ഇക്വഡോറിനെ എതിരില്ലാത്ത മൂന്ന് ഗോളിന് തകര്‍ത്തു
Copa America 2021: കോപ്പ അമേരിക്കയില്‍ ലയണല്‍ മെസിയുടെ മാന്ത്രികതയുടെ മികവില്‍ അര്‍ജന്റീന സെമിയില്‍. ഇക്വഡോറിനെ എതിരില്ലാത്ത മൂന്ന് ഗോളിന് തകര്‍ത്തു. ഒരു ഗോള്‍ അടിക്കുകയും രണ്ട് ഗോളിന് വഴിയൊരുക്കിയും മെസി കളം വാണു. റോഡ്രിഗൊ ഡി പോളും, ലൊറ്റാര മാര്‍ട്ടിനസുമാണ് മറ്റ് രണ്ട് സ്കോറര്‍മാര്‍.
ഇക്വഡോറിനെതിരെ ലയണല്‍ മെസി ഫുട്ബോള്‍ വസന്തം തന്നെ തീര്‍ത്തു. കളിയുടെ 40-ാം മിനുറ്റില്‍ പന്തുമായി ബോക്സിനുള്ളിലേക്ക് ഇരമ്പിയെത്തി താരം. റോഡ്രിഗോയ്ക്ക് മനോഹരമായ പാസ് നല്കുന്നു. മികച്ച ഫിനിഷിലൂടെ റോഡ്രിഗോ അര്‍ജന്റീനന്‍ കുപ്പായത്തില്‍ ആദ്യ ഗോള്‍ നേടി.
മാര്‍ട്ടിനെസിന്റെ രണ്ടാം ഗോളിന് തുടക്കമിട്ടതും മെസി തന്നെയായിരുന്നു. ഇക്വഡോര്‍ പ്രതിരോധ താരത്തിന്റെ കാലുകളില്‍ നിന്ന് പന്ത് തട്ടിയെടുത്ത് മെസിയുടെ കുതിപ്പ്. അനായാസം മെസിക്ക് ഗോള്‍ നേടാമായിരുന്നു. പക്ഷെ ഇത്തവണയും ഗോളടിപ്പിക്കാം എന്ന് തന്നെ തീരുമാനം. ബോക്സിനുള്ളില്‍ ഓടിയെത്തിയ മാര്‍ട്ടിനസിന് ബോള്‍ നല്കി. പന്ത് വലയിലെത്തിക്കുക മാത്രമായിരുന്നു മാര്‍ട്ടിനസിന്റെ ജോലി.
മത്സരത്തിന്റെ അധിക സമയത്താണ് മെസി മാജിക് കണ്ടത്. ബോക്സിന് തൊട്ടരികില്‍ നിന്ന് അര്‍ജന്റീനക്ക് അനുകൂലമായ ഫ്രീ കിക്ക്. മെസിയുടെ കര്‍വ് ഷോട്ട് തടയാന്‍ ഇക്വഡോര്‍ ഗോളിക്ക് കഴിഞ്ഞില്ല. പന്ത് വലയില്‍. അര്‍ജന്റീന സെമിയിലും. കരുത്തരായ കൊളംബിയയാണ് സെമിയില്‍ അര്‍ജന്റീനയുടെ എതിരാളികള്‍.
Also Read: UEFA EURO 2020: ഉക്രൈനെ ‘തല’കൊണ്ട് മറികടന്ന് ഇംഗ്ലണ്ട്