അവര്‍ വരയ്ക്കുകയാണ്, വീടിനും നാടിനും
ബി.എഡ്. വിദ്യാര്‍ഥിനിയായ നെജ പ്രിന്സയും പ്ലസ്ടു വിദ്യാര്‍ഥിനിയായ സെഫാനിയയും വരയ്ക്കുകയാണ്. നാടിനും വീടിനുമായി. ലോക്ഡൗണ്‍ കാലത്ത് സജീവമാക്കിയ ബോട്ടില്‍ ആര്‍ട്ട് പെയ്ന്റിങ്ങിലൂടെയാണ് അടുത്ത ബന്ധുക്കളായ ഇരുവരും പഠനച്ചെലവ് കണ്ടെത്തുന്നതും ദുരിതത്തിലായവരെ സഹായിക്കുകയും ചെയ്യുന്നത്. ബോട്ടില്‍ ആര്‍ട്ട് ചെയ്തുകിട്ടിയതില് ഒരുവിഹിതം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്യുന്നതിനുള്ള ഒരുക്കത്തിലുമാണവര്‍.
കുമാരപുരം കോളേജിലെ ബി.എഡ്. വിദ്യാര്‍ഥിനിയാണ് വലിയവേളി തൈവിളാകം നെപ്പോളിയന് ഫ്രാന്‍സിസിന്റെയും ലാലിയുടെയും മകളായ നെജ പ്രിന്‍സ. കൊല്ലം കരിക്കോട് ലില്ലി കോട്ടേജില്‍ ജോയ്മോന്റെയും ബീനയുടെയും മകളാണ് ടി.കെ.എം. ഹയര്‍സെക്കന്‍ഡറി സ്കൂള്‍ വിദ്യാര്‍ഥിനിയായ സെഫാനിയ. നെജയുടെ അമ്മ ലാലിയും സെഫാനിയയുടെ അമ്മ ബീനയും സഹോദരിമാരാണ്. ലോക്ഡൗണ്‍ കാലത്ത് വലിയവേളിയിലെ നെജയുടെ വീട്ടില്‍ യുടൂബ് നോക്കിയാണ് ഇരുവരും ബോട്ടില്‍ ആര്‍ട്ട് വലിയ രീതിയില്‍ ചെയ്യാനാരംഭിച്ചത്. ചിത്രം വരയ്ക്കാന്‍ അറിയാമെന്നതും ഗുണകരമായി. ട്യൂഷന് എടുത്തായിരുന്നു നെജ പഠനച്ചെലവ് കണ്ടെത്തിയിരുന്നത്. ലോക്ഡൗണ്‍ കാലത്ത് അത് നിലച്ചതോടെ ബോട്ടില്‍ ആര്‍ട്ടിലൂടെ വരുമാനം കണ്ടെത്തി. ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കുമാണ് ഇവ ആവശ്യാനുസരണം നല്‍കുന്നത്. ബോട്ടില്‍ ആര്‍ട്ടിലൂടെ ലഭിച്ച പണം കൊണ്ട് ലോക്ഡൗണ്‍ കാലത്ത് മൂന്നുവീട്ടുകാരെ സഹായിക്കാനായതായി സെഫാനിയയും പറയുന്നു.
വീടുകളുടെ ഭിത്തിയിലും ഇപ്പോള്‍ വരയ്ക്കാന്‍ ആളുകള്‍ വിളിക്കാറുണ്ടെന്നും സെഫാനിയ പറയുന്നു. ജന്മദിനത്തിന് സമ്മാനം നല്കുവാനും മറ്റും ആളുകള്‍ ബോട്ടില്‍ ആര്‍ട്ട് വാങ്ങാറുണ്ട്. പഠനത്തിരക്കിനിടയിലും കൂടുതല്‍ ആര്‍ട്ടുവര്‍ക്കുകള്‍ ചെയ്ത് പണം കണ്ടെത്തി മറ്റുള്ളവരെ ഇനിയും സഹായിക്കുമെന്നും നെജയും സെഫാനിയും പറയുന്നു.
കോവിഡ് വൊളന്റിയര്‍ @ ഒരു വര്‍ഷം
”രാജ്യം വലിയൊരു പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോള്‍ നമ്മളാല്‍ കഴിയുന്ന ഒരു കാര്യം ചെയ്യുക. വേതനം ലഭിക്കുന്നതിലപ്പുറം അത് സമൂഹത്തിന് എത്രത്തോളം ഉപകാരപ്പെടും എന്ന് ചിന്തിക്കുന്നതിലാണ് സന്തോഷം. അതുതന്നെയാണ് ഏറ്റവും വലിയ അനുഭവവും”… ഒരു വര്‍ഷമായി കോവിഡ് വൊളന്റിയറായ പെരുകാവ് സ്വദേശി വിഷ്ണുപ്രകാശിന്റേതാണീ വാക്കുകള്‍. പട്ടം എസ്.യു.ടി.യില്‍ നഴ്സിങ് വിദ്യാര്‍ഥിയായ വിഷ്ണു ആദ്യ പ്രളയം മുതല്‍ സന്നദ്ധ പ്രവര്‍ത്തനത്തില്‍ സജീവമായി പങ്കെടുക്കുന്നു.
ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ ടാക്സ് ഫോഴ്സിലും അംഗം. കഴിഞ്ഞവര്‍ഷം ജൂലായ് മുതല്‍ ജില്ലാ ആരോഗ്യ വകുപ്പ് ഓഫീസുമായി ബന്ധപ്പെട്ടാണ് സന്നദ്ധപ്രവര്‍ത്തനം. ഇതുവരെയായി ഏഴ് സി.എഫ്.എല്‍.ടി.സി.കളിലും ജനറല്‍ ആശുപത്രിയിലും പ്രതിഫലേച്ഛയില്ലാതെ സേവനം ചെയ്തു. അനിയത്തിയുടെ വിവാഹനിശ്ചയ സമയത്ത് രണ്ട് ദിവസം അവധിയെടുത്തത് ഒഴിച്ചാല്‍ അവധിയെക്കുറിച്ച് ചിന്തിച്ചിട്ടില്ലെന്നും വിഷ്ണു പറയുന്നു. ജിമ്മി ജോര്‍ജ് സ്റ്റേഡിയത്തില്‍ നടന്ന മെഗാ വാക്സിനേഷന് കാമ്പിലും പങ്കെടുത്തു.
ഇപ്പോള്‍ വെങ്ങാനൂര്‍ സി.എഫ്.എല്‍.ടി.സി.യിലാണ് വൊളന്റിയറായുള്ളത്. പെരുകാവ് വൃന്ദാവന്‍ പൊറ്റയില്‍ ശിവപ്രകാശിന്റെയും ബി.സതിയുടെയും മകനാണ് 23-കാരനായ ഈ യുവാവ്. തിങ്കളാഴ്ച മുതല്‍ നഴ്സിങ് ക്ലാസ് തുടങ്ങും. വൈകുന്നേരം വീണ്ടും സി.എഫ്.എല്‍.ടി.സി.യില്‍ സന്നദ്ധപ്രവര്‍ത്തകനായി എത്തുമെന്നും വിഷ്ണു പറയുമ്പോള്‍ ഉറപ്പിക്കാം…നമ്മള് മുന്നോട്ടുതന്നെയൊഴുകും.
Content Highlights: Covid Heros, Covid Volunteer, Good News