തിരുവനന്തപുരം: കെ.പി.സി.സി.പ്രസിഡന്റ് കെ.സുധാകരനെതിരേ വിജിലന്‍സിന്റെ പ്രാഥമിക അന്വേഷണം. അഴിമതി ആരോപണം ഉന്നയിച്ച് സുധാകരന്റെ മുന്‍ ഡ്രൈവര്‍ പ്രശാന്ത് ബാബു നല്കിയ പരാതിയിലാണ് ഇപ്പോള്‍ അന്വേഷണം ആരംഭിച്ചിരിക്കുന്നത്. വിജിലന്‍സ് ഡയറക്ടറാണ് അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്.
കെ.സുധാകരനും മുഖ്യമന്ത്രി പിണറായി വിജയനും പഴയകാല സംഭവങ്ങള്‍ പരാമര്‍ശിച്ച് കൊണ്ട് പരസ്പരം ഏറ്റുമുട്ടിയിരുന്നു. ഈ സാഹചര്യത്തിലാണ് സുധാകരന്റെ മുന്‍ഡ്രൈവറായിരുന്ന പ്രശാന്ത് അദ്ദേഹത്തിനെതിരേ സാമ്പത്തിക ക്രമക്കേടുകള്‍ ഉന്നയിച്ചുകൊണ്ട് രംഗത്തെത്തിയത്.
കെ.കരുണാകരന് ട്രസ്റ്റുമായി ബന്ധപ്പെട്ട് സാമ്പത്തിക തിരിമറി നടത്തിയെന്നും കണ്ണൂര്‍ ഡിസിസി ഓഫീസിന്റെ നിര്‍മാണവുമായി ബന്ധപ്പെട്ട് സാമ്പത്തിക തിരിമറികള്‍ നടത്തിയെന്നാണ് മാധ്യമങ്ങളിലൂടെ പ്രശാന്ത് ബാബു ആരോപിച്ചത്. പ്രശാന്ത് ബാബു തന്നെ വിജിലന്‍സിന് പരാതിയും നല്‍കിയിരുന്നു.
പരാതിയുടെ അടിസ്ഥാനത്തിലാണ് വിജിലന്‍സ് ഇപ്പോള്‍ പ്രാഥമികമായ അന്വേഷണം നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്.
പ്രാഥമിക അന്വേഷണത്തില്‍ പരാതിയില്‍ കഴമ്പുണ്ടെന്ന് കണ്ടെത്തിയാല്‍ കേസെടുത്ത് തുടര്‍ അന്വേഷണത്തിലേക്ക് പോകാനാണ് വിജിലന്‍സിന്റെ തീരുമാനം.