തിരുവല്ല: മദ്യം സ്ഥിരിമായി കഴിക്കുന്നവരുടെ പ്രിയപ്പെട്ട ബ്രാന്‍ഡുകളിലൊന്നാണ് ജവാന്. സംസ്ഥാന സര്‍ക്കാര്‍ നേരിട്ട് നിര്‍മിക്കുന്ന ഏക മദ്യ ബ്രാന്‍ഡും ജവാന് റം ആണ്. എന്നാല്‍ കഴിഞ്ഞ കുറേ നാളുകളായി ജവാന് വേണ്ടത്ര ലഹരിയില്ലെന്ന പരാതി പല കോണുകളില്‍ നിന്നും ഉയര്‍ന്നിരുന്നു. മദ്യനിര്‍മാണത്തിനായി കൊണ്ടു വന്ന സ്പിരിറ്റ് ചോര്‍ത്തി മറിച്ചുവിറ്റ കേസില്‍ അന്വേഷണം പുരോഗമിക്കുന്ന സാഹചര്യത്തിലാണ് ജവാന് വീര്യമില്ലെന്ന് വാര്‍ത്തകള്‍ പ്രസക്തമാകുന്നത്.
പത്തനംതിട്ട ജില്ലയിലിലെ തിരുവല്ലയിലെ പുളിക്കീഴിലുള്ള ട്രാവന്‍കൂര്‍ ഷുഗേഴ്സ് ആന്‍ഡ് കെമിക്കല്‍സിലാണ് ജവാന് നിര്‍മിക്കുന്നത്. 1978ല്‍ സ്ഥാപനം പൂര്‍ണമായും സര്‍ക്കാര്‍ നിയന്ത്രണത്തില്‍ വന്നു. കരിമ്പിന്റെ ലഭ്യത കുറഞ്ഞതോടെ പഞ്ചസാര ഉത്പാദനം നിര്‍ത്തിയ സ്ഥാപനം പിന്നീട് സ്പിരിറ്റ് ഉല്പാദനത്തിലേക്ക് കടന്നു. ഒടുവില്‍ മദ്യത്തിന്റെ നേരിട്ടുള്ള ഉല്പാദനമായി. പ്രതിദിന കണക്കുകള്‍ പരിശോധിച്ചാല്‍ 54,000 ലിറ്റര്‍ വരെയാണ് ഇവിടെനിന്നുള്ള മദ്യ ഉല്‍പ്പാദനം.
മദ്യനിര്‍മാണത്തിനായി മധ്യപ്രദേശില്‍ നിന്ന് കൊണ്ടു വന്ന സ്പിരിറ്റ് കേരള അതിര്‍ത്തി എത്തും മുമ്പ് ചോര്‍ത്തി വിറ്റുവെന്ന് അന്വേഷണത്തില്‍ തെളിഞ്ഞ സാഹചര്യത്തില്‍ ഏഴ് പേരെ പ്രതിയാക്കി പോലീസ് കേസെടുത്തിരുന്നു. ഇതില്‍ മൂന്ന് പേര് അറസ്റ്റിലായിരുന്നു. എന്നാല്‍ ജനറല്‍ മാനേജന്‍ അടക്കം നാല് പേര് ഒളിവില്‍പ്പോയ സാഹചര്യത്തില്‍ സ്ഥാപനത്തിന്റെ പ്രവര്‍ത്തനം പ്രതിസന്ധിയിലാകുകയും മദ്യനിര്‍മാണം നിര്‍ത്തിവെയ്ക്കുകയും ചെയ്തിരുന്നു.
മദ്യത്തില്‍ വെള്ളം ചേര്‍ത്ത് കഴിക്കുക എന്നതാണ് സാധാരണ ഗതിയില്‍ പൊതു സമൂഹത്തിനുള്ള അറിവ്. എന്നാല്‍ മദ്യ നിര്‍മാണത്തില്‍ തന്നെ വെള്ളംചേര്‍ത്തു എന്ന ദുഷ്പേര് കൂടി പേറുകയാണ് ട്രാവന്‍കൂര്‍ ഷുഗേഴ്സ് ആന്‍ഡ് കെമിക്കല്‍സ്. ജവാന് കഴിച്ചാല്‍ പഴയത് പോലെ തലക്ക് പിടിക്കുന്നില്ല എന്ന സാധാരണക്കാരന്റെ പരാതികൂടി ഇതിനോട് ചേര്‍ത്തുവായിക്കേണ്ടതുണ്ട്.
( നിയമപ്രകാരമുള്ള മുന്നറിയിപ്പ്: മദ്യപാനം ആരോഗ്യത്തിന് ഹാനികരം)
Content Highlights: Travancore Sugars and Chemicals Ltd and jawan rum