ്പെട്ടത്. ഉജ്ജ്വലമായ സമരപോരാട്ടങ്ങളിലൂടെ കേരളത്തില്‍ മാറി മാറി വന്ന ഇടത്- വലത് മുന്നണികളെ അദ്ദേഹം സമ്മര്‍ദ്ദത്തിലാക്കി. യുവജന നേതാവെന്ന രീതിയിലുള്ള സുരേന്ദ്രന്റെ പ്രവര്‍ത്തനം രാഷ്ട്രീയത്തിനധീതമായ പ്രശംസയും നേടി കൊടുത്തു. സുരേന്ദ്രനുമായി തുലനം ചെയ്യാന്‍ പറ്റിയ ഒരു നേതാവ് പോലും ഇടത് യുവജനസംഘടനയില്‍ ഇല്ല എന്നതും സിപിഎമ്മിനെ പ്രകോപിപ്പിച്ചു.
കോവളം കൊട്ടാരം സമരം, കേരളാ യൂണിവേഴ്സിറ്റി അസിസ്റ്റന്‍ഡ് ഗ്രേഡ് അഴിമതിക്കെതിരായ സമരം, ടോട്ടല്‍ ഫോര്‍ യു തട്ടിപ്പ്, മലബാര്‍ സിമന്റ്സ് അഴിമതി, സോളാര്‍ തട്ടിപ്പ് തുടങ്ങിയ അഴിമതികള്‍ക്കെതിരെ സമരം നയിച്ച സുരേന്ദ്രന് കേരളത്തിലെ തെരുവുകളില്‍ അഗ്നി പടര്‍ത്തി. യുവമോര്‍ച്ചയില്‍ നിന്നും ബി.ജെ.പിയിലെത്തിയ അദ്ദേഹം പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറി പദവിയിലും മികച്ച പ്രവര്‍ത്തനമാണ് നടത്തിയത്. പൊതു രാഷ്ട്രീയ സംഭവവികാസങ്ങളോട് പെട്ടെന്ന് പ്രതികരിക്കുന്ന സുരേന്ദ്രന് സോഷ്യല്‍ മീഡിയയിയിലും ഏറ്റവും ജനപിന്തുണയുള്ള രാഷ്ട്രീയ നേതാക്കളിലൊരാളായി മാറി. അതുകൊണ്ട് തന്നെ അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റുകളെല്ലാം മാധ്യമ വാര്‍ത്തകളില്‍ ഇടംപിടിക്കാറുമുണ്ട്.
സോളാര്‍ അഴിമതിയില്‍ സുരേന്ദ്രന് എന്ത് പറയുന്നു എന്ന് നോക്കി പ്രതികരിക്കേണ്ട ഗതികേടിലായിരുന്നു ഇടതുപക്ഷത്തെ എല്ലാ നേതാക്കളും. സുരേന്ദ്രന് പറഞ്ഞതിലേക്ക് കാര്യങ്ങള്‍ എത്തിയെങ്കിലും ഭരണത്തിലെത്തിയ ശേഷം പിണറായി സര്‍ക്കാര്‍ കോണ്‍ഗ്രസ് നേതാക്കളെ രക്ഷിച്ചെടുത്തു. ജനകീയ പിന്തുണ വര്‍ധിപ്പിച്ചു കൊണ്ടിരുന്ന സുരേന്ദ്രനെ തിരഞ്ഞെടുപ്പില്‍ തോല്‍പ്പിക്കാന്‍ യുഡിഎഫിനെ സഹായിക്കുന്ന അവസ്ഥയിലേക്ക് ഇടതുപക്ഷം മാറിയത് തന്നെ അദ്ദേഹത്തെ അവര്‍ എത്രത്തോളം ഭയക്കുന്നു എന്നതിന്റെ ഉദ്ദാഹരമാണ്.
2016ലും കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലും മുസ്ലിംലീഗിന് സിപിഎം വോട്ട് മറിച്ചില്ലായിരുന്നെങ്കില്‍ കെ.എസ് നിയമസഭയിലുണ്ടാകുമായിരുന്നു. കേരളത്തിലെ ബിജെപി പ്രവര്‍ത്തകര്‍ ഏറെ ആഗ്രഹിച്ച തീരുമാനമായിരുന്നു കെ.സുരേന്ദ്രന്റെ സംസ്ഥാന പ്രസിഡന്റ് സ്ഥാനാരോഹണം. കൊവിഡ് മഹാമാരിയുടെ പ്രതിസന്ധികള്‍ക്കിടയിലും പതറാതെ പാര്‍ട്ടിയെ നയിച്ച അദ്ദേഹം സ്വര്‍ണ്ണക്കടത്ത്,ഡോളര്‍ക്കടത്ത്,വടക്കാഞ്ചേരി ലൈഫ്മിഷന് തട്ടിപ്പ് തുടങ്ങി പിണറായി സര്‍ക്കാരിന്റെ അഴിമതികള്‍ക്കെതിരെ മുന്നില്‍ നിന്നും പോരാടി യഥാര്‍ത്ഥ പ്രതിപക്ഷ നേതാവായി മാറി. തങ്ങള്‍ക്ക് മെരുങ്ങാത്ത സുരേന്ദ്രനെ തകര്‍ക്കുക എന്നതാണ് മാര്‍കിസ്റ്റു ഭരണകൂടത്തിന്റെ ലക്ഷ്യം. എന്നാല്‍ കാറും കോളും കണ്ടാല്‍ വിറക്കുന്ന കപ്പിത്താനല്ല കെ.സുരേന്ദ്രന്. ജനപിന്തുണയും ശക്തമായ സംഘടനയുടെ പിന്‍ബലവുമുള്ള കരുത്തനായ അമരക്കാരനാണ് അയാള്‍. ഈ പോരാട്ടത്തില്‍ സുരേന്ദ്രന് ഒരിക്കലും തോല്ക്കാന് പാടില്ല. സുരേന്ദ്രന് തോറ്റാല്‍ തോല്‍ക്കുന്നത് ജനാധിപത്യവും അഭിപ്രായ സ്വാതന്ത്രവുമായിരിക്കും. എതിര്‍ക്കുന്നവരെ അടിച്ചമര്‍ത്താനുള്ള പിണറായിയുടെ ഏകാധിപത്യത്തെ ചെറുത്ത് തോല്‍പ്പിക്കാന്‍ ഇന്ന് കേരളത്തില്‍ സുരേന്ദ്രനും ബിജെപിക്കും മാത്രമേ സാധിക്കുകയുള്ളൂ.