ആഘോഷങ്ങള്‍ക്ക് മിഴിവേകാം കരിമരുന്നും
സംഗീത സംഘത്തിന്റെ അകമ്പടിയോടെ ജിദ്ദയില്‍ നടന്ന വൈകിട്ട് നാലര മുതല്‍ ഒരു മണിക്കൂര്‍ നീണ്ട അഭ്യാസ പ്രകടനം കാണികളുടെ കാതിനും കണ്ണിനും മനസ്സിനും പുതിയ അനുഭവങ്ങളാണ് സമ്മാനിച്ചത്. ജിദ്ദയിലും ജുബൈലിലും നാവിക സേനയുടെ ബൈക്ക്, ഹെലികോപ്റ്റര്‍, ബോട്ടുകള്‍ എന്നിവ അഭ്യാസ പ്രകടനങ്ങള്‍ കാഴ്ചവച്ചു. റിയാദിലെ ദര്‍ഇയയില്‍ വൈകുന്നേരം നാലു മുതല്‍ അഞ്ചുവരെ നാവിക സേനയിലെ സൈക്കിള്‍ റൈഡര്‍മാരുടെ പ്രകടനം അരങ്ങേറും. അതോടൊപ്പം വിവിധ സൈനിക വിഭാഗങ്ങളുടെ പരേഡുകളും ഇതിന്റെ ഭാഗമായി അരങ്ങേറും. റിയാദിലും ജിദ്ദയിലും നടക്കുന്ന റോയല്‍ ഗാര്‍ഡിന്റെ പരേഡും റോഡ് ഷോയും ഇവയില്‍ പ്രധാനമാണ്.
ആഘോഷങ്ങള്‍ക്ക് മിഴിവേകാന്‍ സൈനിക പരേഡുകളും
സൗദി അറേബ്യയുടെ 92-മത് ദേശീയ ദിനാഘോഷത്തോടനുബന്ധിച്ച് വിവിധ പ്രവിശ്യകളിലെ 14 നഗരങ്ങളില്‍ വ്യോമാഭ്യാസ പ്രകടനങ്ങള്‍ നടക്കുമെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചിരുന്നു. റിയാദില്‍ അല്‍ഖൈറുവാന്‍ ഡിസ്ട്രിക്ടിലും പ്രിന്‍സ് തുര്‍ക്കി ബിന്‍ അബ്ദുല്‍അസീസ് അല്‍അവ്വല്‍ റോഡിന് വടക്കും 22, 23 തീയതികളില്‍ വൈകിട്ട് 4.30 ന് വ്യോമാഭ്യാസ പ്രകടനങ്ങളുണ്ടാകും. ഖമീസ് മുഷൈത്തില്‍ ബോളിവാര്‍ഡിലും സറാത്ത് ഉബൈദയിലും തന്‍മിയയിലും 22, 23 തീയതികളില്‍ വൈകിട്ട് 5.30 നും വ്യോമാഭ്യാസ പ്രകടനങ്ങള്‍ നടക്കും. തായിഫില്‍ കിംഗ് ഫഹദ് എയര്‍ബേയ്സ്, അല്‍ഹദ, അല്‍ശഫ, അല്‍ഖംസീന്‍ സ്ട്രീറ്റ്, അല്‍റുദഫ് പാര്‍ക്ക് എന്നിവിടങ്ങളില്‍ 22, 23 തീയതികളില്‍ വൈകിട്ട് 5.30 നും ഇതേ ദിവസങ്ങളില്‍ അല്‍ബാഹയില്‍ വൈകിട്ട് അഞ്ചിന് പ്രിന്‍സ് മുഹമ്മദ് ബിന്‍ സൗദ് പാര്‍ക്കിലും വൈകിട്ട് അഞ്ചിന് ബല്‍ജുര്‍ശി നാഷണല്‍ പാര്‍ക്കിലും അബഹയില്‍ വൈകിട്ട് 5.30 ന് അബഹ എയര്‍പോര്‍ട്ട് പാര്‍ക്ക്, അല്‍ഫന്‍ സ്ട്രീറ്റ്, അല്‍ആലിയ സിറ്റി എന്നിവിടങ്ങളിലും വ്യോമാഭ്യാസ പ്രകടനങ്ങള്‍ നടക്കും.
