കോഴിക്കോട്: സ്വര്‍ണക്കള്ളക്കടത്ത് കേസ് സിപിഎം നേതാക്കളിലേക്ക് തിരിയുമ്പോള്‍ അതില്‍ നിന്ന് ശ്രദ്ധതിരിക്കാനാണ് തനിക്ക് കൊടകര കേസില്‍ ഹാജരാവാന്‍ നോട്ടീസ് നല്‍കിയതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്. തനിക്കെതിരെ സിപിഎം ഗൂഢാലോചന നടത്തുന്നുവെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
സ്വര്‍ണക്കള്ളക്കടത്ത് കേസുകളെല്ലാം ഇപ്പോള്‍ നേരെ എത്തുന്നത് സിപിഎം നേതാക്കളിലേക്കാണ്. അര്ജുന് ആയങ്കി പറയുന്നത് കൊടി സുനിയാണ് ഇതിനൊക്കെ പിന്നില്‍ ആണെന്നാണ്. കൊടി സുനിയാണ് പിന്നിലെങ്കില്‍ ഇതെല്ലാം ചെയ്യുന്നത് എകെജി സെന്ററാണെന്ന് ഉറപ്പായി.
സ്വര്‍ണക്കള്ളക്കടത്തിന്റെ പൂര്‍ണമായ വിവരങ്ങള്‍ പുറത്തുവന്നതോടെ സിപിഎം പ്രതിരോധത്തിലായി. അതില്‍ നിന്ന് ശ്രദ്ധ തിരിക്കാനാണ് തനിക്ക് നോട്ടീസ് അയച്ചത്. കേസുകളെ കണ്ട് ഒളിച്ചോടുന്നവരല്ല ബിജെപി നേതാക്കള്‍. കള്ളക്കേസ് ആണെന്നറിഞ്ഞിട്ടും നിയമവാഴ്ചയോട് സഹകരിക്കുന്ന നിലപാടാണ് ബിജെപി സ്വീകരിക്കുന്നത്. ഒന്നും മറച്ചുവെക്കാനില്ലെന്ന് ആദ്യം മുതല്‍ പറഞ്ഞിട്ടുണ്ട്.
സിപിഎം നേതാക്കളുടെ താല്പര്യം സംരക്ഷിക്കാന്‍ ബിജെപി നേതാക്കളെ ചോദ്യം ചെയ്യാനായി വിളിച്ചുവരുത്തുകയാണ്. എന്നാല്‍ വിളിച്ചുവരുത്തുന്നതിന് ശേഷം എന്താണ് സംഭവിക്കുന്നതെന്ന് ആരും അന്വേഷിക്കുന്നില്ല. ആസൂത്രിതമായ നീക്കമാണ് സിപിഎം പോലീസിനെ ഉപയോഗിച്ച് നടത്തുന്നതെന്നും സുരേന്ദ്രന് ആരോപിച്ചു.
‘താന്‍ ഇത്തരം കള്ളക്കേസുകള്‍ ഗൗരവമായി എടുക്കുന്നില്ല. എന്നാല്‍ ബിജെപി ഇതിനെതിരെ നിയമപരമായി നേരിടും. താന്‍ എത്രയോ കേസുകള്‍ കണ്ടിട്ടുണ്ട്. കേസ് വരും പോകും. പൊതുപ്രവര്‍ത്തനജീവിതത്തില്‍ ഇതൊക്കെ പലതവണ കണ്ടിട്ടുണ്ട്. ഇതിനേക്കാള്‍ വലിയ വെള്ളിയാഴ്ച വന്നിട്ടും മൂത്താപ്പ പള്ളിയില്‍ പോയിട്ടില്ല’. സുരേന്ദ്രന് പറഞ്ഞു.
ചോദ്യം ചെയ്യാന്‍ വിളിച്ചതിന് പറഞ്ഞ സമയത്ത് തന്നെ ഹാജരാവണമെന്ന് ഒരു നിയമവുമില്ല. എപ്പോള്‍ ഹാജരാവണമെന്ന് തീരുമാനിച്ചിട്ടില്ല. ഈ കേസില്‍ പാര്‍ട്ടി ഒറ്റക്കെട്ടായാണ് തീരുമാനമെടുക്കുന്നതെന്നും അദ്ദേഹം പ്രതികരിച്ചു.
കൊടകര കുഴല്‍പ്പണക്കേസില്‍ ചോദ്യംചെയ്യലിന് ഹാജരാകാന്‍ കെ. സുരേന്ദ്രന് നേട്ടീസ് നല്‍കിയിരുന്നു. ചൊവ്വാഴ്ച രാവിലെ 10 മണിക്ക് തൃശ്ശൂര്‍ പോലീസ് ക്ലബ്ബില്‍ ഹാജരാകണമെന്നാവശ്യപ്പെട്ടാണ് നോട്ടീസ്.