കശ്മീരിൽ പണ്ഡിറ്റുകൾക്കുനേരെയുള്ള ഭീകരാക്രമണം തുടർക്കഥയാകുന്നതിന്റെ റിപ്പോർട്ടുകളാണ് മാധ്യമങ്ങളിൽ നിറയെ. ഇതോടെ രാജ്യം കേന്ദ്ര സർക്കാരിനുനേരെ വിരൽ ചൂണ്ടുകയാണ്. കശ്മീരിന് പ്രത്യേക പദവി നൽകുന്ന ഭരണഘടനയിലെ 370-ാം അനുച്ഛേദം റദ്ദാക്കിയ 2019 ഓഗസ്റ്റ് അഞ്ചു മുതൽ ഇന്നുവരെയായി 7 പണ്ഡിറ്റുകളാണ് ഭീകരാക്രമണത്തിൽ മരിച്ചത്. 2022-ൽ മാത്രം 6 സുരക്ഷാ സൈനികരും 15 ഗ്രാമീണരും ആക്രമണത്തിൽ കൊല്ലപ്പെട്ടു. നൗഹട്ടയിൽ ഒരു പോലീസുകാരനും ബന്ദിപുരയിൽ ബിഹാറിൽ നിന്നുള്ള അതിഥിത്തൊഴിലാളിയും കൊലപ്പെട്ടു. പ്രതീക്ഷയോടെ നിരവധി പണ്ഡിറ്റുകൾ തങ്ങളുടെ ജന്മനാടുകളിലേക്ക് തിരിച്ചെത്തിയിരുന്നു. അവരിൽ പലരും വീടുകളിൽ നിന്ന് പുറത്തിറങ്ങാൻ പോലും ഭയപ്പെടുകയാണ്. സ്വന്തം നാടുകളിൽ ഒളിച്ചുതാമസിക്കുന്നവരായി പണ്ഡിറ്റുകൾ മാറിയിരിക്കുന്നു.
ഈ അവസ്ഥയ്ക്ക് കാരണം കേന്ദ്ര സർക്കാർ -കെപിഎസ്എസ്
1989-90നു സമാനമായ സാഹചര്യമാണ് കശ്മീരിലുള്ളതെന്ന് കശ്മീരി പണ്ഡിറ്റ് സംഘർഷ് സമിതി പറയുന്നു. പ്രധാനമന്ത്രിയുടെ പുനരധിവാസ പാക്കേജിൽ സർക്കാർ സർവീസിൽ ജോലി നൽകി പുനരധിവസിപ്പിക്കപ്പെട്ട കശ്മീരി പണ്ഡിറ്റുകളിൽ 70 ശതമാനവും പലായനം ചെയ്തതായി കെപിഎസ്എസ് ട്വീറ്റ് ചെയ്യുകയുണ്ടായി. ഭരണപരാജയവും കേന്ദ്രസർക്കാരിന്റെ തെറ്റായ നയങ്ങളുമാണ് ഈ അവസ്ഥയ്ക്ക് കാരണമെന്ന് കെപിഎസ്എസ് വ്യക്തമാക്കി.
ഗണേശോത്സവം എങ്ങനെയാണ് സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായത്?1990-ൽ എന്താണ് സംഭവിച്ചത്?
