വിരാട് കോഹ്ലി – രവി ശാസ്ത്രി കൂട്ടുകെട്ട് ഇന്ത്യക്കായി നിരവധി നേട്ടങ്ങള്‍ കൊയ്തു. എന്നാല്‍ ഇതുവരെ ഒരു ഐ.സി.സി ട്രോഫി നേടാനാകാത്തത് വലിയ പോരായ്മ തന്നെ
ന്യൂഡല്‍ഹി: ഇന്ത്യയുടെ ശ്രീലങ്കന്‍ പര്യടനത്തില്‍ മുഖ്യ പരിശീലകന്റെ റോളില്‍ രാഹുല്‍ ദ്രാവിഡ് എത്തുന്നത് ഭാവിയിലേക്കുള്ള മുന്നൊരുക്കത്തിന്റെ ഭാഗമാണെന്നാണ് ക്രിക്കറ്റ് ആരാധകരുടെ പ്രതീക്ഷ. ട്വന്റി 20 ലോകകപ്പിന് ശേഷം കാലാവധി അവസാനിക്കുന്ന രവി ശാസ്ത്രിയുടെ പകരക്കാരനായി ദ്രാവിഡ് എത്തുമോ എന്നാണ് ചോദ്യം.
വിരാട് കോഹ്ലി – രവി ശാസ്ത്രി കൂട്ടുകെട്ട് ഇന്ത്യക്കായി നിരവധി നേട്ടങ്ങള്‍ കൊയ്തു. എന്നാല്‍ ഇതുവരെ ഒരു ഐ.സി.സി ട്രോഫി നേടാനാകാത്തത് വലിയ പോരായ്മ തന്നെ. മറുവശത്ത് ദ്രാവിഡിന്റെ കീഴില്‍ ഇന്ത്യ 2018 ല്‍ അണ്ടര്‍ 19 ലോകകപ്പും നേടി, ഇന്ത്യ എ ടീം മികച്ച പ്രകടനവും നടത്തി. ഈ താരതമ്യങ്ങളും ദ്രാവിഡിന്റെ പുതിയ ചുമതലയുമാണ് നിലവില്‍ ക്രിക്കറ്റ് ലോകത്ത് ഉയരുന്ന സംശങ്ങള്‍ക്ക് പിന്നില്‍.
ഇക്കാര്യത്തില്‍ മുന്‍ ഇന്ത്യന്‍ നായകന് കപില്‍ ദേവ് പ്രതികരിച്ചു. എ.ബി.പി ന്യൂസിലെ വാഹ് ക്രിക്കറ്റ് ഷോയിലാണ് കപില്‍ തന്റെ അഭിപ്രായം രേഖപ്പെടുത്തിയത്.
“ഈ വിഷയത്തെക്കുറിച്ച് സംസാരിക്കേണ്ടതുണ്ടെന്ന് തോന്നുന്നില്ല. ശ്രീലങ്കന്‍ പര്യടനം പൂര്‍ത്തിയാകട്ടെ. ടീം എത്തരത്തില്‍ മികവ് പുലര്‍ത്തിയെന്ന് അറിയം. പുതിയൊരു പരിശീലകനെ കൊണ്ടു വരുന്നതില്‍ തെറ്റില്ല. രവി ശാസ്ത്രി മികച്ച പ്രവര്‍ത്തനമാണ് നടത്തുന്നത്. അദ്ദേഹത്തിനെ മാറ്റുന്നതിന് തക്കതായ കാരണവുമില്ല. കാലം ഇതിന് ഉത്തരം നല്‍കും. പരിശീലകര്‍ക്കും, താരങ്ങള്‍ക്കും അനാവശ്യ സമ്മര്‍ദം കൊടുക്കരുത്,” കപില്‍ വ്യക്തമാക്കി.
“ഇന്ത്യക്ക് മികച്ച താരങ്ങളുണ്ട്. കളിക്കാര്‍ക്ക് അവസരം ലഭിക്കുകയും, രണ്ട് ടീമുകള്‍ ഉണ്ടാക്കുകയും ചെയ്തു. ഇംഗ്ലണ്ടിനും, ശ്രീലങ്കയ്ക്കുമെതിരെ പരമ്പര നേടാനായാല്‍ അത് വലിയ കാര്യമാണ്. യുവതാരങ്ങള്‍ക്ക് അവസരം ലഭിക്കുന്നതില്‍ തെറ്റില്ല. പക്ഷെ ഒരേ സമയത്ത് രണ്ട് ടീമിനും സമ്മര്‍ദം നല്‍കണോ എന്ന കാര്യത്തില്‍ ടീം മാനേജ്മെന്റ് തീരുമാനമെടുക്കണം,” കപില്‍ ചൂണ്ടിക്കാണിച്ചു.
Also Read: പന്തെറിഞ്ഞ് കളിക്കാർ ക്ഷീണിക്കുന്നു, ക്രിക്കറ്റ് ഒരുപാട് മാറി: കപിൽ ദേവ്