ആഘോഷത്തിന്റെ പ്രമേയം ഇത് നമ്മുടെ വീട്
ഇത് നമ്മുടെ വീട് എന്ന പ്രമേയത്തിലാണ് ഇത്തവണത്തെ ദേശീയ ദിനാഘോഷം. ഒന്‍പത് ദിവസം നീണ്ടു നില്ക്കുന്ന ദേശീയ ദിനാഘോഷ പരിപാടികള്‍ രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ദേശീയ ദിനാഘോഷമാണെന്ന സവിശേഷത കൂടിയുണ്ട്. കഴിഞ്ഞ ദിവസം ജനറല്‍ എന്റര്‍ടെയിന്‍മെന്റ് അതോറിറ്റി ഡയരക്ടര്‍ ബോര്‍ഡ് ചെയര്മാന് തുര്‍ക്കി അല്‍ ശെയ്ഖാണ് ആഘോഷ പരിപാടികള്‍ക്ക് തുടക്കമിട്ടത്. സൈനികാഭ്യാസ പ്രകടനങ്ങളില്‍ യുദ്ധ വിമാനങ്ങള്‍, ഹെലികോപ്റ്ററുകള്‍, യാത്രാ വിമാനങ്ങള്‍, കപ്പലുകള്‍, ബോട്ടുകള്‍ തുടങ്ങിയവയും അണിനിരക്കുമെന്ന് അദ്ദേഹം അറിയിച്ചു. രാജ്യത്തിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ വ്യേമാഭ്യാസ പ്രകടനങ്ങളാണ് ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി നടക്കുന്നതെന്നും അദ്ദേഹം അറിയിച്ചു. എ ഹോംലാന്റ് സല്യൂട്ട് എന്ന പേരിലാണ് വ്യോമാഭ്യാസ പ്രകടനം. 14 പ്രദേശങ്ങളിലായി 34 പരിപാടികള്‍ ഇതിന്റെ ഭാഗമായി നടക്കും.
റിയാദ് യൂനിവേഴ്സിറ്റിയില്‍ സര്‍ക്കസ് ഷോ
ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി സെപ്റ്റംബര്‍ 21 മുതല്‍ 24 വരെയുള്ള ദിവസങ്ങളില്‍ റിയാദിലെ പ്രിന്‍സസ് നൂറാ ബിന്ത് അബ്ദുല്‍ റഹ്മാന് യൂനിവേഴ്സിറ്റിയില്‍ പ്രത്യേക സര്‍ക്കസ് ഷോയും അരങ്ങേറും. ദി വെല്‍ത്ത് ഓഫ് എ ഹോംലാന്റ് എന്ന ശീര്‍ഷകത്തിലായിരിക്കും പ്രദര്‍ശനം നടക്കുക. ഗുരുത്വാകര്‍ഷത്തെ വെല്ലുന്ന കായികാഭ്യാസ പ്രകടനങ്ങളും വിനോദപരിപാടികളുമായി ഇതാദ്യമായാണ് സര്‍ക്ക് ഡു സൊളെയ്ല് സര്‍ക്കസ് സൗദിയില്‍ അരങ്ങേറുന്നത്. രാജ്യത്തിന്റെ സമ്പന്നമായ ചരിത്രവും സംസ്ക്കാരവും മൂല്യങ്ങളും വിളിച്ചോതുന്നതായിരിക്കും കലാപ്രകടനങ്ങള്‍. അതോടൊപ്പം ഭാവിയിലേക്കുള്ള അതിന്റെ പ്രയാണവും സര്‍ക്കസില്‍ ഇതള്‍ വിരിയും.