പാകിസ്താൻ ഭീകരരും ജെകെഎൽഎഫും (ജമ്മുകശ്മീർ ലിബറേഷൻ ഫ്രണ്ട്) ചേർന്നു നടത്തിയ ആക്രമണ പരമ്പരയാണ് കശ്മീർ പണ്ഡിറ്റുകളുടെ പലായനത്തിന് കാരണം. 1990 ജനുവരി മുതൽ മാർച്ച് വരെ ഒരു ലക്ഷത്തോളം പണ്ഡിറ്റുകൾ പലയാനം ചെയ്തതായി പറയുന്നു. 1988-നും 1991-നും ഇടയിൽ താഴ്വരയിൽ കൊല്ലപ്പെട്ടത് 217 ഹിന്ദുകളാണെന്ന് ആഭ്യന്തര മന്ത്രാലയം പറയുന്നു. ജമ്മുകശ്മീർ സർക്കാരിന്റെ കണക്കുകളിൽ ഇത് 228 ആണ്. അതായത് കൊല്ലപ്പെട്ടവരുടെയും പലായനം ചെയ്തവരുടെയും കൃത്യമായ കണക്കുകൾ ലഭ്യമല്ല എന്നർത്ഥം. ചുരങ്ങിയ കാലത്തേക്ക് വർഗീയതയുടെ വേലിയേറ്റം സൃഷ്ടിക്കാൻ ജെകെഎൻഎഫിന് കഴിഞ്ഞെന്നത് വാസ്തവമാണ്.
1989-90 നു ശേഷം പണ്ഡിറ്റുകൾക്കുനേരെ വ്യാപകമായ ആക്രമങ്ങളോ കൊലപാതക ശ്രമങ്ങളോ നടന്നിരുന്നില്ല. പണ്ഡിറ്റുകൾക്കുനേരെയുള്ള ആക്രങ്ങൾ വീണ്ടും തുടങ്ങിയത് 2019 മുതലാണ്. ‘ജമ്മു കശ്മീർ റീ-ഓർഗനെസേഷൻ ആക്ട് – 2019’ പാർലമെന്റ് പാസ്സാക്കിയതാണ് നിലവിലെ സംഘർഷങ്ങൾക്ക് കാരണമെന്നാണ് പൊതുവേയുള്ള വിലയിരുത്തൽ.
കേന്ദ്ര സർക്കാരിന്റെ ലക്ഷ്യം കശ്മീർ താഴ്വരയിലെ ജനസംഖ്യയിലെ മാറ്റമാണോ?
‘ജമ്മു കശ്മീർ റീ-ഓർഗനെസേഷൻ ആക്ട് – 2019’ പാർലമെന്റ് പാസ്സാക്കിയതോടെയാണ് കശ്മീരിലെ സ്ഥിതി വഷളായത്. കേന്ദ്ര ഗവൺമെന്റിന്റെ ഒത്താശയോടെ ലഫ്റ്റനന്റ് ഗവർണറുടെ ഭരണകൂടം, കശ്മീർ ജനസംഖ്യയിൽ മാറ്റം വരുത്താനുള്ള ശ്രമങ്ങളാണ് നടത്തുന്നതെന്ന ആശങ്ക കശ്മീർ ജനതയ്ക്കിടയിലുണ്ട്. ഉത്തരേന്ത്യൻ തൊഴിലാളികളെ കുടുംബസമേതം കശ്മീർ താഴ്വരയിൽ താമസിപ്പിക്കുന്നത് മുസ്ലീം ഭൂരിപക്ഷം കുറയ്ക്കാനുള്ള നടപടിയാണെന്ന് മുസ്ലീം ഗ്രൂപ്പുകളും പിഡിപിയും (Peoples Democratic Party) ആരോപിക്കുന്നു. ഈ സാഹചര്യമാണ് ഭീകരവാദികൾ ഉപയോഗിക്കുന്നതെന്ന ആക്ഷേപവും ശക്തമാണ്.
