കോഴിക്കോട്: രാമനാട്ടുകര – വെങ്ങളം ബൈപ്പാസിന്റെ വീതികൂട്ടല്‍ വൈകുന്നതിന്റെ പശ്ചാത്തലത്തില്‍ വിളിച്ചുചേര്‍ത്ത ഉന്നതലയോഗത്തില്‍ കരാര്‍ കമ്പനി അധികൃതരോട് പൊട്ടത്തെറിച്ച് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ്. കുണ്ടും കുഴിയും കാരണം അപകടങ്ങള്‍ ഉണ്ടായ സംഭവങ്ങളില്‍ നിയമ നടപടി ഉള്‍പ്പെടെ ആലോചിക്കുമെന്നും ഉടന്‍ വിശദീകരണം നല്‍കിയില്ലെങ്കില്‍ കരാര്‍ റദ്ദാക്കുമെന്നും കമ്പനിക്ക് മന്ത്രി മുന്നറിയിപ്പ് നല്കി.
2018 ഏപ്രിലില്‍ കരാര്‍ ഉറപ്പിച്ച പദ്ധതിയാണ് കോഴിക്കോട് ബൈപാസ് ആറുവരിപാത. എന്നാല്‍ കരാര്‍ കമ്പനിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ കാരണം നിര്‍മ്മാണ പ്രവൃത്തികള്‍ നടന്നിട്ടില്ല. മാത്രമല്ല നിലവിലെ റോഡില്‍ നിറയെ കുഴികളും. തുടര്‍ന്നാണ് ബൈപാസിന്റെ നിലവിലെ സാഹചര്യം വിലയിരുത്താന്‍ ഉന്നതതല യോഗം ചേര്‍ന്നത്. യോഗത്തില്‍ കമ്പനി അധികൃതരുമായി സംസാരിക്കുന്നതിനിടയിലാണ് മന്ത്രി രോഷാകുലനായത്.
കരാറുമായി ബന്ധപ്പെട്ട പ്രശ്നം കാരണം കുണ്ടും കുഴിയും അടക്കുന്ന പ്രവര്‍ത്തനം നടത്താതിരിക്കുന്നത് ഒരു തരത്തിലും വച്ചു പൊറുപ്പിക്കില്ലെന്ന് ഉന്നതതല യോഗം തീരുമാനിച്ചു. ബൈപാസിലെ കുണ്ടും കുഴികളേയും കുറിച്ച് അടിയന്തരമായി റിപ്പോര്‍ട്ട് നല്കാന് കരാറുകാരനോട് നിര്‍ദ്ദേശിച്ചു. കുണ്ടും കുഴിയും കാരണം അപകടങ്ങള്‍ ഉണ്ടായ സംഭവങ്ങളില്‍ നിയമ നടപടി ഉള്‍പ്പെടെ ആലോചിക്കുമെന്ന് കരാറുകാരനെ അറിയിച്ചു. നിലവിലുളള പാതയിലെ കുഴിയടക്കാന്‍ 28 തവണ കത്തയച്ചിട്ടും നടപടി ഉണ്ടായില്ലെന്ന് മന്ത്രി പറയുന്നു.
അടിയന്തരമായി അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്. മുറിച്ചു മാറ്റേണ്ട മരങ്ങള്‍ അടിയന്തരമായി മുറിക്കാനും നിര്‍ദ്ദേശം നല്കി. കരാറുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ തീരുമാനിക്കാന്‍ ദേശീയപാതാ അതോറിറ്റി ഉദ്യോഗസ്ഥരെ അടക്കം പങ്കെടുപ്പിച്ച് തിരുവനന്തപുരത്ത് യോഗം ചേരും.
മന്ത്രിമാരായ എ.കെ. ശശീന്ദ്രന്, അഹമ്മദ് ദേവര്‍ കോവില്‍, മേയര്‍ ബീന ഫിലിപ്പ്, എം.കെ.രാഘവന് എം.പി., എം.വി. ശ്രേയാംസ് കുമാര്‍ എം.പി, എംഎല്‍എമാരായ പി.ടി.എ.റഹീം, തോട്ടത്തില്‍ രവീന്ദ്രന്, കാനത്തില്‍ ജമീല, കളക്ടര്‍ ശ്രീറാം സാംബശിവറാവു, ദേശീയപാതാ അതോറിറ്റി ഉദ്യോഗസ്ഥര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
Content Highlights: PWD minister P. A. Mohammed Riyas against ramanattukara-vengalam bye pass construction company