ഷനീർ: എന്താണ് ഛത്തീസ്ഗഢിൽ സംഭവിക്കുന്നത്?
ഹിമാംശു കുമാർ: വലിയ രീതിയിൽ സൈനികവൽക്കരിക്കപ്പെട്ട ഒരു പ്രദേശമാണത്. ഏകദേശം ഒരു ലക്ഷം പേരെയാണ് അവിടെ വിന്യസിച്ചിരിക്കുന്നത്. 1:19 എന്ന അനുപാതത്തിൽ സൈനികസാന്നിധ്യമുണ്ട് അവിടെ. അതായത് 19 പേർക്ക് ഒരു പോലീസുകാരൻ എന്ന നിലയിൽ. ആദിവാസികളെ അടിച്ചമർത്താനിണിത്. ആദിവാസികളെ ആക്രമിക്കുക, ആദിവാസി സ്ത്രീകള ബലാൽസംഗം ചെയ്യൽ തുടങ്ങി അനവധി അതിക്രമണങ്ങളാണ് പോലീസും സൈന്യവും നടത്തിക്കൊണ്ടിരിക്കുന്നത്.
ഷനീർ: എന്തുകൊണ്ടാണ് പോലീസ് ഇത്തരത്തിൽ ആദിവാസികളോട് പെരുമാറുന്നത്?
ഹിമാംശു കുമാർ: വലിയ ഖനന സാധ്യതയുള്ള പ്രദേശങ്ങളാണത്. ബോക്സൈറ്റ്, ടിൻ തുടങ്ങിയ ധാതുനിക്ഷേപം ധാരാളമുള്ളിടത്ത് നിന്ന് അവരെ കുടിയിറക്കുകയും കോർപ്പറേറ്റുകൾക്ക് യഥേഷ്ടം വിഹരിക്കാൻ ഇടം ഉണ്ടാക്കുകയുമാണ് സർക്കാറും പോലീസും ചെയ്യുന്നത്. എന്നാൽ ആദിവാസികൾക്ക് അവിടെ അവരെ ആവശ്യമില്ല. സർക്കാർ ആദിവാസികളുടെ ഒരാവശ്യവും അംഗീകരിക്കുന്നില്ല, യാതൊരു തരത്തിലുള്ള സഹായങ്ങളും ചെയ്യുന്നില്ല. മാത്രമല്ല അവരെ കേൾക്കാൻ കോടതി പോലും തയ്യാറാകുന്നില്ല.
ഷനീർ: മാവോയിസ്റ്റ് സ്വാധീനമുള്ള പ്രദേശമാണതെന്നും അതിനാലാണ് അവിടെ സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ചിരിക്കുന്നതെന്നുമാണ് ഔദ്യോഗിക വൃത്തങ്ങൾ പറയുന്നത്.
ഹിമാംശു കുമാർ: മാവോവാദി സ്വാധീനം അവിടെ ഉണ്ടെന്നത് വസ്തുതയാണ്. ആദിവാസികൾക്കിടയിൽ അവർ പ്രവർത്തിക്കുന്നുണ്ട്. മാവോവാദികൾ ഉണ്ടെന്ന് കരുതി ആദിവാസികളുടെ പ്രശ്നം സർക്കാർ കേൾക്കാതിരിക്കുന്നതിൽ എന്ത് യുക്തിയാണുള്ളത്. അവിടെ മാവോവാദികൾ ഉള്ളത് ആദിവാസികളുടെ കുറ്റമല്ല.
ഷനീർ: എന്താണ് ആദിവാസികൾക്കിടയിലുള്ള പ്രവർത്തനങ്ങളെക്കുറിച്ച് താങ്കളുടെ അനുഭവങ്ങൾ?
ഹിമാംശു കുമാർ: വളരെ മോശം അനുഭവങ്ങളാണ് എനിക്ക്. ഞങ്ങളുടെ ആശ്രമം തകർത്തു പൊലീസ്. അഞ്ചോളം തവണ പോലീസ് കൊല്ലാൻ ശ്രമിച്ചു. കഴിഞ്ഞ പത്തു വർഷമായി എനിക്ക് ഛത്തീസ്ഗഢിലേക്ക് പ്രവേശനം നൽകുന്നില്ല.
ഷനീർ: കേരളത്തിലും യുഎപിഎ ചുമത്തി മനുഷ്യാവകാശ പ്രവർത്തകരെയും വിദ്യാർത്ഥികളെയും ജയിലിലടയ്ക്കുന്നുണ്ട് പൊലീസ്. ഒരു കമ്യൂണിസ്റ്റ് ഭരണകൂടമാണിത് ചെയ്യുന്നത്. എന്തുകൊണ്ടാണവർക്കതിന് കഴിയുന്നത്?
ഹിമാംശു കുമാർ: ഏത് സർക്കാരും അവിടുത്തെ സമ്പന്ന വിഭാഗങ്ങളെ സംരക്ഷിക്കാനാണ് ശ്രമിക്കുന്നത്. അത് അവരുടെ സാമ്പത്തിക നയങ്ങളുടെ ഭാഗമാണ്. ബിജെപിയുടെയും കോൺഗ്രസിന്റെയും അതേ നയങ്ങൾ തന്നെയാണ് കേരളത്തിലെ സർക്കാരും പിന്തുടരുന്നത്. വ്യത്യസ്തമായ ഒരു നയമില്ലെങ്കിൽ കമ്മ്യൂണിസ്റ്റ് പാർട്ടിക്കും ഒന്നും ചെയ്യാനാകില്ല.
ഷനീർ: 2025-ൽ ഇന്ത്യയെ ഹിന്ദു രാഷ്ട്രമാക്കി പ്രഖ്യാപിക്കുമെന്ന് പറഞ്ഞ ആർഎസ്എസ് ആണ് കഴിഞ്ഞ സ്വാതന്ത്ര്യദിന തലേന്ന് അതിന്റെ ഭരണഘടനയും തലസ്ഥാനവുമൊക്കെ പ്രഖ്യാപിച്ചത്.
ഹിമാംശു കുമാർ: ജനാധിപത്യ ശക്തികൾ ഈ രാജ്യത്തുണ്ട്. നമ്മുടെ കടമയാണ് ചെറുത്തു നിൽപുകൾ സംഘടിപ്പിക്കുകയും ഭരണഘടനയും ജനാധിപത്യവും സംരക്ഷിക്കുക എന്നതും. നമ്മളവരെ വിജയിക്കാനനുവദിക്കില്ല. ഞങ്ങളും പോരാടും. ഞങ്ങളത്ര ദുർബലരൊന്നുമല്ല.
ഷനീർ: താങ്കളൊരു ഗാന്ധിയനാണ്. ഗാന്ധിയൻ സമരമുറകൾ എത്രത്തോളം ഫലപ്രദമാകും?
ഹിമാംശു കുമാർ: ജനകീയ പിന്തുണയുണ്ടെങ്കിൽ നിങ്ങൾക്ക് വിജയിക്കാനാവും. ജനകീയ പിന്തുണയില്ലെങ്കിൽ അത് സാധ്യമല്ല. ജനങ്ങളെ ഉണർത്തുകയും അവരെ സംഘടിപ്പിക്കുകയും ജനകീയ പ്രക്ഷോഭങ്ങൾ സംഘടിപ്പിക്കുകയും ചെയ്യുക. അവസാന വിജയം നമ്മുടേതാണ്.