തെക്കെ അമേരിക്കയില്‍ നിന്നും നൂറ്റാണ്ടുകള്‍ക്ക് മുമ്പ് കടല്‍ മാര്‍ഗം ഇന്ത്യയിലെത്തിയ പഴവര്‍ഗ്ഗമാണ് കൈതച്ചക്ക. കൈതച്ചക്കയ്ക്ക് പൈനാപ്പിള്‍ എന്ന പേരെങ്ങനെ വന്നു? പൈന്‍ മരങ്ങളുടെ കായയെ ‘പൈന്‍കോണ്‍’ എന്നാണ് വിളിക്കുന്നത്.
കൈതച്ചക്കയുടെ ആകൃതിയും രൂപവും പൈന്‍കോണിന്റെ പോലെയാണ്, മാത്രമല്ല കൈതച്ചക്ക ആപ്പിളിനെ പോലെ കട്ടിയുള്ളതും, രുചിയുള്ളതുമാണ്, ഇതൊക്കെ കൊണ്ടാകാം കൈതച്ചക്കയ്ക്ക് പൈനാപ്പിള്‍ എന്ന പേരു സിദ്ധിച്ചത്.
രുചി കൊണ്ട് മാത്രമല്ല ആരോഗ്യഗുണങ്ങള്‍ കൊണ്ടും വളരെ സമ്പുഷ്ടമാണ് കൈതച്ചക്ക. ഉല്പാദനത്തിന്റെ കണക്കെടുക്കുകയാണെങ്കില്‍ ലോകത്തു ആറാം സ്ഥാനത്താണ് ഇന്ത്യ. കേരളത്തിന്റെ കാലാവസ്ഥ പൈനാപ്പിള്‍ കൃഷിക്ക് അനുയോജ്യമാണ്. വില അധികം അല്ലാത്തതും, യഥേഷ്ടം ലഭ്യമായതുമായ ഒരു പഴമാണ് കൈതച്ചക്ക.
പൈനാപ്പിള്‍ എന്നത് വിറ്റാമിനുകളുടെ കലവറയാണ്. വിറ്റാമിന്‍ സി, ഇ, എ, കെ എന്നിവയും, ധാതുക്കളായ കാല്‍സ്യം, മഗ്നീഷ്യം, പൊട്ടാസ്യം, ബീറ്റ കരോട്ടിന്‍ എന്നിവയും, കൂടാതെ ധാരാളം നാരുകളും, ആന്റി-ഓക്സിഡന്റ്സും വളരെ അധികമുള്ളതാണ് പൈനാപ്പിള്‍.
അമേരിക്കന്‍ ഡിപ്പാര്‍ട്മെന്റ് ഓഫ് അഗ്രിക്കള്ട്റിന്റെ പഠനങ്ങള്‍ ചുണ്ടി കാണിക്കുന്നത് ഒരു കപ്പ് പൈനാപ്പിള്‍ ജ്യൂസിലുള്ളതു 25 മി.ഗ്രാം വിറ്റാമിന്‍ സി (അല്ലെങ്കില്‍ ദൈനംദിന മൂല്യത്തിന്റെ 42 ശതമാനം) അടങ്ങിയിരിക്കുന്നു എന്നതാണ്.
പൈനാപ്പിളിന്റെ ആരോഗ്യഗുണങ്ങള്‍
വാതരോഗത്തിനു വേദനസംഹാരി
സന്ധികളിലെ വീക്കം കുറയ്ക്കാന്‍ സഹായിക്കുന്ന ഘടകങ്ങള്‍ പൈനാപ്പിളിലുണ്ട്. കൈതച്ചക്കയിലടങ്ങിയിട്ടുള്ള ഒരു എന്‍സൈം ആയ ബ്രോമെലെയ്ന്‍ വേദന ശമിപ്പിക്കുന്നതിനു സഹായിക്കും. അതുവഴി ചലനശേഷി മെച്ചപ്പെടും. അതുപോലെ രക്തം കട്ട പിടിക്കുന്നത് തടയുകയും ചെയ്യുന്നു. അതുകൊണ്ടു തന്നെയാണ് കൈതച്ചക്കയെ പ്രകൃതിയുടെ ആസ്പിരിന്‍ എന്ന് വിളിക്കുന്നത്.
കണ്ണുകളുടെ ആരോഗ്യത്തിന്
ബീറ്റ കരോട്ടിന്‍ എന്നത് കണ്ണുകളുടെ ആരോഗ്യത്തിന് വളരെ വേണ്ടപ്പെട്ട ഒന്നാണ്. പൈനാപ്പിളില്‍ ഇത് ധാരാളം ഉണ്ട്. കാഴ്ചശക്തി വര്‍ധിപ്പിക്കാന്‍ ഇത് സഹായിക്കും. പ്രായാധിക്യം മൂലമുണ്ടാകുന്ന കാഴ്ചത്തകരാറുകള്‍ ഒരു പരിധിവരെ പരിഹരിക്കാന്‍ ഭക്ഷണരീതിയില്‍ കൈതച്ചക്ക ഉള്‍പ്പെടുത്തുന്നത് വഴി സാധിക്കും.