ഡോളോ 650 കുംഭകോണം: മറ്റ് പാരസെറ്റമോൾ ബ്രാൻഡുകളേക്കാൾ ഡോളോ ജനപ്രിയമായത് എങ്ങനെ?കശ്മീരി പണ്ഡിറ്റുകൾക്കായി വാതിൽ തുറന്ന് ശിവസേനയുടെ ആദിത്യ താക്കറെ
കശ്മീരിൽ പണ്ഡിറ്റുകൾ തുടർച്ചയായി കൊല്ലപ്പെടുന്ന സാഹചര്യത്തിൽ ‘മഹാരാഷ്ട്ര നിങ്ങളെ സ്വാഗതം ചെയ്യുന്നു’വെന്ന് പറഞ്ഞ് മന്ത്രി ആദിത്യ താക്കറെ രംഗത്തെത്തി. “ഞങ്ങൾ കശ്മീരി പണ്ഡിറ്റുകളെ പിന്തുണയ്ക്കുന്നു. കശ്മീരിലെ സാഹചര്യം അസന്തുലിതമാണ്. പണ്ഡിറ്റുകളുടെ സുരക്ഷ ഉറപ്പാക്കാൻ വേണ്ട നടപടി ഇന്ത്യൻ സർക്കാർ സ്വീകരിക്കുമെന്നാണ് കരുതുന്നത്. മഹാരാഷ്ട്രയുടെ വാതിലുകൾ അവർക്കായി തുറന്നു കിടക്കുന്നു”വെന്ന് ആദിത്യ താക്കറെ പ്രസ്താവിച്ചു.
നടക്കുന്നത് ആഭ്യന്തരമന്ത്രിയുടെ യോഗങ്ങൾ മാത്രം!
കശ്മീരി പണ്ഡിറ്റുകളുടെ കൊലപാതകങ്ങളിൽ ആം ആദ്മി നേതാവും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാൾ പ്രതിക്ഷേധം രേഖപ്പെടുത്തുകയുണ്ടായി. 1990 ആവർത്തിക്കുകയാണ്. കശ്മീരിൽ കൊലപാതകം നടന്നാൽ ആഭ്യന്തരമന്ത്രി ഉന്നതതലയോഗം വിളിക്കും. അതിനപ്പുറം ഒന്നും സംഭവിക്കുന്നില്ല. നമുക്ക് വേണ്ടത് നടപടികളാണെന്നും കെജ്രിവാൾ വ്യക്തമാക്കി. കേന്ദ്ര സർക്കാരിന്റെ കശ്മീർ പുനഃസംഘടനക്കേറ്റ കനത്ത തിരിച്ചടിയാണ് ഭീകരാക്രമണങ്ങളെന്ന് കോൺഗ്രസ് പറയുന്നു. കശ്മീരിൽ കേന്ദ്രസർക്കാരിന്റെ ഇടപെടൽ വേണ്ട രീതിയിലുണ്ടാകുന്നില്ലെന്നാണ് ഉദ്ധവ് താക്കറെ കുറ്റപ്പെടുത്തൽ.
കശ്മീരിലെ പണ്ഡിറ്റുകളുടെ സംരക്ഷണം ഉറപ്പാക്കുന്നതിൽ കേന്ദ്ര സർക്കാർ പരാജയപ്പെട്ടെന്ന് എഐഎംഐഎം അധ്യക്ഷൻ അസദുദ്ദീൻ ഒവൈസി ആരോപിക്കുന്നു.
എന്താണ് ആർട്ടിക്കിൾ 370?
ജമ്മുകശ്മീരിലെ ജനതയ്ക്ക് പ്രത്യേക അവകാശങ്ങൾ നൽകുന്ന ആർട്ടിക്കിൾ 35 എ-യ്ക്കു കീഴിൽ വരുന്നതാണ് ആർട്ടിക്കിൾ 370. ഭരണഘടനയിലെ ‘താൽക്കാലിക ചട്ടം’ ആയ ആർട്ടിക്കിൾ 370, ജമ്മുകശ്മീരിന് പ്രത്യേക പദവി നൽകുന്നു. ഇതുവഴി കശ്മീരിന് പരമാധികാരവും സ്വയംഭരണാധികാരവും ലഭിക്കുന്നു.
