തിരുവനന്തപുരം: വിവാദ മരംമുറി ഉത്തരവ് ഇറക്കിയത് മുന്‍ റവന്യൂമന്ത്രി ഇ.ചന്ദ്രശേഖരന്റെ നിര്‍ദേശത്തെ തുടര്‍ന്നാണെന്ന് വ്യക്തമാകുന്ന വിവരങ്ങള്‍ പുറത്ത്. ഉത്തരവിറക്കാന്‍ റവന്യൂ സെക്രട്ടറിക്ക് നിര്‍ദേശം നല്‍കിയത് മന്ത്രിയാണെന്ന് വ്യക്തമാകുന്ന തെളിവുകളാണ് പുറത്തുവന്നിരിക്കുന്നത്. രാജകീയ മരങ്ങള്‍ മുറിക്കാന്‍ പാടില്ലെന്ന ഉദ്യോഗസ്ഥരുടെ മുന്നറിയിപ്പുപോലും അവഗണിക്കപ്പെട്ടു.
റവന്യൂ പട്ടയഭൂമിയിലെ മരംമുറിക്കുന്നതിന് നിയമവകുപ്പിന്റെയും അഡീഷണല്‍ എജിയുടെയും ഉപദേശം വാങ്ങിവേണം ഉത്തരവിറക്കാന്‍ എന്ന് വ്യക്തമാക്കിയിട്ടുളള മന്ത്രിതന്നെയാണ് ഉത്തരവിന് സമ്മര്‍ദം ചെലുത്തിയിരിക്കുന്നത്. മന്ത്രിക്ക് നിയമോപദേശം ലഭിച്ചിട്ടില്ലെന്നുളളത് ഫയലില്‍ നിന്ന് വ്യക്തമാണ്.
കുട്ടമ്പുഴ വനമേഖലയിലെ കര്‍ഷകര്‍ക്ക് അവര്‍ നട്ടുവളര്‍ത്തിയ മരങ്ങള്‍ മുറിക്കുന്നതുമായി ബന്ധപ്പെട്ട് അനുമതി തേടിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ 2019 ജൂണ്‍ 27-ന് വനംമന്ത്രി ഒരു യോഗം വിളിക്കുകയുണ്ടായി. പട്ടയഭൂമിയില്‍ കര്‍ഷകര്‍ നട്ടുവളര്‍ത്തിയ മരങ്ങള്‍ മുറിക്കുന്നതിനും വനംവകുപ്പ് അന്ന് എതിരായിരുന്നില്ല. എന്നാല്‍ ചന്ദനം, ഈട്ടി, തേക്ക്, കരിമരം തുടങ്ങിയ രാജകീയ മരങ്ങള്‍ മുറിക്കാന്‍ സാധിക്കില്ല അത് സംസ്ഥാന സര്‍ക്കാരില്‍ നിക്ഷിപ്തമാണ് എന്ന നിലപാടാണ് വനംവകുപ്പ് സ്വീകരിച്ചത്. തുടര്‍ന്ന് റവന്യൂവകുപ്പിന്റെ അഭിപ്രായം അറിയാനുളള നിര്‍ദേശം തേടിയിരുന്നു.
2019 സെപ്റ്റംബറില്‍ റവന്യൂമന്ത്രിയുടെ നേതൃത്വത്തില്‍ ഒരു യോഗം ചേര്‍ന്നിരുന്നു. ഈ യോഗത്തിലും വനംവകുപ്പ് രാജകീയ മരങ്ങള്‍ മുറിക്കാന്‍ സാധിക്കില്ലെന്ന നിലപാട് ആവര്‍ത്തിക്കുകയാണ് ചെയ്തത്. തുടര്‍ന്ന് പ്രസ്തുതയോഗത്തില്‍ തന്നെയാണ് പട്ടയം ലഭിച്ച കര്‍ഷകര്‍ നട്ടുവളര്‍ത്തിയ മരങ്ങള്‍ മുറിക്കുന്നതിനുളള ഭൂപതിവ്ചട്ടം ഭേദഗതി ചെയ്യാനുളള തീരുമാനം എടുക്കുന്നത്.
2020 ഒക്ടോബര്‍ അഞ്ചിന് ചന്ദ്രശേഖരന് നല്കിയ കുറിപ്പാണ് പുറത്തുവന്നിരിക്കുന്നത്. രാജകീയ മരങ്ങള്‍ മുറിക്കാനാവില്ലെന്ന നിയമവ്യവസ്ഥ മറികടക്കാനാണ് ഉത്തരവിറക്കാന്‍ നിര്‍ദേശിച്ചിരിക്കുന്നത്. ഉത്തരവില്‍ മരങ്ങള്‍ മുറിക്കുന്നതിന് ആരുടെയും അനുവാദം വാങ്ങേണ്ട ആവശ്യമില്ലെന്നും മരംമുറി തടയുന്ന ഉദ്യോഗസ്ഥര്ക്കെതിരേ നടപടിയെടുക്കണമെന്നും നിര്‍ദേശമുണ്ടായിരുന്നു.
Content Highlights: Tree Felling; order was issued on the instructions of former Revenue Minister E.Chandrasekharan