Jul 5, 2021, 01:33 PM IST
കോഴിക്കോട്: നടനും കൊല്ലം എംഎല്‍എയുമായ മുകേഷ് വിദ്യാര്‍ഥിയോട് ഫോണിലൂടെ കയര്‍ത്തുസംസാരിച്ചതിനെ തുടര്‍ന്നുണ്ടായ വിവാദത്തില്‍ നിന്ന് തടിയൂരി സിപിഎം. വിഷയം സാമൂഹിക മാധ്യമങ്ങളും രാഷ്ട്രീയമായി കോണ്‍ഗ്രസും ഏറ്റെടുത്തതോടെ പന്തിയല്ലെന്ന് കണ്ടാണ് പാര്‍ട്ടിയുടെ ഇടപെടല്‍. കഴിഞ്ഞ ദിവസമാണ് മുകേഷും പത്താം ക്ലാസ് വിദ്യാര്‍ഥിയായ വിഷ്ണുവും തമ്മിലുള്ള ഫോണ്‍കോള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചത്. എന്ത് സഹായത്തിനാണ് വിളിച്ചതെന്ന് അന്വേഷിക്കാതെ കുട്ടിയോട് കയര്‍ത്ത മുകേഷിന്റെ ഭാഗത്ത് നിന്നുണ്ടായ പ്രതികരണം രൂക്ഷമായ വിമര്‍ശനങ്ങള്‍ക്കിടയാക്കി. ഇതേ തുടര്‍ന്നാണ് മുകേഷ് ഞായറാഴ്ച വൈകീട്ടോടെ ഫെയ്സ്ബുക്ക് വീഡിയോയിലൂടെ വിശദീകരണവുമായി രംഗത്തെത്തിയത്.
ഫോണ്‍ വിളിക്ക് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് അദ്ദേഹം ആരോപിച്ചതോടെ വിഷയം കൂടുതല്‍ ഗൗരവമുള്ളതാക്കി. തന്നെ വിളിച്ചയാള്‍ നിഷ്കളങ്കനാണെങ്കില്‍ എന്തിന് കോള്‍ റെക്കോഡ് ചെയ്യണം? ആറുതവണ എന്തിനു വിളിച്ചു. അതിനുമുന്‍പ് സംസാരിച്ചത് എന്തുകൊണ്ടാണ് പുറത്തുവിടാത്തത്? മുന്‍പും കുട്ടികളെക്കൊണ്ട് ഇതുപോലെ ഫോണ്‍ വിളിപ്പിച്ചിട്ടുണ്ട്. ഇതെല്ലാം ആസൂത്രിതമാണ്. പ്രകോപിപ്പിക്കാനാണ് ശ്രമമെന്നും അദ്ദേഹം പറഞ്ഞു. പിന്നാലെ ഫോണ്‍വിളിയിലെ ഗൂഢാലോചന സംബന്ധിച്ച് കൊല്ലം ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്‍കുമെന്നും മുകേഷ് അറിയിച്ചു.
ഇതോടെ മുകേഷിനെ വിളിച്ച കുട്ടി ആരാണെന്ന് കണ്ടെത്തുന്നതിനുള്ള ശ്രമത്തിലായി കോണ്‍ഗ്രസ് നേതാക്കളും മാധ്യമങ്ങളും. പാലക്കാട് എംപി വി.കെ.ശ്രീകണ്ഠന് ഇന്ന് രാവിലെ തന്നെ കുട്ടിയെ വീട്ടിലെത്തി സന്ദര്‍ശിച്ചു. അതിന് മുമ്പേ വിഷയത്തില്‍ സിപിഎം ഇടപെടലുണ്ടായെന്നാണ് വിവരം. വിഷയം കൂടുതല്‍ വഷളാക്കാനില്ലെന്ന നിലപാട് വീട്ടുകാര്‍ എടുത്തതോടെ കുട്ടിയുടെ പ്രതികരണം വന്ന ശേഷം മാത്രമേ പ്രതികരിക്കൂവെന്നാണ് ശ്രീകണ്ഠന് സന്ദര്‍ശനത്തിന് ശേഷം പറഞ്ഞത്.
തൊട്ടുപിന്നാലെ വിഷ്ണുവിനെ സിഐടിയുവിന്റെ ഓഫീസിലേക്ക് മാറ്റി. വിഷ്ണുവിന്റെ അച്ഛന് നാരായണന് സിഐടിയു പ്രവര്‍ത്തകനാണ്. ഒറ്റപ്പാലം മുന്‍ എംഎല്‍എ എം.ഹംസയുടെ നേതൃത്വത്തിലാണ് വിഷയം അവസാനിപ്പിക്കാനുള്ള നീക്കങ്ങള്‍ നീക്കങ്ങള്‍ നടത്തിയത്. ഒരു മണിക്കൂറോളം നേരം സിപിഎം നേതാക്കളുമായി സംസാരിച്ച ശേഷമാണ് വിഷ്ണു മാധ്യമങ്ങള്‍ക്ക് മുന്നിലെത്തി പ്രതികരണം നടത്തിയത്. തന്നോട് മുകേഷ് നടത്തിയ പ്രതികരണത്തെ ന്യായീകരിക്കുന്ന രീതിയിലായിരുന്നു പ്രതികരണം.