ആർട്ടിക്കിൾ 370 പ്രകാരം പ്രതിരോധം, വിദേശകാര്യം, ധനം, ആശയവിനിമയം എന്നിവ ഒഴികെയുള്ള മറ്റെല്ലാ നിയമങ്ങളും കശ്മീരിൽ നടപ്പിലാക്കണമെങ്കിൽ കേന്ദ്രത്തിന് സംസ്ഥാന സർക്കാരിന്റെ സമ്മതം ആവശ്യമാണ്. പൗരത്വം, മൗലികാവകാശം, സ്വത്തവകാശം എന്നിവയടക്കമുള്ള വിഷയങ്ങളിൽ മറ്റ് ഇന്ത്യക്കാരിൽ നിന്നും കശ്മീർ ജനതയെ തീർത്തും വ്യത്യസ്തരാക്കുന്നതാണ് ആർട്ടിക്കിൾ 370 ആണ്. ഇതുപ്രകാരം സംസ്ഥാനത്തിന് പുറത്തുള്ളവർക്ക് കശ്മീരിൽ സ്ഥിരതാമസത്തിന് സാധിക്കില്ല, സ്ഥാവരമായ സ്വത്തുവകകൾ സ്വന്തമാക്കാനാവില്ല, സ്ഥിരതാമസക്കാരല്ലാത്തവർക്ക് സർക്കാർ ജോലിയും ലഭിക്കില്ല.
മഹാരാജe ഹരിസിങ്ങിൽ നിന്നും കശ്മീരിന്റെ ഭരണമേറ്റെടുത്ത ഷെയ്ക്ക് അബ്ദുള്ള, 1947-ലാണ് ഈ നിയമത്തിന്റെ കരട് തയാറാക്കിയത്.
ആർട്ടിക്കിൾ 370 എടുത്തുമാറ്റാനുള്ള ബിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ രാജ്യസഭയിൽ അവതരിപ്പിച്ചു. ഈ ബിൽ, ജമ്മുകശ്മീരിനെ രണ്ട് കേന്ദ്രഭരണ പ്രദേശമായി വിഭജിച്ചു.
പാന്റ്സ് ആണുങ്ങളുടെ വേഷമോ? ചരിത്രം പറയുന്നതെന്ത്?പുനരധിവാസ ശ്രമങ്ങൾ
മുൻ പ്രധാനമന്ത്രിയായിരുന്ന മൻമോഹൻ സിംഗ് അദ്ദേഹത്തിന്റെ ഭരണകാലത്താണ് (2009-ൽ) കശ്മീരിൽ നിന്നും പലായനം ചെയ്ത പണ്ഡിറ്റുകളെ പുനരധിവസിപ്പിക്കാനുള്ള ശ്രമങ്ങൾ നടത്തുന്നത്. എന്നാൽ ആർട്ടിക്കിൾ 370 പിൻവലിച്ചതോടെ കശ്മീർ വീണ്ടും അശാന്തമായി.
കശ്മീരി പണ്ഡിറ്റുകൾക്ക് അവരുടെ ജന്മദേശത്ത് മടങ്ങിയെത്താനും സമാധാനപൂർണമായ ജീവിതം നയിക്കാനും സാധിക്കണം. അതേസമയം ഹിന്ദുത്വ അജണ്ടകളുമായി സ്ഥിരതാമസത്തിനായി ഹിന്ദുത്വവാദികളെ രീതി അപകടകരമായിരിക്കുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. സാമാധാനത്തോടെ ജീവിക്കാനുള്ള സാഹചര്യമാണ് കശ്മീരിൽ ഒരുങ്ങേണ്ടത്. നിരവധി തവണ മുറിവേറ്റ മണ്ണിനെ ഇനിയും മുറിവേൽപ്പിക്കുന്നതാകരുത് നയങ്ങൾ. ഭരണകൂടത്തെയും ഭീകരരെയും ഭയന്ന് ജീവിക്കേണ്ടി വരുന്ന സ്ഥിതിക്കാണ് അന്ത്യം കുറിക്കേണ്ടത്.
(Samayam Malayalam believes in promoting diverse views and opinions on all issues. They need not conform to our editorial positions.)