Gokul Murali | Samayam Malayalam | Updated: 04 Jul 2021, 02:42:00 PM
പ്രതിദിനം രണ്ടായിരത്തോളം പേരാണ് ഇ സഞ്ജീവനി വഴി ചികിത്സ തേടുന്നത്. 2500 ഓളം ഡോക്ടര്‍മാരാണ് സേവന സന്നദ്ധരായുള്ളത്. കാത്തിരിപ്പ് സമയം ശരാശരി 6 മിനിറ്റിന് താഴെയാണ്.
പ്രതീകാത്മക ചിത്രം
ഹൈലൈറ്റ്:
- പ്രതിദിനം രണ്ടായിരത്തോളം പേരാണ് ഇ സഞ്ജീവനി വഴി ചികിത്സ തേടുന്നത്
- 2500 ഓളം ഡോക്ടര്‍മാരാണ് സേവന സന്നദ്ധരായുള്ളത്
- കാത്തിരിപ്പ് സമയം ശരാശരി 6 മിനിറ്റിന് താഴെയാണ്
2020 ജൂണ്‍ 10ന് ആരംഭിച്ച ഇ സഞ്ജീവനി വഴി രണ്ട് ലക്ഷത്തിലധികം (2,00,700) പേരാണ് ചികിത്സ തേടിയത്. പ്രതിദിനം രണ്ടായിരത്തോളം പേരാണ് ഇ സഞ്ജീവനി വഴി ചികിത്സ തേടുന്നത്. 2500 ഓളം ഡോക്ടര്‍മാരാണ് സേവന സന്നദ്ധരായുള്ളത്. കാത്തിരിപ്പ് സമയം ശരാശരി 6 മിനിറ്റിന് താഴെയാണ്.
പരമാവധി ആളുകള്‍ ഇ സഞ്ജീവനി സേവനം ഉപയോഗപ്പെടുത്തണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അഭ്യര്‍ത്ഥിച്ചു. കൊവിഡ് സാഹചര്യത്തില്‍ പൊതുജനങ്ങള്‍ക്ക് പതിവ് ഒപി ചികിത്സക്കായുള്ള ആശുപത്രി സന്ദര്‍ശനങ്ങള്‍ ഒഴിവാക്കി പകരം ഗുണനിലവാരമുള്ള ആരോഗ്യ സേവനങ്ങള്‍ നല്‍കുന്നതിനുതകുന്ന രീതിയിലാണ് ഇ സഞ്ജീവനി വികസിപ്പിച്ചിട്ടുള്ളത്. ഇ സഞ്ജീവനിയില്‍ ചികിത്സ പൂര്‍ണമായും സൗജന്യമാണ്.
ആശുപത്രി സന്ദര്‍ശനങ്ങള്‍ ഒഴിവാക്കി രോഗിക്ക് ഓണ്‍ലൈന്‍ വഴി സൗകര്യമുള്ള സ്ഥലത്തിരുന്ന് ചികിത്സ തേടാമെന്നതാണ് ഇതിന്റെ പ്രത്യേകത. സ്പെഷ്യാലിറ്റി, സൂപ്പര്‍ സ്പെഷ്യാലിറ്റി സേവനങ്ങളും ലഭ്യമാകും. ഇ സഞ്ജീവനി പ്ലാറ്റ്ഫോമിലൂടെ ഡോക്ടര്‍മാര്‍ നല്കുന്ന കുറിപ്പടികള്‍ തൊട്ടടുത്ത സര്‍ക്കാര്‍ ആശുപത്രിയില്‍ കാണിച്ചാല്‍ മരുന്നുകള്‍ സൗജന്യമായി ലഭിക്കും. കുറിപ്പടി പ്രകാരം ആശുപത്രിയില്‍ ലഭ്യമായ പരിശോധനകളും അതത് ആശുപത്രി നിരക്കില്‍ ചെയ്യാവുന്നതാണെന്നും മന്ത്രി വ്യക്തമാക്കി.