‘മുകേഷേട്ടനെ വിളിച്ചിരുന്നു. അപ്പോള്‍ മുകേഷേട്ടന് ഗൂഗിള്‍ മീറ്റിങ്ങിലാണെന്ന് പറഞ്ഞു. കുറച്ചുകഴിഞ്ഞ് വിളിക്കാനും പറഞ്ഞു. പിന്നീട് ഞാന്‍ ആറ് തവണ വിളിച്ചു. ആറാമത്തെ തവണ വിളിച്ചപ്പോള്‍ ഗൂഗിള്‍ മീറ്റ് കട്ടായി എന്ന് പറഞ്ഞെു മുകേഷേട്ടന് തിരിച്ചുവിളിച്ചു. ഞാന്‍ ഫോണ്‍ വിളിച്ചത് റെക്കോര്‍ഡ് ചെയ്തത് സിനിമാ നടനെ വിളിച്ചതുകൊണ്ടാണ്. സ്കൂളില്‍ ഒരുപാട് കുട്ടികള്‍ക്ക് ഫോണ്‍ ഇല്ലാത്തവര്‍ ഉണ്ട്. അതിനൊരു സഹായത്തിന് സിനിമാനടന് കൂടി അല്ലേ..അതുകൊണ്ടാണ് വിളിച്ചത്. ആറ് പ്രാവശ്യം വിളിച്ചതുകൊണ്ടാവും ദേഷ്യപ്പെട്ടത്. എനിക്കതില്‍ ഒരു പ്രശ്നവും ഇല്ല. കൂട്ടുകാരന് ഫോണ്‍ കിട്ടാനാണ് മുകേഷിനെ വിളിച്ചത്. അദ്ദേഹം ഫോണ്‍ ഇല്ലാത്തവര്‍ക്ക് ഫോണ്‍ വാങ്ങിക്കൊടുക്കുന്നതായി കേട്ടിരുന്നു. എനിക്ക് ഫോണ്‍ കിട്ടാന്‍ കുറേ ബുദ്ധിമുട്ടിയിരുന്നു. അമ്മയുടെ ശമ്പളം ഒക്കെ ഉപയോഗിച്ചാണ് ഫോണ്‍ വാങ്ങിയത്. ബാക്കിയുള്ള കുട്ടികള്‍ എത്ര കഷ്ടപ്പെടുന്നുണ്ടാകും അതുവിചാരിച്ചാണ് വിളിച്ചത്. റെക്കോര്‍ഡ് ചെയ്ത സംഭാഷണം കൂട്ടുകാരന് മാത്രമെ ഷെയര്‍ ചെയ്തുകൊടുത്തുള്ളുവെന്നും കുട്ടി വ്യക്തമാക്കി. സോഷ്യല്‍ മീഡിയയില്‍ വോയിസ് പ്രചരിക്കപ്പെട്ടത് എങ്ങനെയാണെന്ന് അറിയില്ല’ വിഷ്ണു പ്രതികരിച്ചു.
പ്രശ്നങ്ങള്‍ തീര്‍ത്തതായും വിഷ്ണു പറഞ്ഞ കുട്ടിക്ക് ഫോണ്‍ വാങ്ങി നല്‍കിയതായും സിപിഎം നേതാക്കള്‍ പിന്നീട് പ്രതികരിച്ചു. ബാലസംഘം പ്രവര്‍ത്തകനായ വിഷ്ണുവിന്റേത് പാര്‍ട്ടി കുടുംബമാണെന്ന് മുന്‍ എംഎല്‍എ എം.ഹംസ പറഞ്ഞു. കുട്ടി മുകേഷിന്റെ വലിയ ആരാധകനാണ്. നമ്പര്‍ കിട്ടിയപ്പോള്‍ എംഎല്‍എ എന്ന നിലക്ക് വിളിച്ചതാണെന്നും അദ്ദേഹം പറഞ്ഞു. മകന് തെറ്റുപറ്റിയതാണെന്ന് അച്ഛന് നാരായണനും പ്രതികരിച്ചു.
അതേ സമയം ഫോണ്‍വിളിയില്‍ ആദ്യം ഗൂഢാലോചനയുണ്ടെന്ന് പറഞ്ഞ മുകേഷ് കുട്ടിയെ കണ്ടെത്തിയതിന് ശേഷം പ്രതികരിച്ചിട്ടില്ല. ആദ്യം കോണ്‍ഗ്രസ് ഗൂഢാലോചനയാണെന്നും തനിക്കും ഇതുപോലെ അനുഭവമുണ്ടായെന്നും ആരോപിച്ച് പി.വി.അന്‍വര്‍ എംഎല്‍എ അടക്കം ഇതിനിടെ ഫെയ്സ്ബുക്കില്‍ രംഗത്തെത്തിയിരുന്നു.
കുട്ടിയെ കൊണ്ട് ഫോണ്‍ ചെയ്യിപ്പിച്ചതാണെങ്കില്‍ സിപിഎം നേതാക്കള്‍ പ്രശ്നം എന്തിന് ഒതുക്കി തീര്‍ത്തുവെന്നാണ് കോണ്‍ഗ്രസ് ഉയര്‍ത്തുന്ന ചോദ്യം. കുട്ടിയേയും കുടുംബത്തേയും സിപിഎം സമ്മര്‍ദ്ദത്തിലാക്കിയെന്ന ആരോപണവും കോണ്‍ഗ്രസ് ഉന്നയിക്കുന്നുണ്ട്. ഇതിനിടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൊല്ലത്തെ മുകേഷിന്റെ ഓഫീസിലേക്ക് മാര്‍ച്ച് നടത്തുകയും ചെയ്തിരുന്നു.
© Copyright Mathrubhumi 2021. All rights reserved.