രാജ്യത്തെങ്ങും വിനോദ, സംഗീത പരിപാടികള്‍
റിയാദിലും ജിദ്ദയിലും മാത്രം ഒതുങ്ങുന്നതല്ല ഇത്തവണത്തെ ദേശീയ ദിനാഘോഷ പരിപാടികള്‍. രാജ്യത്തിലെ 13 റീജ്യണുകളിലും വിവിധ വിനോദ, സംഗീത പരിപാടികള്‍ ഇതിന്റെ ഭാഗമായി അരങ്ങേറും. രാജ്യത്തെ പൊതു പാര്‍ക്കുകള്‍, എന്റര്‍ടെയിന്‍മെന്റ് സോണുകള്‍, ബീച്ചുകള്‍ തുടങ്ങിയ ഇടങ്ങളില്‍ വൈവിധ്യമാര്‍ന്ന വിനോദ പരിപാടികളാണ് സംഘടിപ്പിച്ചിരിക്കുന്നത്. സൗദി അറേബ്യയുടെ ചരിത്രം സാങ്കേതികവിദ്യയുടെ സഹായത്തോടെ അതിമനോഹരമായി ചിത്രീകരിക്കുന്ന നാഷനല്‍ ഓപരേറ്റയ്ക്ക് മദീനയിലെ പ്രിന്‍സ് മുഹമ്മദ് ബിന്‍ അബ്ദുല്‍ അസീസ് സ്പോര്‍ട്ട്സ് സിറ്റി സാക്ഷിയാവും. സെപ്റ്റംബര്‍ 23ന് ഇവിടെ നടക്കുന്ന പരിപാടിയില്‍ പ്രമുഖരായ ഇബ്റാഹിം അല്‍ ഹകമി, നായിഫ് അല്‍ ബദ്ഹി തുടങ്ങി 200ലേറെ കലാകാരന്മാരാണ് അണിനിരക്കുക. നാടന്‍ കലകളുടെ പ്രദര്‍ശനങ്ങളും ഇതിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. തുടര്‍ന്ന് സൗദിയുടെ ചരിത്രം വിളിച്ചോതുന്ന എക്സിബിഷനും ഇവിടെ ഒരുക്കും. റിയാദ്, അബ്ഹ, അല്‍ ഖാസിം, ജിദ്ദ, അല്‍ അഹ്സ എന്നീ പ്രധാന കേന്ദ്രങ്ങളിലും സംഗീത പരിപാടികള്‍ അരങ്ങേറും. മുഹമ്മദ് അബ്ദു, അബാദി അല്‍ ജൗഹര്‍, റാബിഹ് സഖര്‍, മാജിദ് അല്‍ മുഹന്തിസ്, അഹ്ലാം, അന്‍ഗാം, അഹ്ദമ് സാദ് തുടങ്ങി മിഡിലീസ്റ്റില്‍ നിന്നും നോര്‍ത്ത് ആഫ്രിക്കയില്‍ നിന്നുമുള്ള പ്രമുഖ കലാകാരന്മാരും സംഗീതജ്ഞരും പരിപാടിയില്‍ പങ്കെടുക്കും.