സൈക്യാട്രി, ശിശുരോഗ വിഭാഗം, ഹൃദ്രോഗ വിഭാഗം, ഗൈനക്കോളജി തുടങ്ങിയ സ്പെഷ്യാലിറ്റി ഒപി സേവനങ്ങള്‍ ആരോഗ്യ വകുപ്പിലെ വിദഗ്ദ്ധ ഡോക്ടര്‍മാര്‍ നല്കി വരുന്നു. ഇപ്പോള്‍ മെഡിക്കല്‍ കോളേജുകളുടേയും ആയുഷ് വകുപ്പിന്റേയും സേവനങ്ങളും ഇ സഞ്ജീവനി വഴി ലഭ്യമാണ്. കോവിഡ് ഒ.പി സേവനം 24 മണിക്കൂറും ലഭ്യമാണ്. കുട്ടികളുടെ വിവിധ പ്രശ്നങ്ങള്‍ക്കായുള്ള ക്ലിനിക്കുകളും പ്രവര്‍ത്തിക്കുന്നുണ്ട്. ആര്‍സിസി, മലബാര്‍ കാന്‍സര്‍ സെന്റര്‍, കൊച്ചി കാന്‍സര്‍ സെന്റര്‍ എന്നിവയുടെ സേവനവും ലഭ്യമാണ്.
ഇ സഞ്ജീവനി സേവനങ്ങള്‍ ഫീല്‍ഡ് തല ആരോഗ്യ പ്രവര്‍ത്തകര്‍ വഴിയും വോളന്റിയര്‍മാര്‍ വഴിയും ജനങ്ങളില്‍ കൂടുതലായി എത്തുന്നതിനു വേണ്ട പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിട്ടിട്ടുണ്ട്. ഇ സഞ്ജീവനി സേവനങ്ങള്‍ ഓരോ വ്യക്തിക്കും എങ്ങനെ ലഭ്യമാകുമെന്നും അതോടൊപ്പം അതെങ്ങനെ ഉപയോഗിക്കാമെന്നുമുള്ള നിര്‍ദ്ദേശങ്ങള്‍ ഭവന സന്ദര്‍ശന വേളകളില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ ഭവനങ്ങളിലെ സാഹചര്യങ്ങള്‍ മനസിലാക്കിക്കൊണ്ട് നല്‍കുന്നതായിരിക്കും.
എങ്ങനെ വീട്ടിലിരുന്ന് ഡോക്ടറെ കാണാം?
ആദ്യമായി https://esanjeevaniopd.in എന്ന ഓണ്‍ലൈന്‍ വെബ് സൈറ്റ് സന്ദര്‍ശിക്കുകയോ അല്ലെങ്കില്‍ ഇ-സഞ്ജീവനി ആപ്ലിക്കേഷന്‍ https://play.google.com/store/apps/details?id=in.hied.esanjeevaniopd&hl=en_US മൊബൈലില്‍ ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കുകയോ ചെയ്യാവുന്നതാണ്.
ഇന്റര്‍നെറ്റ് സൗകര്യമുള്ള മൊബൈലോ ലാപ്ടോപോ അല്ലെങ്കില്‍ ടാബ് ഉണ്ടങ്കില്‍ esanjeevaniopd.in എന്ന വെബ് സൈറ്റില്‍ പ്രവേശിക്കാം.
ആ വ്യക്തി ഉപയോഗിക്കുന്ന മൊബൈല്‍ നമ്പര്‍ ഉപയോഗിച്ചു രജിസ്റ്റര്‍ ചെയ്യുക.
തുടര്‍ന്ന് ലഭിക്കുന്ന ഒടിപി നമ്പര്‍ ഉപയോഗിച്ച് ലോഗിന്‍ ചെയ്ത ശേഷം പേഷ്യന്റ് ക്യൂവില്‍ പ്രവേശിക്കാം.
വീഡിയോ കോണ്‍ഫറന്‍സ് വഴി ഡോക്ടറോട് നേരിട്ട് രോഗ വിവരത്തെപ്പറ്റി സംസാരിക്കാവുന്നതാണ്. ഓണ്‍ലൈന്‍ കണ്സള്ട്ടേഷന് ശേഷം മരുന്ന് കുറിപ്പടി ഉടന്‍ തന്നെ ഡൗണ്‍ലോഡ് ചെയ്ത് മരുന്നുകള്‍ വാങ്ങാനും പരിശോധനകള്‍ നടത്താനും തുടര്‍ന്നും സേവനം തേടാനും സാധിക്കുന്നു. സംശയങ്ങള്‍ക്ക് ദിശ 104, 1056, 0471 2552056 എന്നീ നമ്പരുകളില്‍ വിളിക്കാവുന്നതാണ്.
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : more than 2 lakh people sought treatment through esanjeevani
Malayalam News from malayalam.samayam.com, TIL Network