രക്തസമ്മര്‍ദ്ദം നിയന്ത്രിക്കുന്നതിന്
ശരീരത്തിലെ രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കുന്നതിന് സഹായിക്കുന്ന ഒരു പ്രധാന ധാതുവാണ് പൊട്ടാസ്യം. പൈനാപ്പിള്‍ പൊട്ടാസിയം ലഭിക്കുന്നതിനുള്ള നല്ല ഉറവിടം ആണ്. മെഡിക്കല്‍ പഠനങ്ങള്‍ സൂചിപ്പിക്കുന്നത് ഒരു കപ്പ് പൈനാപ്പിളില്‍ 1 മില്ലിഗ്രാം സോഡിയം, 195 മില്ലിഗ്രാം പൊട്ടാസ്യം ഉണ്ട് എന്നതാണ്.
എല്ലുകളുടെ ആരോഗ്യത്തിന്
വൈറ്റമിന്‍ സി, അസ്കോര്‍ബിക് ആസിഡ് എന്നിവ കാരണം പൈനാപ്പിള്‍ സന്ധികളെ പോഷിപ്പിക്കുന്നു. ആരോഗ്യകരമായ ടിഷ്യു ഉണ്ടാക്കാന്‍ അസ്ഥികള്‍, തരുണാസ്ഥികള്‍, ലിഗമന്റുകള്‍ എല്ലാം കൊളാജെന്‍ വളരെ വേണ്ടതാണ്. വൈറ്റമിന്‍ സി നിങ്ങളുടെ സന്ധികള്‍ ശക്തമായി നിലനിര്‍ത്താന്‍ ആവശ്യമായ കൊളാജെന്‍ ഉണ്ടാക്കുന്നതിനു സഹായിക്കും. എല്ലുകളുടെ ആരോഗ്യത്തെ വേണ്ടുന്ന കാല്‍സ്യം, മഗ്നീഷ്യം എന്നിവയും പൈനാപ്പിളില്‍ അടങ്ങിയിട്ടുണ്ട്.
അമിതവണ്ണം കുറയ്ക്കാന്‍
ഒരു കപ്പ് പുതിയ പൈനാപ്പിളില്‍ 80 കലോറിയും, 22 ഗ്രാം കാര്ബോസ്, 1 ഗ്രാം പ്രോട്ടീന്‍, 2 ഗ്രാം ഫൈബര്‍ എന്നിവയും ഉണ്ട്. പ്രതിദിന വിറ്റാമിന്‍ സി ആവശ്യം 100 ശതമാനത്തിലധികം വരും. താഴ്ന്ന കലോറി ഭക്ഷണക്രമം കഴിക്കുമ്പോള്‍, പൈനാപ്പിള്‍ പോലെ നല്ല ആരോഗ്യം നിലനിര്‍ത്തുന്ന പോഷകഗുണങ്ങളുള്ള ആഹാരങ്ങള്‍ ഉള്‍പ്പെടുത്തേണ്ടത് പ്രധാനമാണ്. പൈനാപ്പിള്‍ താഴ്ന്ന ഊര്‍ജ്ജ സാന്ദ്രതയുണ്ട്, അതായത് ഇതിന്റെ അളവ് താരതമ്യേന കുറച്ച് കലോറി നല്‍കും. ഇത് നാരുകളുടെ നല്ല സ്രോതസ്സാണ്, അതുവഴി ദഹനപ്രക്രിയ നന്നാക്കും. അതുവഴി ശരീരത്തിലെ ജീവല്‍ പ്രവര്‍ത്തനങ്ങളെ ഉത്തേജിപ്പിക്കുകയും അധിക കലോറിയെ എരിച്ചുകളയുകയും ചെയ്യുന്നു.
ദഹനസഹായി
കൈതച്ചക്കയിലെ ബ്രോമിലൈന്‍ എന്‍സൈം പ്രോട്ടീനെ ചെറുകണങ്ങളാക്കി അതിന്റെ ദഹനത്തെ സഹായിക്കുന്നു. മാത്രമല്ല നാരുകളുടെ നല്ലൊരു ഉറവിടവുമാണ് പൈനാപ്പിള്‍.
ചില പൈനാപ്പിള്‍ കൗതുകവിശേഷങ്ങള്‍
- നൂറില്‍ കൂടുതല്‍ പൈനാപ്പിള്‍ വര്‍ഗങ്ങള്‍ ലോകമെമ്പാടും കൃഷി ചെയ്യപ്പെടുന്നുണ്ട്.
- 2016 ല്‍ ഏറ്റവും കൂടുതല്‍ പൈനാപ്പിള്‍ കൃഷിചെയ്തത് കോസ്റ്റ റിക്കയിലാണ്.
- 100 ഗ്രാം പൈനാപ്പിളില്‍ 50 കലോറിയെ ഉള്ളു.
- ലോകത്തെ ഏറ്റവും ഭാരമുള്ള പൈനാപ്പിള്‍ 8.06 കിലോഗ്രാം (17 lb 12 oz) ഉള്ളതാണ്.
- ലോകത്തെ ഏറ്റവും വിലയുള്ള പൈനാപ്പിള്‍ ബ്രിട്ടനില്‍ ഉള്ളതാണ്. അതിന്റെ വില12,800 ഡോളറാണ്.
Content Highlights: benifits of pineapple