12 വിനോദ ഉല്‍സവങ്ങള്‍ക്ക് ഇന്ന് തുടക്കമാവും
ദേശീയ ദീനാഘോഷത്തിന്റെ ഭാഗമായി 12 കേന്ദ്രങ്ങളിലായി നടക്കുന്ന വിനോദ ഉല്‍സവങ്ങള്‍ക്ക് ഇന്ന് തുടക്കമാവും. സെപ്റ്റംബര്‍ 21 മുതല്‍ 24 വരെ ഇവ നീണ്ടു നില്ക്കും. ലൈറ്റ് ആന്റ് സൗണ്ട് ഷോകള്‍, നാടകന് കലാ പരിപാടികള്‍, സാങ്കേതികവിദ്യയുടെ സഹായത്തോടെയുള്ള പ്രദര്‍ശങ്ങള്‍, ഗെയിമുകള്‍ തുടങ്ങിയവ അരങ്ങേറും. വിവിധ സംഗീതോപകരണങ്ങള്‍ ഉപയോഗിച്ച പ്രത്യേക സംഗീത പരിപാടികളും ഇതിന്റെ ഭാഗമായി നടക്കും. ദേശീയ ഗാനത്തിന്റെ ട്യൂണിലായിരിക്കും ഇവ വായിക്കുക. റിയാദിലെ ഗ്രാസി പാര്‍ക്ക്, ജിദ്ദയിലെ പ്രിന്‍സ് മാജിദ് പാര്‍ക്ക്, ദമാം വാട്ടര്‍ഫ്രണ്ടിലെ കിംഗ് അബ്ദുല്ല പാര്‍ക്ക്, ബുറൈദയിലെ കിംഗ് ഖാലിദ് പാര്‍ക്ക്, അല്‍ ജൗഫിലെ അല്‍ നഖീല്‍ പാര്‍ക്ക്, തബൂക്കിലെ പ്രിന്‍സ് ഫഹദ് ബിന്‍ സുല്‍ത്താന്‍ പാര്‍ക്ക്, ഹൈലിലെ സമാ അബ്ഹ പാര്‍ക്ക്, അല്‍ ബഹായിലെ അല്‍ ഖയ്യിം പാര്‍ക്ക്, നജ്റാനിലെ അബാ റഷാഷ് പാര്‍ക്ക്, അറാറിലെ അല്‍ റിഫ പാര്‍ക്ക്, ജസാനിലെ ഹെറിറ്റേജ് വില്ലേജ് എന്നിവിടങ്ങളിലായിരിക്കും എന്റര്‍ടെയിന്‍മെന്റ് ഫെസിറ്റിവല്‍ ആഘോഷപരിപാടികള്‍ക്ക് മാറ്റുകൂട്ടുക.
18 ഇടങ്ങളില്‍ വ്യോമാഭ്യാസ പ്രകടനങ്ങള്‍
രാജ്യത്തിന്റെ നാനാ ഭാഗങ്ങളിലായി നടക്കുന്ന ദേശീയ ദിനാഘോഷ പരിപാടികളുടെ ഭാഗമായി കരിമരുന്ന് പ്രയോഗവും അധികൃതര്‍ ഒരുക്കിയിട്ടുണ്ട്. റിയാദ്, ബുറൈദ, അല്‍കോബാര്‍, മദീന, അബഹ, അല്‍ബാഹ, നജ്റാന്, ജിസാന്‍, ഹായില്‍, അറാര്‍, സകാക, തബൂക്ക്, ജിദ്ദ, തായിഫ്, അല്‍ഹസ, ഉനൈസ, ഹഫര്‍ അല്ബാത്തിന്, ദമാം എന്നിങ്ങനെ 18 സ്ഥലങ്ങളിലാണ് രാത്രി ഒമ്പത് മണിക്ക് കരിമരുന്ന് പ്രയോഗം നടക്കുക. ദേശീയ ദിനമായ 23ന് രാത്രി ഒന്‍പത് മണിക്ക് ഒരേ സമയത്താണ് 18 കേന്ദ്രങ്ങളിലും കരിമരുന്ന് ദിശ്യവിരുന്നൊരുക്കുക. 300 മീറ്റര്‍ ഉയരത്തില്‍ വരെ വിവിധ വര്‍ണങ്ങളില്‍ ഇവ വിസ്മയം തീര്‍ക്കും. ജനങ്ങള്‍ക്ക് എന്നും ദേശീയ ദിനാഘോഷത്തിന്റെ ഓര്‍മകള്‍ മനസ്സില്‍ അവശേപ്പിക്കും വിധം വിസ്മയകരമായ കാഴ്ചകളാണ് വെടിക്കെട്ട് ഉല്‍സവം സമ്മാനിക്കുകയെന്നും അധികൃതര്‍ അറിയിച്ചു.