കൊച്ചി > കഥ പറയുന്ന ചിത്രങ്ങൾ സമ്മാനിച്ച കലൂരിലെ ഈസ്റ്റ് മാൻ സ്റ്റുഡിയോ കൊച്ചി നിവാസികൾ മറക്കില്ല. അന്തരിച്ച ആന്റണി ഈസ്റ്റ്മാൻ എന്ന തൃശ്ശൂർ സ്വദേശിയുടെ ഈ സ്റ്റുഡിയോയിലെ ചർച്ചകളാണ് പല ഹിറ്റ് മലയാള സിനിമകൾക്കും ജന്മം നൽകിയത്. സ്റ്റുഡിയോ വഴി ലഭിച്ച സിനിമാ സൗഹൃദങ്ങളിലൂടെ ആന്റണി പതിയെ മലയാള സിനിമയിലേയ്ക്ക് നടന്നു കയറുകയായിരുന്നു. സംവിധായകനായും കഥാകൃത്തുമായി തിളങ്ങിയ അദ്ദേഹം പിന്നീട് നിർമാതാവുമായി.
ഇണയെ തേടി ആയിരുന്നു ആദ്യ സംവിധാനം ചെയ്തത്. ചെന്നൈയിൽ നടന്ന ഓഡീഷനിൽ നായികയെ കണ്ടെത്തി. വിജയലക്ഷ്മി എന്ന യുവതിയ്ക്ക് സ്മിതയെന്ന് പേരും നൽകി. പിൽക്കാലത്ത് സിൽക്ക് സ്മിത എന്ന പേരിൽ പ്രശസ്തയായി തീർന്ന നടിയെ കണ്ടെത്തിയും ഇദ്ദേഹത്തിന്റെ ക്യാമറാ കണ്ണുകളാണ്. ഇണയെ തേടി ഷൂട്ട് ചെയ്തത് ആലുവ വൈഎംസിഎയിലും പരിസരത്തുമായിരുന്നു. സംഗീത സംവിധായകൻ ജോൺസണും ഇതിലൂടെ സിനിമാസംഗീതത്തിൽ അരങ്ങേറ്റം കുറിച്ചു.
എറണാകുളത്ത് എംജി റോഡിലെ അമല സ്റ്റുഡിയോയിൽ ക്യാമറാമാനായാണ് തുടക്കം. 1960കളുടെ അവസാനമാണ് ജ്യൂസ്ട്രീറ്റിൽ ‘ഈസ്റ്റ്മാൻ’ സ്റ്റുഡിയോ തുടങ്ങുന്നത്. 1974ൽ കൂടുതൽ വിപുലീകരിച്ച് അതേ പേരിൽ സ്റ്റുഡിയോ കലൂർ പ്രൈവറ്റ് ബസ് സ്റ്റാൻഡ് കെട്ടിടത്തിൽ ആരംഭിച്ചു. സിനിമയിലെ പ്രമുഖർ സ്റ്റുഡിയോയുടെ ഉദ്ഘാടന ചടങ്ങിൽ പങ്കാളികളായി. ആധുനിക ഇന്റീരിയർ സംവിധാനങ്ങളുമായി തുടങ്ങിയ ഈസ്റ്റ്മാൻ കൊച്ചിക്കാരുടെ ഇഷ്ട സ്റ്റുഡിയോയായി.
സംവിധായകൻ ജേസി, തിരക്കഥാകൃത്ത് ജോൺ പോൾ, കലൂർ ഡെന്നീസ്, ആർടിസ്റ്റ് കിത്തോ, ക്യാമറാമാൻ വിപിൻദാസ് തുടങ്ങിയവരുമായി അടുത്ത സൗഹൃദമുണ്ടാക്കാനും സ്റ്റുഡിയോ ജീവിതം സഹായിച്ചു.
ജേസിയോടൊപ്പം രക്തമില്ലാത്ത മനുഷ്യൻ, അവൾ വിശ്വസ്തയായിരുന്നു, അഗ്നിപുഷ്പം എന്നീ ചിത്രങ്ങളിൽ നിശ്ചല ഛായാഗ്രഹകനായി പ്രവർത്തിച്ചു. പി എ ബക്കറിന്റെ മണിമുഴക്കം, കെ ജി ജോർജിന്റെ ഓണപ്പുടവ തുടങ്ങിയ ചിത്രങ്ങളിൽ നിശ്ചല ഛായാഗ്രഹകനായി.
അദ്ദേഹം സംവിധാനം ചെയ്ത ‘അമ്പട ഞാനേ’ ആയിരുന്നു ശ്രദ്ധേയ ചിത്രം. ശങ്കർ, മേനക, തിലകൻ തുടങ്ങി വലിയ താരനിര അണിനിരന്ന ചിത്രത്തിൽ തൊണ്ണൂറു വയസ്സുകാരനായാണ് നെടുമുടി വേഷമിട്ടത്. ഈ ലോകം ഇവിടെ കുറേ മനുഷ്യർ, ഈ തണലിൽ ഇത്തിരി നേരം, തസ്കരവീരൻ എന്നീ ചിത്രങ്ങൾക്ക് കഥയൊരുക്കുയും ചെയ്തു.
പിന്നീട് എറണാകുളത്തെ സ്റ്റുഡിയോ മറ്റൊരാൾക്ക് കൈമാറിയശേഷം തൃശൂരിലായിരുന്നു വിശ്രമ ജീവിതം.
ദേശാഭിമാനി വാർത്തകൾ ഇപ്പോള് വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..